ലോറി ബ്രദേഴ്‌സ്‌ 25 നോട്ടൗട്ട്‌

തോമസ്‌ വർഗീസും ജോർജ്‌ വർഗീസും


ലോറികളെ മണവാട്ടികളെപ്പോലെ അണിയിച്ചൊരുക്കുന്ന ഇരട്ട സഹോദരങ്ങളുണ്ട്‌ കോട്ടയത്ത്‌, ജോർജും തോമസും.  ലോറി ക്യാബിനിൽ  ഇവരുടെ ചിത്രമെഴുത്തിന്‌ 25 വർഷം പൂർത്തിയാകുന്നു   കോട്ടയം നീലിമംഗലത്തെ വർക്ക്‌ഷോപ്പിൽ 25 വർഷം മുമ്പെത്തിയതാണ്‌ ആ ഇരട്ട സഹോദരൻമാർ. അയൽവാസി പാലപ്പുരയ്‌ക്കൽ ജോസാണ്‌‌  തോമസിനെയും ജോർജിനെയും ഇവിടെ എത്തിച്ചത്‌.  മെക്കാനിക്കായ ബാബുവും വേണുവും പടം വരയ്‌ക്കുന്ന ശശിയുമാണ്‌ വർക്ക്‌ഷോപ്പ്‌ നടത്തിയിരുന്നത്‌. ലോറിയുടെ മുകളിൽ കയറി ബ്രഷും പിടിച്ച്‌ ചിത്രങ്ങൾ വരയ്‌ക്കുന്ന ശശിയെ തോമസും ജോർജും ശ്രദ്ധിച്ചു. പിള്ളേർക്ക്‌ വരയ്‌ക്കാൻ അറിയാമെന്ന്‌ മനസ്സിലാക്കിയ ശശി ഇരുവർക്കും  ബ്രഷ്‌ നൽകി.  ഗീവർഗീസ്‌‌ പുണ്യാളന്റെ ചിത്രത്തിൽ തുടങ്ങി. പിന്നെ നിർത്താത്ത വര. അങ്ങനെ അയ്യപ്പനും മക്കയും ആനയും പ്രകൃതിദൃശ്യങ്ങളുമെല്ലാം പിന്നെ ലോറികളിൽ കാടും നാടും ചുറ്റാൻ തുടങ്ങി.  എത്ര ലോറിയിൽ ചിത്രം വരച്ചുവെന്ന്‌ ചോദിച്ചാൽ കോട്ടയം മള്ളുശ്ശേരി ചിറയിൽ കുന്നുംപുറത്ത്‌ വീട്ടിൽ തോമസ്‌ വർഗീസിനും  ജോർജ്‌ വർഗീസിനും കൃത്യമായ കണക്കില്ല, ‘ആയിരക്കണക്കിന്’  എന്നാണ്‌ മറുപടി.   ഡി മുതൽ എസ്‌ഇ വരെ   പഴയ കാലത്തെ ഡി ലോറി മുതൽ എസ്‌ഇ ലോറികൾവരെ ഇവരുടെ കരവിരുത്‌ അറിഞ്ഞിട്ടുണ്ട്‌. ഡി ലോറികളിൽ ചെറിയ കൊത്തുപണികൾ മാത്രമാണുള്ളത്‌. പുതിയ കാലഘട്ടത്തിലെ എസ്‌ഇ ലോറികൾ വലുതാണ്‌. അവയിൽ കൂടുതൽ ചിത്രങ്ങൾ വരയ്‌ക്കാം. മുൻവശത്തെ ഗ്ലാസിനു മുകളിൽ ലോറിയുടെ പേരെഴുതുന്നതിനു തൊട്ടുതാഴെ തടിയിൽ കൊത്തുപണികൾ ചെയ്‌ത ഭാഗമാണ്‌ പൂപ്പലക. ഡി ലോറികളിൽ ഇവ ചെറുതാണ്‌. എസ്‌ഇയിൽ വലുതും. പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലെ വിദഗ്‌ധർ നിർമിക്കുന്ന പൂപ്പലകയും ഡ്രൈവർ ക്യാബിന്റെ വശങ്ങളും പിൻഭാഗവുമാണ്‌ ഇൗ കലാകാരന്മാരുടെ കാൻവാസുകൾ.  