നാടകപ്രവർത്തകരെന്ന ‘കാവതിക്കാക്കകൾ’



പേന പോലെ ക്യാമറ ഉപയോഗിക്കാനാവുന്ന ഒരു കാലം വന്നിരുന്നെങ്കിൽ ഞാനെന്റെ ഇഷ്ടസിനിമകൾ ചെയ്തേനെ എന്ന് ജോൺ എബ്രഹാം പറഞ്ഞിട്ടുണ്ട്. ഏതായാലും ജോൺ സ്വപ്നം കണ്ട കാലം വന്നു കഴിഞ്ഞു. ഡിജിറ്റൽ സിനിമയുടെ യുഗം അനേകം ചലച്ചിത്രകാരൻമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഡിജിറ്റൽ സിനിമ നൽകുന്ന ദൃശ്യപരമായ ധാരാളിത്തം സിനിമയെ രാഷ്ട്രീയത്തിൽ നിന്ന് അകത്തിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഡിജിറ്റൽ സിനിമയെ ഫലപ്രദമായി ഉപയോഗിച്ച്‌ തന്റേതായ പാത കണ്ടെത്തുന്നവരിൽ പ്രധാനിയായ ഒരാളാണ് രാപ്രസാദ്. എന്റർടെയ്‌നർ ആയിരിക്കെത്തന്നെ താൻ ജീവിക്കുന്ന കാലത്തെ കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ് രാപ്രസാദിന്റെ പുതിയ ചിത്രമായ ‘കാവതിക്കാക്കകൾ'. ഡൽഹിയടക്കമുള്ള ഇരുപതോളം ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രം ഒരു കൂട്ടം നാടകപ്രവർത്തകരുടെ കഥ പറയുന്നു. ഒരു പുതിയ നാടക സങ്കേതം പരീക്ഷിക്കാനൊരുങ്ങുന്ന അവർക്ക് നാനാതരം എതിർപ്പുകൾ നേരിടേണ്ടി വരുന്നു. ഒരു കൊലപാതകത്തിന്റെ പുനരന്വേഷണം അതിന്റെ ഭാഗമായി സംഭവിക്കുകയാണ്.  സഫ്ദർ ഹഷ്മിയുടെ ഒരു കത്തിൽ നിന്നാണ് സിനിമയുടെ തുടക്കവും ഒടുക്കവും. ഹഷ്മിയും ലങ്കേഷും മുതൽ താജും ജോസ് ചിറമ്മേലും വരെ പരാമർശിക്കപ്പെടുന്ന സിനിമയിൽ മറ്റൊരു കഥാപാത്രങ്ങൾക്കും പേരില്ല എന്ന കൗതുകമുണ്ട്. അതൊന്നും ചിന്തിക്കാൻ ഇട നൽകാത്ത വിധം ചടുലതയാർന്ന മേക്കിംഗ് ആണ് സിനിമയുടെ പ്രത്യേകത. ജനനാട്യമഞ്ചുമായി ബന്ധമുണ്ടായിരുന്ന ബംഗാളി ഗാനവുമായാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് പി എം താജിന്റെ ‘രാവുണ്ണി ' നാടകം കളിക്കുന്ന കേരളത്തിലെ നാടക സംഘവും അവരുടെ ത്രില്ലർ സമാനമായ ജീവിതവും സിനിമയിൽ നിറയുന്നു. നൂറോളം കഥാപാത്രങ്ങളുള്ള സിനിമയിൽ ആയിരക്കണക്കിനു മനുഷ്യരും കഥ പറയുന്ന ഒരു കാക്കയുമുണ്ട്. നാടൻപാട്ടുകൾ, സംഘർഷങ്ങൾ എന്നു വേണ്ട നാടകപ്രവർത്തകരുടെ ജീവിതത്തിലുള്ളതെല്ലാം സിനിമയിലുമുണ്ട് . ഇന്ത്യൻ രാഷ്ട്രീയത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന സിനിമയ്ക്ക് ഒരു പാൻ ഇന്ത്യൻ മുഖമാണുള്ളത്. ‘കാക്കകൾ പറന്നു നടക്കുമ്പോൾ പലതും കാണുന്നു. അവയിൽ ചിലതിനെ കൂട്ടിയോജിപ്പിച്ചാൽ കഥകളാകും' എന്ന്  സിനിമയിലെ മുഖ്യ കഥാപാത്രമായ, സന്തോഷ് കീഴാറ്റൂരിന്റെ പൊലീസ് ഓഫീസർ പറയുന്നുണ്ട്. സന്തോഷിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് സിനിമയിലേത്. ഡൽഹിയിൽനിന്ന്‌ വരുന്ന ഇന്റലിജന്റ്‌സ്‌ ഓഫീസറായി അയാൾ മാറുന്നു. ഇർഷാദ് അവതരിപ്പിക്കുന്ന ചാനൽ അവതാരകൻ നർമത്തിലൂടെ വലിയ കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഒരപൂർവ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രസാദ് കണ്ണൻ, കെ വി പത്മൻ, അലക്സ് വള്ളികുന്നം, റാഫി, അർജുൻ, അജയൻ, ഐശ്വര്യ, വർഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തുമ്പോൾ ധർമജന്റെ  രസകരമായ വില്ലനിസം പ്രേക്ഷകരെ രസിപ്പിക്കുന്നു. കഥയും തിരക്കഥയും  സംവിധായകനായ  രാപ്രസാദ് തന്നെയാണ്.  ചരിത്രം തന്നെ നാടകവും സിനിമയും കഥയുമാകുന്ന കാഴ്ചയാണ് കാവതിക്കാക്കകൾ നൽകുന്നത്. Read on deshabhimani.com

Related News