പാതിരാ പെയ്‌ത്തിൽ പൊട്ടിയൊഴുകി; വിറങ്ങലിച്ച്‌ പെട്ടിമുടി താഴ്‌വാരം



മുൻകാലത്ത്‌ 30ൽ പരം മണ്ണിടിച്ചിൽ; ഏറെയും പാതിരാവിൽ. പ്രതിരോധം അസാധ്യമായ സമയത്തെ അപകടത്തിൽ ഇതുവരെ 160ലധികം പേരുടെ ജീവനാണ്‌ പൊലിഞ്ഞത്‌ ഇടുക്കി  > പാതിരാ പെയ്‌ത്തിൽ മൂന്നാറിൽ പൊട്ടിയൊഴുകിയത്‌ നിലയ്‌ക്കാത്ത കണ്ണീരുറവകൾ. ആനമുടിമേൽ പെയ്‌തിറങ്ങിയ പേമാരിയിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണ്‌ പെട്ടിമുടി താഴ്‌വാരം. മലയിടിഞ്ഞിറങ്ങിയ ഈ  ദുരന്തവും കർക്കടക രാവിൽതന്നെ. 76 പേരുടെ ജീവൻ മണ്ണാഴങ്ങളിലേക്ക്‌ പോയ കവളപ്പാറ, പുത്തുമല ദുരന്തത്തിന്‌ ഒരുവർഷം തികയുമ്പോഴാണ്‌ ഈ നടുക്കുന്ന വാർത്തയും.  അരനൂറ്റാണ്ടിനിടെ ഇടുക്കിയിലുണ്ടായ 30ൽപരം വലിയ ഉരുൾപൊട്ടലിൽ ഏറെയും പാതിരാവിലും പുലർച്ചെയുമാണ്‌. പ്രതിരോധം അസാധ്യമായ സമയത്തെ അപകടത്തിൽ ഇതുവരെ 160ലധികം പേരുടെ ജീവനാണ്‌ പൊലിഞ്ഞത്‌.   ഇരവികുളം രാജമലയ്‌ക്കടുത്ത്‌ പെട്ടിമുടിയിൽ വ്യാഴാഴ്‌ച രാത്രി 11.30 ഓടെയാണ്‌ മണ്ണും കല്ലും നിറഞ്ഞ മലയിടിഞ്ഞിറങ്ങിയ ഉരുൾപൊട്ടലിൽ നാല്‌ എസ്‌റ്റേറ്റ്‌ ലയങ്ങൾ ഒലിച്ചുപോയത്‌. ആദ്യം ചെറിയ വിറയൽ, തുടർന്ന്‌ വലിയ ശബ്ദത്തോടെ മലമുകളിൽനിന്ന്‌ ആർത്തലച്ചുവന്ന മലവെള്ളം;  നിമിഷങ്ങൾക്കകം എല്ലാം തകർത്തതായി പ്രദേശവാസികൾ പറഞ്ഞു. ഒന്നും ചെയ്യാനാവാത്ത നിസ്സഹായത അവരുടെ വാക്കുകളിലും കണ്ണീരിലും നിഴലിച്ചു. സമീപ ലയങ്ങളിലുള്ളവർ അറിഞ്ഞുവന്നപ്പോഴേക്കും  എല്ലാം അപ്രത്യക്ഷമായി. വീടുകളുള്ള സ്ഥലം വെറും കല്ലുംമണ്ണും നിറഞ്ഞ ദുരന്തഭൂമിയായി. ഒരാഴ്‌ചയായി തുടരെ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ വൈദ്യുതി ബന്ധം നിലച്ചിരുന്നു. മൊബൈൽ കവറേജ്‌ കുറവുള്ള മേഖലയായതിനാൽ പുറംലോകം അറിയാനും വൈകി. കെഡിഎച്ച്‌പി നയമക്കാട്‌ എസ്‌റ്റേറ്റ്‌ പെട്ടിമുടി ഡിവിഷനിലെ ഈ ലയങ്ങളിൽ ഏതാണ്ട്‌ 25 മുതൽ 30 കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. സമീപ ലയങ്ങളിലെല്ലാം കൂടി 300ഓളം തോട്ടം തൊഴിലാളികൾ താമസിക്കുന്നു. കോവിഡ്‌ കാലമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വീടുകളിലുണ്ടായിരുന്നു. ഉരുൾപൊട്ടൽവിവരം അറിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ്‌ നടക്കുന്നത്‌. ഇടുങ്ങിയ കാട്ടുപാതയും പ്രതികൂല കാലാവസ്ഥയും കോവിഡ്‌ മഹാമാരിയുമെല്ലാം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്‌ക്കാതെയാണ്‌ പ്രവർത്തനം പുരോഗമിക്കുന്നത്‌. സംസ്ഥാനത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്‌ ആനമുടി. ഇടമലക്കുടിയിലേക്കുള്ള വനപാതയുടെ ഭാഗമായ ഈ വഴി വളരെ ഇടുങ്ങിയതും ദുർഘടവും. പെട്ടിമുടിയിലേക്ക്‌ മൂന്നാറിൽനിന്ന്‌ 30 കിലോ മീറ്റർ ദൂരം. പലയിടങ്ങളിലും ഒരുവാഹനത്തിന്‌ കഷ്ടിച്ച്‌ പോകാൻകഴിയുന്ന സ്ഥിതി യാത്ര ക്ലേശകരമാക്കുന്നു‌.  