‘ഒപ്പ’മുണ്ട് ഓട്ടോ ഡ്രൈവർ ; റേഷന്‍ വീട്ടിലെത്തും



തിരുവനന്തപുരം റേഷൻകടയിൽ പോകാൻ കഴിയാത്തവരുടെ റേഷൻ മുടങ്ങുമെന്ന പേടി ഇനി വേണ്ട. ഓട്ടോറിക്ഷയിൽ വീട്ടുപടിക്കൽ റേഷൻ വി​ഹിതം എത്തിക്കാൻ  ഭക്ഷ്യപൊതുവിതരണവകുപ്പ് നടപ്പാക്കുന്ന  ‘ഒപ്പം' പദ്ധതിയാണ്‌ ഇവർക്ക്‌ സഹായമാകുന്നത്‌.  അതിദാരിദ്ര്യ പട്ടികയിലുള്ള ​ഗുണഭോക്താക്കളിൽ കടയിലെത്തി റേഷൻ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉപകരിക്കുന്ന വിധത്തിലാണ് ഒപ്പം നടപ്പാക്കുന്നത്. ​     ഗുണഭോക്താക്കളുടെയും റേഷൻകടയു‍ടെയും രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തിലാണ് വിതരണം നടക്കുക. ഓട്ടോറിക്ഷക്കാർ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി കടയിൽനിന്ന് വീടുകളിലേക്ക് സൗജന്യമായി സാധനങ്ങൾ എത്തിച്ചുകൊടുക്കും. എല്ലാമാസവും പത്തിനകം ​ഗുണഭോക്താക്കളിലേക്ക് റേഷൻ എത്തിക്കാനാണ് തീരുമാനം. ഇ–- പോസ് മെഷീൻ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരി​ഗണിച്ച്, ​ഗുണഭോക്താക്കൾക്ക് താൽക്കാലിക രസീത് ഓട്ടോറിക്ഷ തൊഴിലാളികളുടെ പക്കൽ കൊടുത്തുവിടും. റേഷൻ കൈപ്പറ്റിയത് ​ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് ഇ–- പോസ് മെഷീനിൽ രേഖപ്പെടുത്തുന്നത്. ഒപ്പം പദ്ധതിയുടെ സുതാര്യത നിലനിർത്താൻ താലൂക്ക്തല ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. സജിത്‌ ബാബു ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം തൃശൂരിലാണ് നടപ്പാക്കുന്നത്. തുടർന്ന് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശൂരിൽ 13ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും. Read on deshabhimani.com

Related News