‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’...'ചുവന്ന' സിനിമകളിലൂടെ തുടരുന്നു



സാമൂഹ്യ മുന്നേറ്റങ്ങൾക്ക്‌ ഗതിവേഗം പകർന്ന തോപ്പിൽഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകം തിരശ്ശീലയിൽ അനശ്വരമായിട്ട്‌ 2021 സെപ്തംബര്‍ 11ന് അമ്പത്തിയൊന്നു വര്ഷം തികയുന്നു. കെപിഎസി നാലായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ച നാടകം 18 വർഷത്തിന്‌ ശേഷം 1970 സെപ്‌തംബർ 11നാണ്‌ സിനിമയായി തീയറ്ററിലെത്തിയത്‌... സാജു ഗംഗാധരന്‍ എഴുതുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന കെ.പി.എ.സി. നാടകത്തെ കുറിച്ച് പറയാതെ 1950കളിലെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം പറയാന്‍ സാധിക്കില്ല. പ്രക്ഷുബ്ധമായ ആ കാലത്തിനു മേല്‍ അത്രമേല്‍ ഇഴ ചേര്‍ന്ന് കിടക്കുന്ന സര്‍ഗ്ഗാത്മക ധാരയാണ് തോപ്പില്‍ ഭാസിയുടെ തൂലികയില്‍ നിന്നും പിറന്നുവീണ, പ്രതിഭാധനരായ ഒരു സംഘം കലാകാരന്‍മാരിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ട, ഈ നാടകം.  അക്കാലത്തെ കേരളത്തിലെ ഓരോ ഗ്രാമത്തിനും ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനുണ്ടാകും. സമീപ കാലത്തിറങ്ങിയ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പ്രഭാകരന്റെ ‘ഞാന്‍ മാത്രമല്ലാത്ത ഞാന്‍’ എന്ന ആത്മകഥാ പുസ്തകത്തില്‍ ആ അനുഭവത്തെ ഇങ്ങനെ വിശദീകരിക്കുന്നു. "ഞങ്ങളുടെ വീട് നിന്നിരുന്ന എരിപുരത്തു നിന്ന് കുറച്ചകലെയുള്ള മണ്ടൂര് എന്ന സ്ഥലത്താണെന്ന് മങ്ങിയ ഓര്‍മ്മയുണ്ട്, ഒരു ദിവസം ഒരു നാടകം കളിച്ചു. അത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തന്നെ ആയിരുന്നുവെന്ന് ഇന്ന് ഞാന്‍ കരുതുന്നു. 1956 അവസാനമോ 57 ആദ്യമോ ആയിരുന്നിരിക്കണം ആ നാടകാവതരണം. നാടകത്തിന്റെ ഒടുവില്‍ ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് കുറച്ചുപേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മൈതാനത്തുള്ള മുഴുവന്‍ ആളുകളും ഒന്നിച്ചു കയ്യടിച്ചു. ചിലര്‍ ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിച്ചു." ഇത് വടക്കന്‍ കേരള ത്തിലെ ഒരു കേരളീയ ഗ്രാമത്തില്‍ നിന്നുള്ള അനുഭവം.    1952 ഡിസംബര്‍ ആറാം തീയതി രാത്രി ഒന്‍പതു മണിക്ക്, ചവറയിലെ തട്ടാശ്ശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദര്‍ശനാ തിയേറ്ററിലാണ് കേരള രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിലെ പുതുയുഗപ്പിറവിക്ക് തുടക്കമായത്. തോപ്പില്‍ ഭാസി ഒളിവില്‍ കഴിയുന്ന ദിനങ്ങളില്‍ സോമന്‍ എന്ന പേരില്‍ എഴുതിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ ഉദ്ഘാടന അവതരണം ആയിരുന്നു അന്ന്. കെ. പി. എ. സിയുടെ രണ്ടാമത്തെ നാടകമായിരുന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. നാടകത്തിന്റെ ആദ്യ ദിനത്തെ കുറിച്ച് അന്തരിച്ച കവി ഓ എന്‍ വി കുറുപ്പ് ‘പോക്കുവെയില്‍ മണ്ണില്‍ എഴുതിയത്’ എന്ന ഓര്‍മ്മ പുസ്തകത്തില്‍ ഇങ്ങനെ ഓര്‍ക്കുന്നു.  "1952 ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ രാത്രിയില്‍ എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദര്‍ശന്‍ ടാക്കീസ് നിന്നിരുന്നിടത്ത് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരന്‍ എംഎല്‍എ എന്ന ചെറുപ്പക്കാരന്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു തകര്‍ന്ന തറവാട്ടിലെ വയസ്സന്‍ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഒ. മാധവന്‍ സൂക്ഷ്മാഭിനയം കൊണ്ടു ശ്രദ്ധേയനായി.   സുധര്‍മ്മയുടെ 'നീലക്കുരുവി...' പാടിക്കൊണ്ടും, ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞു കൊണ്ടുമുള്ള ആ വരവും, തോപ്പില്‍ കൃഷ്ണ പിള്ളയുടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തലപ്പുലയന്റെ അതുല്യാഭിനയവും കെ.എസ് ജോര്‍ജ്ജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികള്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള നിലവാരത്തിലേക്ക് ആ നാടകമുയര്‍ന്നു. യവനിക ഉയരുമ്പോഴുള്ള 'ദീപങ്ങള്‍ മങ്ങി' മുതല്‍ അവസാനത്തെ പാട്ടു വരെ അത്യപൂര്‍വമായ ശ്രദ്ധ കൊണ്ട് ജനങ്ങളാദരിച്ചു. എതിര്‍ക്കാനും കൊട്ടക തന്നെ പൊളിക്കാനും വന്നവര്‍ നാടകത്തില്‍ മുഴുകിയിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ആ നാടകം. തകര്‍ന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്തദുരിതങ്ങളില്‍ നിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോള്‍ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.''    അഭ്രപാളിയിലെ 'കമ്യൂണിസ്റ്റാക്കി'    നാലായിരത്തോളം വേദികളില്‍ അവതരിപ്പിക്കുകയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ളവര്‍ പ്രശംസ ചൊരിയുകയും ചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അഭ്രപാളിയിലെത്താന്‍ 18 വര്‍ഷം കാത്തിരിക്കേണ്ടി വന്നു മലയാളിക്ക്. പുന്നപ്ര വയലാറിന്റെ ഇതിഹാസ കഥ വെള്ളിത്തിരയില്‍ എത്തിച്ച കുഞ്ചാക്കോ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. 'നവലോക’വും, ‘രണ്ടിടങ്ങഴി’യും, ‘പുന്നപ്ര വയലാറും’, ‘മൂലധനവും’ മലയാള സിനിമാ ലോകത്ത് എഴുതിത്തുടങ്ങിയ കമ്യൂണിസ്റ്റ് സിനിമകളുടെ സുദീര്‍ഘമായ പട്ടികയിലേക്ക് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യും ഇടം പിടിച്ചു. 1970 സെപ്തംബര്‍ 11നു ബോബന്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് തോപ്പില്‍ ഭാസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ തിയറ്ററില്‍ എത്തി.   അക്കാലത്തെ മികച്ച താരങ്ങളെ അണിനിരത്തി ക്കൊണ്ടാണ് സിനിമയുടെ വരവ്. സത്യന്‍, പ്രേംനസീര്‍, കെ. പി. ഉമ്മര്‍, കോട്ടയം ചെല്ലപ്പന്‍, ഷീല, ജയഭാരതി, കെ.