സ്‌കൂളിൽ തുടങ്ങിയ ആ "ട്രിവാൻഡ്രം ഗ്യാങ്'; കഥ പോലും അറിയാതെ എന്റെ സിനിമയിൽ അഭിനയിക്കുന്ന വിശ്വാസം: പ്രിയദർശൻ



പ്രായം ഏശാത്ത നടനാണ്‌ മോഹൻലാൽ. അദ്ദേഹത്തിന്‌ എത്ര പ്രായമായാലും മലയാളസിനിമയുടെ ഭാഗമായി എന്നുമുണ്ടാകും. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കലാകാരന്മാർക്കുമാത്രമാണ്‌ അങ്ങനെ തുടരാനാകുക. അത്‌ മോഹൻലാലിന്‌ കഴിഞ്ഞു എന്നതു തന്നെയാണ്‌ അദ്ദേഹത്തിലെ അതുല്യ കലാകാരന്റെ വിജയം. ഞാനും ലാലും തമ്മിലുള്ള അടുപ്പത്തെകുറിച്ച്‌ ഇനിയും പറയേണ്ട കാര്യമില്ല. അതെല്ലാം പലപ്പോഴായി മലയാളികൾ വായിച്ചും അല്ലാതെയുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട്‌ ലാൽ എന്ന നടനെ കുറിച്ച്‌ പറയാം. വലിയ താരമാകണമെന്ന്‌ മോഹിച്ച്‌ സിനിമാ രംഗത്തുവന്നയാളല്ല ലാൽ. എന്നാൽ ജന്മസിദ്ധമായി അഭിനയശേഷിയുണ്ട്‌. അത്‌ അങ്ങേയറ്റം സ്വാഭാവികവും നൈസർഗികവുമാണ്‌. അതൊന്നും പ്രകടിപ്പിക്കാൻ അവസരമന്വേഷിച്ച്‌ പോയിട്ടില്ലെന്ന്‌ മാത്രം. സ്‌കൂൾ പഠനകാലത്ത്‌ എന്റെ ജൂനിയറായിരുന്നു. ആറാംക്ലാസ്‌ വിദ്യാർഥിയായിരിക്കെയാണ്‌ കുട്ടകം കുട്ടൻപിള്ള എന്ന നാടകത്തിൽ അഭിനയിച്ച്‌ ലാൽ മികച്ച നടനുള്ള സമ്മാനം നേടിയത്‌. അതിന്‌ മുമ്പും ശേഷവും ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ്‌ സ്‌കൂളിൽ ആ നേട്ടം കൈവരിച്ചിട്ടുള്ളത്‌. ജന്മനാ ഉള്ള ലാലിന്റെ നടന വൈഭവത്തെക്കുറിച്ചു പറയാൻ മാത്രമാണ്‌ ഇക്കാര്യം സൂചിപ്പിച്ചത്‌. പിന്നീട്‌ എല്ലാവർക്കും അറിയാവുന്നതു പോലെ സുഹൃത്തുക്കളുടെ ഉത്സാഹം കൊണ്ടു മാത്രമാണ്‌ ലാലിന്‌ ആദ്യ സിനിമയിൽ അവസരം കിട്ടുന്നതുപോലും. അപ്പോഴും വലിയ താരമാകണമെന്ന മോഹമൊന്നും ഉണ്ടായിട്ടില്ല. അദ്ദഹം ചെയ്‌ത കഥാപാത്രം ഏതായാലും സാധാരണക്കാരായ ആസ്വാദകർ നെഞ്ചേറ്റി. അവരുടെ വീട്ടിലോ അയൽപക്കത്തോ നാട്ടിലോ കണ്ടുപരിചയമുള്ളവരുമായി ആ കഥാപാത്രങ്ങൾക്ക്‌ സാമ്യമുണ്ടായരുന്നിരിക്കണം. അല്ലെങ്കിൽ ലാലിന്റെ സാന്നിധ്യത്തിലൂടെ അവർ ആ അടുപ്പം അനുഭവിച്ചിരുന്നിരിക്കണം. അതു തന്നെയാണ്‌ അദ്ദേഹത്തെ മലയാളം കണ്ട എക്കാലത്തെയും വലിയ താരമായി വളർത്തിയത്‌. നാൽപ്പതുവർഷമായി ആ സ്ഥാനം ഇളക്കമില്ലാതെ തുടരുന്നു. നിമിഷാർദ്ദംകൊണ്ടു കഥാപാത്രമാകാനും അതിൽ നിന്ന്‌ പുറത്തു കടക്കാനും ലാലിന്‌ എങ്ങനെ സാധിക്കുന്നുവെന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. ലാൽ മനുഷ്യരെ നന്നായി നിരീക്ഷിക്കുന്നയാളാണ്‌. യാത്രയിലും മറ്റ്‌ അവസരങ്ങളിലുമൊക്കെ ലാൽ ആളുകളെ നോക്കിക്കൊണ്ടിരിക്കുന്നതു കാണാം. അവരുടെ എന്തെങ്കിലും പ്രത്യേകതകളെ കുറിച്ച്‌ പറയും. ഇതൊക്കെ അറിഞ്ഞോ അറിയാതെയൊ ലാലിന്റെ സ്വാഭാവികവും നൈസർഗികവുമായ നടനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ്‌ തോന്നിയിട്ടുള്ളത്‌. എത്ര വ്യത്യസ്‌ത വേഷങ്ങളാണ്‌ അദ്ദേഹം ചെയ്‌തത്‌. തോളിന്റെ സ്വതസിദ്ധമായ ചെരുവില്ലാതെ മറ്റെല്ലാം ഓരോ കഥാപാത്രത്തിനും വ്യത്യസ്‌തം.ഓരോ അംഗത്തിലും അത്‌ വേറിട്ട്‌ കാണാം. ലാലിന്‌ അഭിനയിക്കാൻ കണ്ണ്‌ മാത്രം മതിയെന്ന്‌ പോലും തോന്നിയിട്ടുണ്ട്‌.   സിനിമയിൽ വന്ന കാലത്തുള്ള അതേ ഊർജം ലാലിന്റെ ഹൃദയത്തിൽ ഇന്നുമുണ്ട്‌. ഏറ്റവുമൊടുവിൽ ചെയ്‌ത കുഞ്ഞാലി മരയ്‌ക്കാർ എന്ന ചിത്രത്തിൽ ലാൽ ചെയ്‌ത സംഘട്ടന രംഗങ്ങൾ തായ്‌ലന്റിൽ നിന്നുവന്ന സ്‌റ്റണ്ട്‌ മാസ്‌റ്റർമാരെ പൊലും അൽഭുതപ്പെടുത്തി. ചില രംഗങ്ങൾ എടുക്കും മുമ്പ്‌ അവർ പറയും ഡ്യൂപ്പിനെ വെക്കാമെന്ന്‌. ലാൽ സമ്മതിക്കില്ല. ഞാൻ ചെയ്‌തു നോക്കട്ടെ എന്നിട്ട്‌ പോരെ എന്ന്‌ ചോദിച്ച്‌ ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കും. പ്രിയദർശൻ എന്ന സിനിമാക്കാരനെ രൂപപ്പെടുത്തിയതിൽ മോഹൻലാൽ എന്ന അഭിനേതാവിനുള്ള പങ്ക്‌ ചെറുതല്ല. മരയ്‌ക്കാർ ആണെങ്കിൽ പോലും സാധാരണക്കാരന്‌ രസിക്കുന്ന രീതിയിൽ സിനിമയെടുക്കാൻ കഴിയുന്നത്‌ ലാലിനെ പോലെ സാധാരണക്കാർ ഇഷ്‌ടപ്പെടുന്ന നടനുമായി ചെയ്‌ത സിനിമകളിലൂടെ ലഭിച്ച ശിക്ഷണത്തിലൂടെയാണ്‌. കഥ പോലുമറിയാതെ എന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. കഥയൊക്കെ സിനിമ കണ്ട്‌ മനസിലാക്കിക്കോളാമെന്നാണ്‌ ലാൽ പറയാറ്‌. കാഴ്‌ചപ്പാടുകളിലെ സമാനതയും പൊരുത്തവുമാണ്‌ ആ വിശ്വാസത്തിന്റെ ബലം. മലയാളമുള്ളിടത്തോളം ലാലുമുണ്ടാകും. പിറന്നാൾ ആഘോഷിക്കുന്നില്ലെന്നാണ്‌ ലാൽ പറഞ്ഞത്‌. നമ്മളെ ഇഷ്‌ടപ്പെടുന്ന ഒരുപാടാളുകൾ വലിയ പ്രയാസമനുഭവിക്കുമ്പോൾ അതു പാടില്ല. അമ്മയും ഭാര്യയും മകനും മാത്രമായി വീട്ടിൽ പിറന്നാൾ ആഘോഷിക്കുമെന്നും കഴിഞ്ഞ ദിവസവും ഫോണിൽ വിളിച്ചപ്പോൾ ലാൽ പറഞ്ഞു. Read on deshabhimani.com

Related News