ഏകലോകം ഏകാരോഗ്യം



മലയാളവൈജ്ഞാനിക സാഹിത്യത്തിനു നൽകിയ കനപ്പെട്ട സംഭാവനയാണ് ഡോ.ബി ഇക്ബാലിന്റെ ‘മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം' എന്ന കൃതി. രോഗാണു സിദ്ധാന്തത്തിന്റെ ആവിർഭാവം മുതൽ നിരവധി മഹാമാരികൾ വരെയുള്ള ചരിത്രം പുസ്‌തകം ചർച്ച ചെയ്യുന്നു. പ്ലേഗ്, കോളറ, വസൂരി ഇൻഫ്ളുവൻസ, എയ്ഡ്സ്, പോളിയോ, സാഴ്സ്, മെർസ് എന്നിവയും കോവിഡും ഇതിൽ- പരിശോധിക്കുന്നുണ്ട്. ലോകജനസംഖ്യയുടെ നാലുശതമാനം മാത്രം വരുന്ന അമേരിക്കൻ സമൂഹം കോവിഡിന്റെയും അതുമൂലമുള്ള മരണത്തിന്റെയും ഏതാണ്ട് 16ശതമാനം വഹിക്കേണ്ടി വന്നതും പ്ലേഗ് നിയന്ത്രണത്തെ മുൻനിർത്തി ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെന്റ് കൊണ്ടുവന്ന 1897ലെ എപിഡെമിക് ഡിസീസ് ആക്റ്റ് നടപ്പാക്കിയതിലെ എതിർപ്പും  പ്രതിഷേധവും തുടർന്നുണ്ടായ വധശിക്ഷയുമെല്ലാം പുസ്‌തകം വിലയിരുത്തുന്നു.  പ്ലേഗ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ബൊക്കേഷ്യായുടെ ഡെക്കാമറൂൺ മുതൽ കോവിഡ് പശ്ചാത്തല ത്തിലുണ്ടായ സാഹിത്യ രചനകളും ചിത്രകലയ്ക്കും സിനിമയ്ക്കും ഒക്കെ മഹാമാരികൾ നൽകിയ സംഭാവനകളും പുസ്‌തകം അവതരിപ്പിക്കുന്നു. കോളറയും വസൂരിയും ഒക്കെ പ്രമേയങ്ങളാകുന്ന മലയാളത്തിലെ  സാഹിത്യകൃതികളെ പരിചയപ്പെടുത്തുന്നത്  ഹൃദ്യാനുഭവമാണ്. രോഗങ്ങളും ദുരന്തങ്ങളും ചിത്രകലയ്ക്ക് നൽകിയ സംഭാവനകൾ കൂടാതെ വിഖ്യാത നവോത്ഥാനചിത്രകാരൻ പീറ്റർ ബ്രജലിന്റെ ‘മരണത്തിന്റെ ജയഘോഷം' മുഖചിത്രമായി വരുന്നതും പുതിയ അനുഭവമാണ്‌.  ഏകലോകം ഏകാരോഗ്യം എന്ന സങ്കൽപ്പത്തിലൂന്നിയ ഇടപെടലുകൾ മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴിയെന്ന്‌ പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. ഇതിനു അടിവരയിടാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥ ഉപയോഗിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News