പി.എ.സി ലളിത, വിജയകുമാരി, തോപ്പില്‍ കൃഷ്ണപിള്ള എന്നിവര്‍ അഭിനയിച്ച സിനിമ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന്റെ മികച്ച ഗാനങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു.   നാടകാവതരണം ആരംഭിക്കുന്നതിന് മുന്‍പ് തിരശീലയ്ക്ക് പിന്നില്‍ നിന്നും സംവിധായകന്‍ നല്‍കുന്ന ആമുഖ വിവരണത്തോടെയാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ സിനിമ തുടങ്ങുന്നത്. ദശാബ്ദങ്ങളുടെ വിപ്ലവാവേശം മാറ്റൊലി കൊള്ളുന്ന ശബ്ദത്തില്‍ തോപ്പില്‍ ഭാസിയുടെ ആ വിവരണം കേള്‍ക്കുക അവിസ്മരണീയമായ അനുഭവമാണ്. "തോപ്പില്‍ ഭാസിയാണ് കര്‍ട്ടനു പിന്നില്‍ നിന്നും സംസാരിക്കുന്നതു" എന്നു പറഞ്ഞു തുടങ്ങുന്ന വിവരണത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കുന്നുണ്ട്. "നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും കൃഷിക്കാരും ആദ്യമായി സംഘടിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിന്റെ സത്യസന്ധമായ ചിത്രീകരണമാണ് ഈ കഥ." ഭാസി പറയുന്നു. "കല ജനങ്ങളുടെ സാമൂഹ്യ പുരോഗതിക്ക് കൂടി സഹായകമായിരിക്കണം" എന്ന കുഞ്ചാക്കോയുടെ കാഴ്ചപ്പാടാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെ അഭ്രപാളികളിലേക്കെത്തിച്ചതെന്ന് തോപ്പില്‍ ഭാസി ആമുഖമായി പറഞ്ഞുവെക്കുന്നുണ്ട്.     തകര്‍ന്ന ഒരു പഴയ നായര്‍ തറവാട്ടിലെ കാരണവരാണ് പരമുപിള്ള (സത്യന്‍). പരമുപിള്ളയുടെ മകന്‍ ഗോപാലന്‍ (പ്രേംനസീര്‍) കര്‍ഷക സംഘം പ്രവര്‍ത്തകനും കമ്യൂണിസ്റ്റുകാരനുമാണ്. മകന്‍ നാട്ടിലെ ജന്‍മിയായ കേശവന്‍ നായര്‍ക്കെതിരെ (കോട്ടയം ചെല്ലപ്പന്‍) പ്രവര്‍ത്തിക്കുന്നത് പരമുപിള്ളയ്ക്ക് ഇഷ്ടമല്ല. ഈ കാരണം പറഞ്ഞു മകനെ വീട്ടില്‍ നിന്നും പുറത്താക്കുന്നു. ഭര്‍ത്താവിന്റെ വാക്കുകള്‍ക്ക് കമാന്നു ഒരു ശബ്ദം പോലും പുറപ്പെടുവിക്കാന്‍ ധൈര്യമില്ലാത്ത ഭാര്യയാണ് കല്യാണി അമ്മ (വിജയകുമാരി). എന്നാല്‍ മകന്‍ ചെയ്യുന്നത് തെറ്റാണെന്നു പറയാന്‍ അവര്‍ ഒരുക്കവുമല്ല. നാട്ടിലെ ആളുകള്‍ മകനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആ അമ്മയെ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ജാതിയില്‍ താണ ‘പെലയനും ചെമ്മാനും ചെരിപ്പുകുത്തിയു’മൊക്കെയാണ് മകനെ ബഹുമാനിക്കുന്നത് എന്നു പരമുപിള്ള പരിഹസിക്കുന്നുണ്ട്. അയാളുടെ കണ്ണില്‍ നാട്ടിലെ മാന്യന്‍ ജന്‍മിയായ കേശവന്‍ നായരാണ്. കെ പി എ സി ലളിത അവതരിപ്പിച്ച മീനയാണ് ഗോപാലന്റെ സഹോദരി.   