കാറ്റും പേമാരിയും തുടരുന്നത്‌ മലമടക്കുകളിലെ നിവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്‌. പാതിരാവിൽ പതിയിരുന്ന ദുരന്തങ്ങളേറെയുണ്ട്‌. മൂന്നാർ, പഴമ്പള്ളിച്ചാൽ, വാളറ, കുന്തളംപാറ, കോമ്പയാർ, ഉപ്പുതോട്‌, വെള്ളിയാമറ്റം, നാൽപ്പതേക്കർ, കൂമ്പൻപാറ, നാടുകാണി തുടങ്ങിയ മേഖലകളിലെ  ഉരുൾപൊട്ടലിന്റെ പൊള്ളുന്ന ഓർമയിലാണ്‌ മലയോരവാസികൾ. ഉരുൾപൊട്ടലല്ല, മണ്ണിടിച്ചിൽ ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഭാഗമാണ്‌ ദുരന്തമുണ്ടായ പെട്ടിമലയിലെ പ്രദേശങ്ങൾ. എന്നാൽ, ഇപ്പോൾ ദുരന്തമുണ്ടായ ഭാഗം തീവ്രമായ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമല്ല. ഉരുൾപൊട്ടലല്ല കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ്‌ ഇവിടെയുണ്ടായതെന്നാണ്‌ ശാസ്‌ത്രീയ നിഗമനം. ഉരുൾപൊട്ടൽ കനത്ത മഴ പെയ്യുമ്പോൾ സംഭരിക്കാവുന്നതിനേക്കാളും കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭജലത്തിന്റെ അളവ്‌ കൂടുന്നതിനനുസരിച്ച്‌ മണ്ണിനടിയിൽ മർദം വർധിക്കും. ഈ മർദം താങ്ങാനാകാതെ വെള്ളം പുറത്തേക്ക്‌ ശക്തിയിൽ കുതിക്കും. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും ഒന്നാകെ കുത്തിയൊലിച്ച്‌ പോകും. ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കൂടുതൽ.  ഉരുൾപൊട്ടൽ  സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജിവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് മുൻകരുതൽ നടപടി സ്വീകരിക്കുക. മണ്ണിടിച്ചിൽ ഒരുസ്ഥലത്തെ ഒരുപാളി മണ്ണ് ഒന്നാകെ ഒലിച്ചുപോരുന്ന അവസ്ഥയാണ് മണ്ണിടിച്ചിൽ.  ഉരുൾപൊട്ടൽപോലെ ഭീകരമല്ലെങ്കിലും ജനവാസമേഖലയിൽ കനത്ത നാശത്തിന്‌ കാരണമാകും. പെയ്യുന്ന മഴവെള്ളം തങ്ങിനിന്ന് മൃദുവായ ഭാഗത്തെ മണ്ണ് ഇളകി ഒലിച്ചു പോരുന്നതിനാൽ ഒരുപ്രദേശത്തുമാത്രമേ നാശമുണ്ടാകൂ. ഭീകരമായ വെള്ളപ്പാച്ചിൽ മണ്ണിടിച്ചിലിനോടൊപ്പം ഉണ്ടാകാറില്ല. പെട്ടിമലയുടെ താഴ്‌വാരത്ത്‌ ജനവാസമേഖലയായതിനാലാണ്‌ ഇത്ര ഭീകരമായ നഷ്ടമുണ്ടായത്‌. കഴിഞ്ഞവർഷം പുത്തുമലയിലും സമാനമായ മണ്ണിടിച്ചിലാണ്‌ ഉണ്ടായത്‌. കൂടുതൽ ദുരന്ത പ്രതികരണ സേന സംസ്ഥാനത്ത്‌ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതൽ സംഘങ്ങൾ സംസ്ഥാനത്തെത്തി. വെള്ളിയാഴ്‌ച രാവിലെ എത്തിയ രണ്ടു സംഘങ്ങളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു. ശനിയാഴ്‌ച രാവിലെ മൂന്ന് ടീമിനെ തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണസേനയുടെ പത്ത് ടീമിനെയാണ്‌ സംസ്ഥാനം കാലവർഷത്തിന്റെ തുടക്കത്തിൽ ആവശ്യപ്പെട്ടത്. ഒന്നാം ഘട്ടത്തിൽ നാല് ടീമിനെ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എസ്റ്റേറ്റുകളിലെ തൊഴിലാളി ക്യാമ്പുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. സർക്കാർ സംവിധാനങ്ങൾ ഒത്തൊരുമിച്ചു രാജമല ദുരന്തവിവരമറിഞ്ഞത‌് മുതൽ കൃത്യമായ ഇടപെടലാ‌ണ‌് സർക്കാരിന്റെ ഭാഗത്ത‌് നിന്നുണ്ടായത‌്. വെ‌ളളിയാഴ്ച രാവിലെ  അപകടവിവരം പുറംലോകമറിഞ്ഞതോടെ പൊലീസും ഫയർഫോഴ‌്സും റവന്യൂ അധികൃതരും സ്ഥലത്തേക്ക‌് കുതിച്ചു. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. വൈകിട്ടോടെ പെരിയവരെ പാലം താൽകാലികമായി പുനർനിർമിച്ചു.   കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ‌് റെസ‌്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക‌് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ സംഘത്തെ നിയോഗിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയക്കുമെന്നും അറിയിച്ചു. Read on deshabhimani.com

Related News