ഒപ്പംനിന്ന്‌ കുത്തി ബിജെപി ; അധികാരഭ്രമം നിതീഷിനെ ബിജെപിയുടെ തടവുകാരനാക്കി

photo credit twitter


ന്യൂഡൽഹി ബിഹാറിൽ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്‌ ദുരന്തനായകന്റെ പരിവേഷം. ബിജെപിയുടെ പ്രതിസന്ധികാലങ്ങളിൽ അവരെ മുഖംമിനുക്കാൻ സഹായിച്ച നിതീഷിനോട്‌ അമിത് ‌ഷായും സംഘവും  ഉപകാരസ്‌മരണ കാട്ടിയില്ല. എൽജെപി അധ്യക്ഷൻ ചിരാഗ്‌ പാസ്വാനെ ഉപയോഗിച്ച്‌ നിതീഷിനെയും ജെഡിയുവിനെയും നിർണായകഘട്ടത്തിൽ ബിജെപി കണക്കിനു ദ്രോഹിച്ചു. ആദർശധീരനായി അറിയപ്പെടാൻ ആഗ്രഹിച്ച നിതീഷ്‌ പ്രധാനമന്ത്രിസ്ഥാനത്തേ‌ക്കുവരെ പറഞ്ഞുകേട്ട പേരാണ്‌. അതേസമയം അധികാരഭ്രമം അദ്ദേഹത്തെ ബിജെപിയുടെ തടവുകാരനാക്കി. വാജ്‌പേയ്‌ മന്ത്രിസഭയിൽ അംഗമായിരിക്കെ ഗുജറാത്ത്‌ വംശഹത്യയെ വിമർശിച്ച്‌ നിതീഷ്‌ എൻഡിഎ വിടാനൊരുങ്ങി. കലാപം വരുത്തിയ പ്രതിച്ഛായനഷ്ടം പരിഹരിക്കാൻ നിതീഷും ജോർജ്‌ ഫെർണാണ്ടസും അടങ്ങിയ സമത പാർടിയുടെ സാന്നിധ്യം വാജ്‌പേയിക്ക്‌ വേണമായിരുന്നു. ഇവരെ വാജ്‌പേയി ‌‌അനുനയിപ്പിച്ച്‌ നിർത്തി. പിന്നീട്‌ ജെഡിയു രൂപീകരിക്കുകയും 2005ൽ ബിജെപി പിന്തുണയോടെ  ബിഹാർ മുഖ്യമന്ത്രിയുമായി. റോഡുകൾ നിർമിച്ചും വിദ്യാഭ്യാസമേഖലയിൽ ചില്ലറ ഇടപെടലുകൾ നടത്തിയും‌ കൈയടി നേടി. 2010ൽ എൻഡിഎ വീണ്ടും അധികാരത്തിൽ വന്നെങ്കിലും 2013ൽ നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ ബന്ധം ഉപേക്ഷിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച്‌ മത്സരിച്ച ജെഡിയുവിന്‌ ലഭിച്ചത്‌ രണ്ട്‌ സീറ്റു‌മാത്രം‌.  പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌  ജിതൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. മാഞ്ചി സ്വന്തം വഴിയിൽ നീങ്ങിയതോടെ വീണ്ടും സാരഥ്യം ഏറ്റെടുത്തു. മാഞ്ചി പാർടിയിൽനിന്ന്‌ പുറത്തായി. 2015ൽ മഹാസഖ്യത്തിന്റെ ബലത്തിൽ അധികാരത്തിൽ വന്ന നിതീഷ്‌ മദ്യനിരോധനം പോലുള്ള നടപടികളിലൂടെ വാർത്തകൾ സൃഷ്ടിച്ചു. രണ്ട്‌ വർഷം കഴിഞ്ഞപ്പോൾ കടുത്ത രാഷ്ടീയവഞ്ചനയിലൂടെ വീണ്ടും ബിജെപിക്കൊപ്പം. ഭരണം വിവാദങ്ങളിലും അഴിമതിആരോപണങ്ങളിലും കുടുങ്ങി. മുഖ്യമന്ത്രിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ എൽജെപി എൻഡിഎ വിട്ടു. പ്രചാരണത്തിൽ  മുഖ്യമന്ത്രിയെ പരിഹസിച്ച എൽജെപി അധ്യക്ഷന്‌ ബിജെപിയുടെ പിന്തുണ  ലഭിച്ചു. യോഗങ്ങളിൽ കല്ലേറും ചെരിപ്പേറും കിട്ടിയതോടെ നിതീഷ്‌ സൗമ്യഭാവം വെടിഞ്ഞു. താൻ നേരിടുന്ന അവസാന തെരഞ്ഞെടുപ്പാണെന്ന്‌ അദ്ദേഹത്തിന്‌ പ്രഖ്യാപിച്ചു. ഫലം വന്നപ്പോൾ ജെഡിയു ബിജെപിക്ക്‌ പിന്നിലാവുകയും ചെയ്‌തു. Read on deshabhimani.com

Related News