ഡിസൈനിങ്ങിന്‌മുമ്പ്‌ പ്രതലത്തിൽ വെള്ള പെയിന്റടിക്കും. പിന്നെ പിങ്ക്‌, മഞ്ഞ, പച്ച, ഓറഞ്ച്‌, മജന്ത എന്നീ ഫ്ലൂറസെന്റുകൾ. ഇവ അടിച്ചു കഴിഞ്ഞാൽ വാർണീഷിട്ട്‌ കണ്ണാടിപോലെ തിളക്കം വരുത്തും.  മൂന്ന്‌ ദിവസം മതി ഒരു ലോറി പെയിന്റ്‌ ചെയ്യാൻ.   ആടുതോമയുടെ ‘ചെകുത്താൻ’   ആടുതോമയായി മോഹൻലാൽ തകർത്തഭിനയിച്ച സ്‌ഫടികത്തിലെ ‘ചെകുത്താൻ’ എന്ന ലോറിയുടെ ബോഡി പെയിന്റിങ് ഇവരാണ്‌ ചെയ്‌തത്‌. മാന്നാനത്തുള്ള കൈതകരി കുടുംബത്തിന്റേതാണ്‌ ലോറി. ചെകുത്താൻ എന്നെഴുതിയത്‌ സിനിമാ പ്രവർത്തകർ.   കോട്ടയം ഗുഡ്‌സ്‌ ഷെഡ്‌ യാർഡിലെ നൂറോളം ലോറികളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്‌. കോവിഡ്‌ വന്നതോടെ അവസരം കുറഞ്ഞു. അടുത്തിടെ രണ്ട്‌ ലോറിയിൽ  മാത്രമാണ്‌ വരയ്‌ക്കാൻ സാധിച്ചത്‌. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,  എറണാകുളം ജില്ലകളിൽ പോയി ചിത്രം വരച്ചിട്ടുണ്ട്‌.     പാകിസ്ഥാനി ലോറി എന്ന അത്ഭുതം   പാകിസ്ഥാനി ലോറി പെയിന്റിങ്ങുകൾ എന്നും അത്ഭുതമാണ്‌. ചിന്തിക്കാവുന്നതിന്‌ അപ്പുറമാണ്‌ അതിലെ കല. ഒരുപാട്‌ ഡിസൈനുകൾ ഉണ്ടാകും. ചെറുപ്പത്തിൽ എവിടെ ലോറികൾ കണ്ടാലും അതിലെ ചിത്രങ്ങൾ നോക്കി നിൽക്കുമായിരുന്നു. ലോറി ചിത്രങ്ങൾ ഉപജീവനമായി തെരഞ്ഞെടുത്തശേഷം പുതിയത്‌ കണ്ടാൽ ശ്രദ്ധിക്കും.  നോക്കി പഠിക്കും.   വേറിട്ട്‌ ജീവിക്കാൻ അറിയില്ല   തോമസും ജോർജും വിവാഹം ചെയ്‌തതും ഇരട്ടകളെ‌. പാലാ അരുണാപുരം സ്വദേശിനികളായ സോണി, തോമസിന്റെയും സോഫി, ജോർജിന്റെയും ജീവിതസഖികളായി. ജെറി, ജീന എന്നിവരാണ്‌ തോമസിന്റെ മക്കൾ. ജേക്കബ്‌, റബേക്ക എന്നിവർ ജോർജിന്റെ മക്കളും. ഒരേ വീട്ടിലാണ്‌  താമസം. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന്‌ പാലായിൽ ഒരു വീടുണ്ട്‌. അങ്ങോട്ടുള്ള വരവും പോക്കും ഒരുമിച്ചുതന്നെ.‘ഞങ്ങൾക്കിടയിൽ എന്റേത്‌ നിന്റേത്‌ എന്നില്ല. വേറിട്ട്‌ ജീവിക്കാൻ അറിയില്ല.’ ലോറി സഹോദരൻമാർ പറയുന്നു. Read on deshabhimani.com

Related News