സത്യത്തെ തൊട്ട്‌ അതിയാഥാർഥ്യത്തിലേക്ക്‌



നക്ഷത്രതുല്യരായി തിളങ്ങുന്നവരെന്നു കരുതുന്ന അതിസാഹസികരായ വിപ്ലവകാരികളുടെ ജീവിതദുരന്തങ്ങൾ  മനസ്സിനെ ഉലയ്‌ക്കുന്നതാണ്‌.  അനീതികൾക്കെതിരായി ആയുധമെടുത്ത്‌ പോരാട്ടത്തിന് ഇറങ്ങിയവരെ അടുത്തുനിന്നും അകലെനിന്നും നോക്കിക്കാണുന്ന ആഖ്യായികയാണ്‌ ‘നിലംതൊട്ട നക്ഷത്രങ്ങൾ’. കാലപ്രവാഹത്തെ അസാധാരണസുന്ദരമായ ശൈലിയിൽ പകർത്താൻ വൈഭവമുള്ള ഷാനവാസ്‌ പോങ്ങനാടിന്റെ ഈ നോവൽ സാഹിത്യത്തെയും സാമൂഹ്യചലനങ്ങളെയും ഗൗരവപൂർവം സമീപിക്കുന്നവർക്ക്‌ അവഗണിക്കാനാകില്ല. ഗൃഹാതുരത്വത്തിൽ ഒതുങ്ങിനിൽക്കാതെ വർത്തമാനകാലവുമായി ബന്ധിപ്പിച്ച്‌ പ്രമേയത്തെ സജീവമാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്‌. സമൂഹത്തിൽ വീണ്ടും ഇരുട്ട്‌ കനത്തുവരുമ്പോൾ ജാഗരൂകരാകാൻ നോവലിസ്റ്റ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു. ഇത്‌ പ്രത്യക്ഷമായി ആഹ്വാനം ചെയ്‌ത്‌ ചെടിപ്പ്‌ സൃഷ്ടിക്കുന്നില്ല, മറിച്ച്‌ വായനക്കാരുടെ ബോധതലത്തെ തട്ടിയുണർത്തുകയാണ്‌ ചെയ്യുന്നത്‌. ചരിത്രത്തിൽ കലർപ്പ്‌ ചേർക്കാതെ തികച്ചും ഭാവനയിൽനിന്ന്‌ കഥാപാത്രങ്ങളെ മെനഞ്ഞെടുത്താണ്‌ ഈ നോവൽ ഗംഭീരമായ അനുഭവമാക്കിയത്‌. 1970 നവംബർ നാലിന്‌ രാത്രി നഗരൂർ, കുമ്മിൾ, കിളിമാനൂർ എന്നിവിടങ്ങളിൽ ഒരേസമയം നടന്ന നാല്‌ നക്‌സലൈറ്റ്‌ ആക്രമണം. അക്കാലത്ത്‌ ബാലനായിരുന്ന എഴുത്തുകാരനിൽ ഈ സംഭവങ്ങളും വാർത്തകളും സൃഷ്ടിച്ച അനുരണനങ്ങളാണ്‌ ഇപ്പോൾ വേറിട്ട ശിൽപ്പസങ്കേതത്തോടെ നമുക്ക്‌ ലഭ്യമായിരിക്കുന്നത്‌. പത്രപ്രവർത്തകർ സർഗാത്മകരചനകൾ നടത്തുമ്പോൾ ഉണ്ടാകാനിടയുള്ള  യാന്ത്രികത്വം ഇതിനെ ബാധിച്ചിട്ടില്ല. വലിച്ചുവാരിയുള്ള എഴുത്ത്‌ ഒഴിവാക്കാനുള്ള കരുതൽ ഈ നോവലിൽ പ്രകടവുമാണ്‌. അലസമായി നിരീക്ഷണങ്ങൾ നടത്താതെ സൂക്ഷ്‌മനിരീക്ഷണപാടവത്തോടെ പ്രമേയതന്തുവിനെ വികസിപ്പിച്ച എഴുത്തുകാരൻ തലച്ചോർകൊണ്ട്‌ ഹൃദയത്തെ അളന്നിരിക്കുന്നു. ആത്മീയവ്യാപാരികൾക്കെതിരായ  നിലപാടും കൃത്യമായി പ്രതിഫലിക്കുന്നു. ആത്മാഭിമാനത്തിന്റെയും  അന്തസ്സിന്റെയും പ്രതീകങ്ങളായ സ്‌ത്രീകഥാപാത്രങ്ങളും ഈ നോവലിന്‌ മുതൽക്കൂട്ടാണ്‌. Read on deshabhimani.com

Related News