പ്രസീതിന്റെ പാടത്തുണ്ട്‌, ധ്യാനബുദ്ധൻ

പ്രസീതിന്റെ പാടത്തൊരുക്കിയ ശ്രീബുദ്ധന്റെ ചിത്രം ഹെലിക്യാം ഉപയോഗിച്ച്‌ പകർത്തിയപ്പോൾ


കൽപ്പറ്റ ബത്തേരി നമ്പിക്കൊല്ലിയിൽ പ്രസീതിന്റെ പാടത്ത്‌ വന്നാൽ ധ്യാനബുദ്ധനെ  കാണാം. ചമ്രം പടിഞ്ഞ്‌, വയലിൽ ധ്യാനത്തിലാണ്‌ ശ്രീബുദ്ധൻ. പ്രകാശവലയവും ദേഹത്തിട്ട മുണ്ടും വിരിപ്പും അതേപടി പകർത്തിയിട്ടുണ്ട്‌, പച്ചവിരിച്ച പാടത്ത്‌ ശാന്തനായി തപസ്സിരിക്കുകയാണ്‌ ബുദ്ധൻ.  നെൽകൃഷിയിൽ എന്നും പുതുമകൾ പരീക്ഷിക്കുന്ന  ബത്തേരിയിലെ കർഷകൻ  പ്രസീത്‌ കുമാർ തയ്യിലാണ്‌ തന്റെ നെൽപ്പാടത്ത്‌ ശ്രീബുദ്ധന്റെ വയൽചിത്രം (പാഡി ആർട്ട്‌) ഒരുക്കിയത്‌. രണ്ടരയേക്കർ വയലിൽ  30 സെന്റ്‌ സ്ഥലത്താണ്‌ 32 മീറ്റർ നീളവും വീതിയുമുള്ള ചിത്രം ഒരുക്കിയത്‌. കടുംവയലറ്റ്‌, ഇളം മഞ്ഞ, പച്ച നിറങ്ങളിലുള്ള നെല്ലിനങ്ങളായ നെസർബാത്ത്‌, രക്തശാലി, ചിന്നാർ, ജീരകശാല എന്നിവയാണ്‌ ഉപയോഗിച്ചത്‌. 60 ദിവസമെത്തിയ നെൽച്ചെടികൾ ഡിസംബറോടെ കൊയ്യാനാവും. കതിരിട്ട നെല്ലിലെ ശ്രീബുദ്ധൻ മനോഹരമായ കാഴ്‌ചയായിരിക്കുമെന്ന്‌ പ്രസീത്‌ പറഞ്ഞു. എവൺ ആർട്‌സ്‌ പ്രസാദ്‌, സഹായികളായ മാടക്കുണ്ടേൽ വിജയൻ, ആത്താർ വിജയൻ എന്നിവരാണ്‌ ചിത്രം വരച്ചത്‌. പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിലാണ്‌ വയൽ ചിത്രം ഒരുക്കുന്നതെന്ന്‌ 125 നെൽവിത്തുകളുടെ സംരക്ഷകനായ പ്രസീത്‌ കുമാർ പറഞ്ഞു. ചിത്രം കാണാനെത്തുന്ന കർഷകരും ടൂറിസ്‌റ്റുകളും അപൂർവയിനം വിത്തുകൾ കൊണ്ടുപോകുക വഴി വിത്തുകളുടെ പ്രചാരത്തിനും സംരക്ഷണത്തിനും വഴിയൊരുക്കും. ആറുവർഷമായി വയലിൽ ചിത്രങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ട്‌. ഇന്ത്യയുടെ ഭൂപടം, ഗുരുവായൂർ കേശവൻ, കഴുകൻ, പ്രണയമീനുകൾ, വിവേകാനന്ദൻ എന്നിവ മുമ്പ്‌ ഒരുക്കിയിരുന്നു. വിവിധതരം നെല്ലിനങ്ങളുടെ കലവറയാണ്‌ പ്രസീതിന്റെ പാടശേഖരം. ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാരവും നിരവധിതവണ സംസ്ഥാന–-ജില്ലാ കർഷക അവാർഡും നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News