നോവുമായ്‌ക്കുന്ന സൂര്യകാന്തി



ഹൃദയമിടിപ്പുകൾകൊണ്ട്‌ തുന്നിയെടുക്കുന്ന ചില ജീവിതങ്ങളുണ്ട്‌. അതൊരിക്കലും ഇഴ പിരിച്ചെടുക്കാനാകില്ല. രാത്തൊണ്ടടർന്നു മാറുമ്പോൾ തെളിയുന്ന പുലരിയുടെ നറുവെളിച്ചംപോലെ ആ ചിരികൾ വെൺമയാർന്നു കൊണ്ടേയിരിക്കും. പുകയും കരിയും മായ്‌ച്ച്‌ നിലാവൊളി പൂശിയ ജീവിതച്ചുവരുകളിൽ അവർ സ്വപ്‌നമെഴുതി നിറയ്‌ക്കും. കനലിൽ ചുട്ടതിന്റെ സ്വാദുള്ള സ്വപ്‌നങ്ങൾ. ഇടവമാസം ഒന്നാം തീയതിയുടെ ഉച്ചയ്ക്ക് ചൂട് കൂടുതലായിരുന്നു. എന്നിട്ടും കൊല്ലം, കോതേത്ത്‌  കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയിലെ ഷെല്ലിങ്‌ ഷെഡ്ഡിൽ ആശ്വാസ തണുപ്പ്. എല്ലാവരും ഒരു വിഐപിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡോക്ടർ എസ് സൂര്യ എന്ന, എല്ലാവരുടെയും സൂര്യമോളെ. നാടിന്റെ ആകെ ഹൃദയതാളം അറിയുകയാണ് സൂര്യ. ചുറ്റും കൂടിനിൽക്കുന്നവരുടെ ഹൃദയമിടിപ്പ്‌ അറിയാൻ അവൾക്ക് ഒരു സ്‌റ്റെതസ്‌കോപ്പിന്റെയും ആവശ്യമില്ല. ഒന്നു തൊട്ടും തലോടിയും ഉമ്മവച്ചും കടന്നുപോകുന്നവർ എല്ലാം അമ്മമാരാണ്. കശുവണ്ടി കറപുരണ്ട പരുപരുത്ത വിരലുകളാൽ അവർ തൊടുന്നത് സൂര്യയുടെയും ഹൃദയത്തിലാണ്. ഡോക്ടർ എസ്‌ സൂര്യ കശുവണ്ടി ഫാക്ടറി തൊഴിലാളികളായ കൊല്ലം രണ്ടാംകുറ്റി സൂരജ് ഭവനിൽ രാജീവന്റെയും സുധയും മകൾ. ചെന്നൈ ഇഎസ്‌ഐസി  മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ്‌ വിദ്യാർഥിനി. 2013 മെയ്‌ 16 മുതൽ ഹൗസ് സർജൻ. ഓർമകളുടെ 15 വർഷത്തിലേക്ക് സൂര്യ സഞ്ചരിക്കുകയാണ്, അവൾക്കൊപ്പം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളും. സൂര്യയുടെ അമ്മ സുധ ഇതേ ഫാക്ടറിയിലെ തൊഴിലാളിയാണ്. അച്ഛൻ കല്ലുംതാഴത്ത് ഒരു സ്വകാര്യ ഫാക്ടറിയിലെ പാക്കിങ്‌ വിഭാഗത്തിലും. സുധയുടെ അമ്മ പരേതയായ കാർത്ത്യായനിയും കശുവണ്ടി തൊഴിലാളിയായിരുന്നു. തികച്ചും ദരിദ്രമായ ചുറ്റുപാടിൽ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെട്ട കുടുംബപശ്ചാത്തലം. ഫാക്ടറി പൂട്ടലും തൊഴിലില്ലായ്മയും ബുദ്ധിമുട്ടിച്ച ഭൂതകാലം. സൂരജും സൂര്യയും മക്കൾ. പലിശക്കടം പെരുകി അസ്വസ്ഥമായ നാളുകൾ. എങ്കിലും സുധ മക്കളെ പാരമ്പര്യ തൊഴിലിലേക്ക്‌ അയച്ചില്ല. എന്തു ത്യാഗം സഹിച്ചും മക്കളെ പഠിപ്പിക്കണമെന്ന വാശി. രാജീവ് ചെയ്യാത്ത കൂലിപ്പണിയില്ല. ആരോഗ്യപ്രശ്നങ്ങൾ പടികടന്നെത്തിയപ്പോഴും പിന്മാറാതെ ഉറച്ചുനിന്നു. കൊല്ലം കോയിക്കൽ ഗവ. ഹൈസ്കൂളിൽ തളിരിടുന്നത് തങ്ങളുടെ ആകാശത്തോളം ഉയർന്ന സ്വപ്നമാണെന്ന് അമ്മയ്ക്കും അച്ഛനും അറിയാമായിരുന്നു. സൂര്യ പഠിച്ച്‌ മിടുക്കിയായി വളർന്നുകൊണ്ടേയിരുന്നു. ഒഴിവുവേളകളിൽ അമ്മയുടെ സഖാക്കൾക്കൊപ്പം ഫാക്ടറിക്കുള്ളിൽ കളിച്ചും പഠിച്ചും നടന്നു. എല്ലാവർക്കും പ്രിയ മകൾ. പ്ലസ്‌ടുവിൽ തരക്കേടില്ലാത്ത മാർക്കോടെ സൂര്യ വിജയിക്കുമ്പോൾ അച്ഛനമ്മമാരുടെ ഉള്ളിൽ ആശങ്കയുടെ മീനച്ചൂട്. എൻട്രൻസ് പരീക്ഷ എഴുതണമെന്ന മകളുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാൻ ആദ്യമൊന്നും അവരുടെ മനസ്സ് വഴങ്ങിയില്ല. തുച്ഛവരുമാനം മാത്രമുള്ള കശുവണ്ടിത്തൊഴിലാളിയുടെ മകൾക്ക് ഡോക്ടറാകാൻ പൂതിയായോ? എന്നുവരെ ചോദിച്ചവരുണ്ട്. പലിശക്കടത്തിന്റെ ഭാരം രാജീവിനും