മനുഷ്യവിദ്വേഷിയായ കണ്ടാമൃഗം



യുദ്ധംപോലെ വിനാശകാരിയും അസംബന്ധ ജഡിലവുമായ ഫാസിസ്റ്റ് സാമൂഹ്യക്രമത്തെക്കുറിച്ച് യൗജിൻ യോനെസ്‌കോ 1959ൽ എഴുതിയ കണ്ടാമൃഗം എന്ന നാടകം ഇന്നും പ്രസക്തമാകുന്നത് നിലനിൽക്കുന്ന സാമൂഹ്യ രാഷ്ട്രീയാവസ്ഥകളോട് അത്‌ നിരന്തരം കലഹിക്കുന്നതുകൊണ്ടാണ്. ധിഷണയെ ഭയക്കുന്ന ഭരണകൂടം സാധാരണ മനുഷ്യജീവിതത്തെപ്പോലും തകിടം മറിക്കുമ്പോൾ അതേ പേരുള്ള മലയാള നാടകം പ്രതിഷേധത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാകുകയാണ്‌. ജി ശങ്കരപ്പിള്ള അനുസ്‌മരണത്തോടനുബന്ധിച്ച് സ്‌കൂൾ ഓഫ് ഡ്രാമ ക്യാമ്പസ് തിയറ്ററിലാണ് കണ്ടാമൃഗം അവതരിപ്പിച്ചത്. സ്‌കൂൾ ഓഫ് ഡ്രാമ അസി. പ്രൊഫസർ ഡോ. എസ് സുനിലാണ് സംവിധായകൻ.     കള്ളുകുടിയനായ ബരഞ്ചറും ജീനും തമ്മിലുള്ള യുക്തിരഹിതമായ സംഭാഷണങ്ങളിൽനിന്നാണ് കണ്ടാമൃഗം ആരംഭിക്കുന്നത്. സംഭാഷണം പുരോഗമിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിൽനിന്നുയരുന്ന ശംഖനാദം നാടകാന്തരീക്ഷത്തെ മാറ്റിമറിക്കുന്നു. ശംഖൊലി ആസന്ന ദുരന്തത്തിന്റെ സൂചന നൽകുന്നു. ശരീരമാസകലം ഭസ്‌മം പൂശി, കുന്തിരിക്കം പുകച്ചുവരുന്ന അമാനുഷരൂപത്തെ നോക്കി ‘അതാ കണ്ടാമൃഗം’എന്ന്‌ ഉച്ചത്തിലാർത്തു വിളിക്കുമ്പോൾ ആ ഭീകരജന്തുവിനെ പ്രേക്ഷകർ തിരിച്ചറിയുന്നു.      മാനവികതയെ നിരാകരിക്കുകയും സമാധാനം കാംക്ഷിക്കുന്ന ജനതയുടെ ഉറക്കം കെടുത്തുകയും ചെയ്യുന്ന കണ്ടാമൃഗത്തിന്റെ വരവോടെ  നാടകം മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയം വ്യക്തം. തർക്കശാസ്‌ത്രത്തിന്റെ സമസ്യകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുമ്പോൾ തോന്നുന്ന അസംബന്ധങ്ങൾക്കിടയിലും പാരമ്പര്യത്തെക്കുറിച്ചും സാംസ്‌കാരിക ഔന്നത്യത്തെക്കുറിച്ചും ചില പരാമർശനങ്ങൾ നടത്തുന്നുണ്ട്. ക്രമാനുഗതമല്ലാത്ത സംഭാഷണ ശകലങ്ങൾക്കിടയിൽ സോക്രട്ടീസ് പൂച്ചയാണെന്നും കണ്ടാമൃഗത്തിന്‌ എത്ര കൊമ്പുണ്ടെന്നും അത്‌ ഏഷ്യനാണോ ആഫ്രിക്കനാണോ എന്നൊക്കെയുള്ള തുടർച്ചയില്ലാത്ത വാഗ്വാദങ്ങളും നടക്കുമ്പോൾ തന്നെ സ്റ്റേജിൽ റിപ്പബ്ലിക് ദിന പരേഡും വർഗീയ കലാപവും ജെഎൻയു സമരവും കാണാൻ കഴിയുന്നു. അസംബന്ധവും യുക്തിബോധവും ഏറ്റുമുട്ടുന്ന തിയറ്റർരൂപത്തിന്റെ സാധ്യതകളെ സംവിധായകൻ പരമാവധി ഉപയോഗിക്കുന്നുണ്ട്‌. ബരഞ്ചറും കാമുകിയും ജീനും കാണുന്ന രണ്ടാമത്തെ കണ്ടാമൃഗമാകട്ടെ കാക്കി ട്രൗസറും വെള്ളക്കുപ്പായവുമിട്ട്  ആൾക്കൂട്ടത്തിൽ നിന്നിറങ്ങിവരുന്നുണ്ട്‌.    സംവാദങ്ങൾക്കു പകരം ആക്രമണങ്ങൾ സദാചാരങ്ങളായി മാറിപ്പോകുന്ന കാലത്തിന്റെ സൂചനകളാണ് ഈ നാടകം നൽകുന്നത്.  മാംസവും ചിന്തയും ശക്തിയും തന്റെ പാരമ്പര്യമാണെന്ന് വിശ്വസിക്കുന്ന ജീൻ മൃഗതൃഷ്‌ണകളിലൂടെ ഇഴഞ്ഞ് സ്റ്റേജിന്റെ മുകൾതട്ടിലെത്തി തീവ്രഹിന്ദുത്വത്തിന്റെ ലേപനം ശരീരമാസകലം പുരട്ടി പൂണൂലണിഞ്ഞ് സ്വയം അധികാരത്തിന്റെ തലപ്പാവ്‌ ധരിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബലിഷ്‌ഠനായ കണ്ടാമൃഗത്തെക്കൂടി പ്രേക്ഷകർ തിരിച്ചറിയുന്നു. സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർഥികൾ അവതരിപ്പിച്ച ഈ നാടകത്തിന്റെ സംഗീതം ഒ സി മാർട്ടിനും ലൈറ്റ് ഡിസൈൻ ഷൈമോൻ ചേലാടും സാങ്കേതിക മേൽനോട്ടം രഞ്‌ജിത്‌ ഡിങ്കിയും നിർവഹിച്ചു. Read on deshabhimani.com

Related News