ആ നാദധാരയ്‌ക്ക്‌ അറുപതാണ്ട്‌

ഗായിക പി ലീലയെ 1984ലെ ചെമ്പൈ സംഗീതോത്സവത്തില്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതർ ആദരിക്കുന്നു


ഗുരുവായൂർ ​ഹരിനാമ കീർത്തനങ്ങളും മേൽപ്പത്തൂരിന്റെ നാരായണീയവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ജനസഹസ്രം ആറ്‌ പതിറ്റാണ്ടായി കേട്ട് സായൂജ്യമണഞ്ഞത് ഗായിക പി ലീലയുടെ നാദധാരയിലൂടെ. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുനാൾ പോലും മുടങ്ങാതെ നിർമാല്യം തൊഴാനെത്തിയവർ ഇവ കേട്ടു. 1961ലാണ് മൂന്ന് കൃതികളുടെയും സംഗീതാവിഷ്കാരം യാഥാർഥ്യമായത്. അതേ വർഷം സെപ്‌തം. 22 മുതൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ ഗ്രാമഫോണിൽ നാരായണീയം വച്ചുതുടങ്ങി. മൂന്ന് കൃതികളും ​ഗാനങ്ങളായി റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും കേൾപ്പിക്കാനും തീരുമാനിച്ചത് അന്നത്തെ കൃഷ്ണനാട്ടം സുപ്രണ്ടായിരുന്ന എ സി ജി രാജയുടെയും മാധ്യമപ്രവർത്തകൻ എസ് പി നായരുടെയും ശ്രമഫലമായാണ്‌. തുടർന്ന് തിരുവനന്തപുരം ഹിന്ദുമത ധർമസ്ഥാപന കമീഷണർക്ക് കത്തയച്ച്‌ അനുമതിയും വാങ്ങി. ക്ഷേത്രം അധികാരികൾ എം എസ് സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാൻ തീരുമാനിച്ചു. അവർ ഉത്തരേന്ത്യൻ സം​ഗീത പര്യടനത്തിൽ ആയിരുന്നതിനാൽ, എം എൽ വസന്തകുമാരിയെയും  ഡി കെ പട്ടമ്മാളിനെയും ആലോചിച്ചെങ്കിലും ഒടുവിൽ അവസരം ലഭിച്ചത് പി ലീലയ്‌ക്ക്‌. ലീലയുടെ പിതാവ് കുഞ്ഞൻ മേനോനുമായി സംസാരിച്ചുറപ്പിച്ചു. ഡോ. എസ് കെ നായരും ഡോ. കുഞ്ചുണ്ണി രാജയും ചേർന്ന് ലീലയെ സംസ്കൃതം പഠിപ്പിച്ച ശേഷമാണ് ​കൃതികൾ ആലപിച്ചത്. നാരായണീയം, ഹരിനാമ കീർത്തനം എന്നീ കാവ്യങ്ങളുടെ സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിയായിരുന്നു. ജയവിജയന്മാരാണ്‌ ജ്ഞാനപ്പാനയുടെ സംഗീതസംവിധാനം നിർവഹിച്ചത്‌. മദ്രാസ് എവിഎം സ്റ്റുഡിയോയിലെ റെക്കോർഡിങ്ങിന് ശേഷം 1961 സെപ്തം. 21ന് ക്ഷേത്രത്തിന് കൈമാറിയ ​ഗ്രാമഫോൺ റെക്കോർഡുകൾ 22ന് പുലർച്ചെ മുതൽ എന്നും ഗുരുവായൂർ ക്ഷേത്രത്തിൽ കേൾക്കാം. പാലക്കാട് ചിറ്റൂർ സ്വദേശിനിയായ പി ലീല 27–-ാം വയസ്സിലാണ് ​നാരായണീയം ആലപിച്ചത്. ഭൂപാള രാ​ഗത്തിലും ശങ്കരാഭരണത്തിലും രാഗമാലികയിലുമാണ് ഇവ ആലപിച്ചത്. അന്ന്‌ അത്ര പ്രശസ്‌തയല്ലാതിരുന്ന ലീല പിന്നീട്‌ തെന്നിന്ത്യൻ സിനിമാ സംഗീത ലോകം കണ്ട മികച്ച ഗായികമാരിലൊരാളായി. Read on deshabhimani.com

Related News