കുടുംബത്തിനും താങ്ങാവുന്നതിലും ഏറെ. എങ്കിലും അവർ തീരുമാനമെടുത്തു, ‘സൂര്യയുടെ വഴിയാണ് ശരി’. ഒടുവിൽ മെഡിക്കൽ പ്രവേശന മത്സരപ്പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ പതിനായിരത്തിനുള്ളിൽ സൂര്യ കടന്നു. പ്രശ്നം തുടങ്ങുന്നു കശുവണ്ടിത്തൊഴിലാളിയുടെ മകളായതിനാൽ ഇഎസ്ഐ ക്വോട്ടയിൽ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷ നൽകി. പക്ഷേ അധികൃതർ അപേക്ഷ നിരസിച്ചു. കാരണം അതിവിചിത്രം. ‘അമ്മയ്ക്ക് വേണ്ടത്ര ഹാജർ ഇല്ല’. കശുവണ്ടി ലഭ്യതക്കുറവും മറ്റ്‌ പ്രശ്‌നങ്ങളും പലപ്പോഴും ഫാക്‌ടറികൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന്‌ പ്രതിബന്ധം സൃഷ്‌ടിച്ചു. ഇത്‌ തൊഴിലാളികളുടെ ഹാജർ നിലയെയും ബാധിച്ചു. കേന്ദ്ര സർക്കാരിന്റെ ഇഎസ്‌ഐ നയത്തിലെ മുട്ടാപ്പോക്ക്‌ ന്യായങ്ങൾ ഇത്തരം തൊഴിലാളികളെ ദുരിതക്കയത്തിലാഴ്‌ത്തിയിട്ട്‌ കുറേ നാളായി. സൂര്യയുടെ മോഹങ്ങൾക്കുമേൽ തുടക്കത്തിലേ നിഴൽ വീണു. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹനും സംഘവും വിഷയത്തിൽ ഇടപെട്ടു. പിന്നെ ഹൈക്കോടതിയിൽ നിയമപോരാട്ടം. ഒടുവിൽ സൂര്യക്കും അതുപോലുള്ള കുട്ടികൾക്കും കോടതി തുണയായി. തൊഴിലാളിക്ക് ഹാജരില്ലാത്തത്‌ അവരുടെ കുട്ടിയുടെ പഠിത്തത്തിന്‌ തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നെ വെളുത്ത കുപ്പായവും ഹൃദയമാപിനിയുമായി സൂര്യ മെഡിക്കൽ കോളേജിലേക്ക്. ഇത്തിരി പഴയ കഥ കുറേനാൾ മുമ്പ് മറ്റൊരു കശുവണ്ടിത്തൊഴിലാളിയുടെ മകൾക്ക്‌ ഇഎസ്‌ഐ ക്വോട്ടയിൽ മെഡിസിന്‌ പ്രവേശനം നിഷേധിച്ചു. അതുമാത്രമല്ല, കേന്ദ്ര സർക്കാർ ഇഎസ്ഐ ക്വോട്ട വെട്ടിക്കുറച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടിയും രക്ഷിതാക്കളും ആത്മഹത്യ ചെയ്യുമെന്ന് വാർത്താസമ്മേളനം നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ എസ്‌ ജയമോഹനും സംഘവും കോടതി കയറി. നിയമ പോരാട്ടത്തിനും ചടുലമായ നീക്കങ്ങൾക്കെുമൊടുവിൽ ആ പെൺകുട്ടിക്ക് തമിഴ്നാട്ടിൽ എംബിബിഎസിന്‌ പ്രവേശനം ലഭിച്ചു. ഇതേസമയം തമിഴ്നാട്ടിൽ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടി ആത്മഹത്യ ചെയ്തത് വൻ കോളിളക്കമായി. നക്കീരൻ വാരിക ‘കേരളം അങ്ങനെ, ഇവിടെ ഇങ്ങനെ’ എന്ന തലവാചകത്തിൽ വാർത്ത എഴുതി. കേരള കശുവണ്ടി വികസന കോർപറേഷൻ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സജീവമായി രംഗത്ത് വന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ പഠനത്തിന്‌ സൗജന്യ എൻട്രൻസ് കോച്ചിങ്‌ തുടങ്ങി. ഒപ്പം പഠനാവശ്യത്തിന്‌ 25000 രൂപ സഹായവും. ഇപ്പോൾ ഇരുപതോളം വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ കോളേജുകളിൽ പഠനത്തിലാണ്. സ്വപ്‌നം സൂര്യ സ്വപ്നം കാണുന്നത് കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദമാണ്. അമ്മയുടെയും അച്ഛന്റെയും ദുരിത ജീവിതത്തിൽ ഒട്ടിനിൽക്കുമ്പോഴും സൂര്യ ഒരാഗ്രഹംകൂടി പങ്കുവച്ചു, ‘ഇഎസ്ഐ ആശുപത്രിയിൽ തന്നെ ജോലിക്ക് കയറണം. അവിടെയാണല്ലോ അമ്മയുൾപ്പെടുന്ന പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികൾ ചികിത്സയ്‌ക്കെത്തുന്നത്‌.’ Read on deshabhimani.com

Related News