ലളിതാഖ്യാനത്തിന്റെ അടയാളപ്പെടുത്തൽ



കെപിഎസി ലളിത നമുക്കിടയിൽനിന്ന്‌ അഭിനയിച്ച് ജീവിച്ചുമറഞ്ഞപ്പോൾ ബാക്കിയായ ഓർമകളെ അടൂർ മുതൽ ജയകുമാർ വരെ, 27 പേർ കൂട്ടിയിണക്കുന്നു. എണ്ണമറ്റ നാടകങ്ങൾ, എഴുന്നൂറിലധികം സിനിമ, ടെലിവിഷൻ സീരിയലുകൾ. അവസാനശ്വാസംവരെ അഭിനയിക്കാൻ വെമ്പിനിന്ന ഒരു കലാകാരിയെ ‘ലളിതം' എന്ന  ഓർമപ്പുസ്തകത്തിലൂടെ നമുക്ക് മുന്നിലെത്തിക്കുകയാണ് മാധ്യമപ്രവർത്തകനായ രമേഷ് പുതിയമഠം.  അടൂരിന്റെ 12 സിനിമയിൽ ഒമ്പതിലും ലളിതയുണ്ടായിരുന്നു. ഒരു സിനിമയിലും ലളിത അഭിനയിച്ചില്ല, കഥാപാത്രമായി പോകുകയായിരുന്നു. ലളിതച്ചേച്ചി ഇല്ലാത്ത വരുംകാല സിനിമകളെക്കുറിച്ച് ആശങ്കപ്പെടുന്ന  സത്യൻ അന്തിക്കാട്, കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയോടെ മല്ലിക സുകുമാരൻ,  സ്വന്തം അമ്മയെപ്പോലെയാണെന്ന്‌ അനുഭവങ്ങളിലൂടെ മഞ്ജുപിള്ള,  ലളിതച്ചേച്ചിയുടെ അഭിനയം നോക്കിനിന്നുപോയ കഥയുമായി ജയകുമാർ, ഇങ്ങനെ നിരവധിപേർ ഓർമകൾ പങ്കുവയ്‌ക്കുന്നു. അമ്മയെക്കുറിച്ച് മകൻ സിദ്ധാർഥ്‌ എഴുതിയ ആർദ്രമായ കുറിപ്പുമുണ്ട്‌. ഷീല, സുരേഷ്‌ഗോപി, ഇന്നസെന്റ്, നേമം പുഷ്പരാജ്, തനൂജ എസ് ഭട്ടതിരി, ജയരാജ്, ബാബു തിരുവല്ല, പ്രിയനന്ദനൻ, കെ പി രാജേന്ദ്രൻ, എം ജയചന്ദ്രൻ, പ്രമോദ് പയ്യന്നൂർ, കെപിഎസി ലീല, അനൂപ് സത്യൻ എന്നിവരും ഓർമകൾ കുറിക്കുന്നു. കെപിഎസി ലളിതയുടെ അഭിനയത്തെക്കുറിച്ച്‌  എ ചന്ദ്രശേഖർ, എം പി സുരേന്ദ്രൻ, ബൈജു ചന്ദ്രൻ, ഡോ. അനു പാപ്പച്ചൻ, പ്രേംചന്ദ്, പ്രേംലാൽ, ആർ എസ് കുറുപ്പ് എന്നിവരുടെ പഠനമുണ്ട്‌.  ലളിതയുടെ അനുഭവങ്ങൾ ബിജുരാഘവനും പങ്കുവയ്‌ക്കുന്നു. Read on deshabhimani.com

Related News