കേശവന്‍ നായരുടെ മകളായ സുമത്തെ അവതരിപ്പിച്ചത് ഷീലയാണ്. കോളേജില്‍ പഠിക്കുന്ന ഷീല ആധുനിക സ്ത്രീയുടെ പ്രതീകമാണ്. സമൂഹത്തിനു മുന്നില്‍ അധികാര പ്രമത്തതയുടെ പ്രതീകമായ ജന്മി വ്യവസ്ഥയെ പ്രതിനിധീകരിക്കുമ്പോഴും വീട്ടില്‍ താനും അമ്മയും അനുഭവിക്കുന്ന പീഡനങ്ങളും അവഗണനയും സംബന്ധിച്ചു തന്റെ കാമുകനായ ഗോപാലന്റെ മുന്നില്‍ സുമം മനസു തുറക്കുന്നുണ്ട്. കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ അച്ഛന്റെ സ്വേച്ഛാധികാരത്തെ വെല്ലുവിളിച്ചു വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും കഥാന്ത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നുണ്ട് സുമം.    നാടകത്തിലെ പോലെ സിനിമയിലെയും ശക്തമായ സ്ത്രീ കഥാപാത്രമാണ് ജയഭാരതി അവതരിപ്പിച്ച പുലയ പെണ്‍കിടാവായ മാല. ഒരുവേള ഗോപാലനോടുള്ള പ്രണയ നഷ്ടത്തില്‍ തകരുന്നുണ്ടെങ്കിലും വിപ്ലവാശേത്തിന്റെ തീപ്പൊരി അവസാനം വരെ കെടാതെ കാക്കുന്ന  ഈ കഥാപാത്രം കമ്യൂണിസ്റ്റ് പോരാട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ്. നാടകത്തില്‍ മാലയുടെ അച്ഛന്‍  കറമ്പനെ അവതരിപ്പിച്ച തോപ്പില്‍ കൃഷ്ണപ്പിള്ള തന്നെയാണ് സിനിമയിലും മാലയുടെ അച്ഛനായി വരുന്നത്.   പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത സഖാവ് മാത്യു എന്ന കമ്യൂണിസ്റ്റ് നേതാവിനെയാണ് കെ. പി. ഉമ്മര്‍ അവതരിപ്പിക്കുന്നത്. മൂലധനത്തിലെ വികാര ജീവി മധു വിന് ശേഷം ഉമ്മര്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മാത്യു. വൈകാരിക സംഘര്‍ഷങ്ങളില്‍ പെട്ട് ദുര്‍ബലരാകാതെ ഗോപാലനെയും മാലയെയും പ്രസ്ഥാനത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും ലക്ഷ്യ ബോധം നല്‍കുന്നതും മാത്യു ആണ്. ജന്‍മിയുടെ ഗുണ്ടകള്‍ ഗോപാലനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പിന്നാലെ ആശുപത്രിയുടെ പടിക്കെട്ടില്‍ നിന്നുകൊണ്ടു മാത്യു നടത്തുന്ന ഉജ്വലമായ പ്രസംഗമാണ് വന്‍ ജനരോഷമായി രൂപാന്തരം പ്രാപിക്കുന്നത്.    "ഗോപാലന്‍ ജീവിച്ചേക്കാം.. മരിച്ചേക്കാം... ജനദ്രോഹികള്‍ നമ്മുടെ പ്രിയപ്പെട്ട സഖാവിനെ ചതിവില്‍ അപകടപ്പെടുത്തി. ഇപ്പോള്‍ ദുഖിക്കാനുള്ള അവസരമല്ല. ഈ അനീതിക്കെതിരെ എല്ലാ മനുഷ്യരും റോഡിലിറങ്ങട്ടെ. കൊടുങ്കാറ്റ് പോലെ പ്രക്ഷോഭണമുയരട്ടെ. ആര്‍ത്തിരമ്പുന്ന ബഹുജന രോഷത്തിന്റെ മുന്നില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും....”   ഈ പ്രസംഗത്തിന് പിന്നാലെ കര്‍ഷക സംഘം ഓഫീസില്‍ നിന്നും ‘കൃഷിഭൂമി കര്‍ഷകന്’ എന്ന ബാനറും ചെങ്കൊടിയും ഏന്തി ആയിരങ്ങള്‍ റോഡിലേക്കിറങ്ങുന്ന രംഗങ്ങള്‍ സിനിമയിലെ ആവേശകരമായ ദൃശ്യങ്ങളില്‍ ഒന്നാണ്. "ഐക്യ മുന്നണി ... അലയടിച്ചടിച്ചിരമ്പും ഐക്യ മുന്നണി” എന്ന പ്രശസ്തമായ വിപ്ലവ ഗാനത്തോടെയാണ് സിനിമ അവസാനിക്കുന്നത്.     ചെങ്കൊടിയുമേന്തി വരുന്ന മാലയുടെ കയ്യില്‍ നിന്നും ചെങ്കൊടി പിടിച്ചുവാങ്ങി ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന പരമു പിള്ളയുടെ ചിരിക്കുന്ന മുഖത്തേക്ക് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ടൈറ്റില്‍ വരുന്ന ദൃശ്യത്തെ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. “ആ കൊടിയിങ്ങു താ മോളേ! ഇതെനിക്കൊന്ന് പിടിക്കണം, ഇതെനിക്കൊന്ന് പൊക്കിപ്പൊക്കി പിടിക്കണം.. !” എന്ന ചരിത്രത്തില്‍ ഇടം പിടിച്ച ഡയലോഗ് പറഞ്ഞുകൊണ്ടാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം അവസാനിക്കുന്നത്.       “മാറ്റുവിന്‍ ചട്ടങ്ങളേ...”    24 ഗാനങ്ങളാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന് വേണ്ടി ഒ. എന്‍. വി -ദേവരാജന്‍ ടീം ഒരുക്കിയത്. സിനിമയില്‍ ഇത് വയലാര്‍-ദേവരാജന്‍ ടീമായി.   ‘ഐക്യമുന്നണി’ എന്ന വിപ്ലവ ഗാനം കൂടാതെ ‘പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗ കുടീരത്തില്‍’, ‘കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി’, ‘പാടത്തു സ്വർണ്ണം വിതച്ചു ഏനെന്‍റെ പാടത്തു സ്വപ്നം വിതച്ചു’, ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ..’ തുടങ്ങിയ നിത്യ ഹരിത ഗാനങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് സിനിമ.    രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മുടിയനായ പുത്ര’ന്‍റെ തിരക്കഥ രചിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് ചുവടുവെച്ച തോപ്പില്‍ ഭാസിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. രണ്ടാം വര്‍ഷത്തിലേക്ക് കടന്ന മലയാള സിനിമാ അവാര്‍ഡ് പട്ടികയില്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ഇടം പിടിച്ചില്ലെങ്കിലും സംവിധായകനെന്ന നിലയില്‍ തോപ്പില്‍ ഭാസിയുടെ പ്രതിഭ പ്രകാശിപ്പിച്ച സിനിമയായിരുന്നു അത്. 1971ല്‍ സംവിധാനം ചെയ്ത ‘ശരശയ്യ’യിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം തോപ്പില്‍ ഭാസി നേടുകയും ചെയ്തു. നേരത്തെ 1969 ല്‍ ‘മൂലധന’ത്തിലൂടെ കഥയ്ക്കുള്ള പുരസ്കാരം തോപ്പില്‍ ഭാസി നേടിയിരുന്നു. ‘ഏണിപ്പടികള്‍’, ‘മാധവിക്കുട്ടി’, ‘പൊന്നി’, ‘മിസ്സി’ തുടങ്ങി 12 സിനിമകള്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്തിട്ടുണ്ട്.    മലയാള സിനിമയുടെ ചരിത്രത്തില്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. നാടകം പുറത്തുവന്നിട്ട് ഏഴു പതിറ്റാണ്ടുകള്‍ ആകാന്‍ പോകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസ തുല്യമായ ചരിത്രത്തിലെ എക്കാലത്തെയും ത്രസിപ്പിക്കുന്ന അദ്ധ്യായമാണ് ഈ നാടകവും സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും.   ആദ്യഭാഗം: കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍': ഇവിടെ വായിക്കാം രണ്ടാം ഭാഗം: ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’ മൂന്നാം ഭാഗം: അനുഭവങ്ങള്‍ പാളിച്ചകള്‍: സഖാവ് ചെല്ലപ്പനെ അനശ്വരമാക്കിയ സത്യന്‍ മാജിക് നാലാംഭാഗം: ത്യാഗം, അതാണ് മൂലധനം അഞ്ചാം ഭാഗം: വെള്ളിത്തിരയില്‍ ആദ്യമായി ചെങ്കൊടി പാറിച്ച രണ്ടിടങ്ങഴി     Read on deshabhimani.com

Related News