കാണാപ്പാഠത്തിലെ കാഴ്‌ചകൾ



അധ്യാപികയായ ഡോ. സംഗീത കെ കെ പിയുടെ കാണാപ്പാഠം എന്ന സിനിമ കുഞ്ഞുങ്ങളുടെ കുഞ്ഞുനോവുകളെ കുറിച്ചുള്ള ആഖ്യാനമാണ്‌ ആർദ്രമായ കാഴ്‌ചകളുടെ തുടർക്കണി തന്നെയാണ് കാണാപ്പാഠം (By Heart) എന്ന കുഞ്ഞുസിനിമ. കുട്ടികളും അധ്യാപകരുമടങ്ങുന്ന സ്‌കൂൾ അന്തരീക്ഷമാണ് ചിത്രത്തിന്റെ പരിസരം. കുഞ്ഞുങ്ങളുടെ കുഞ്ഞുനോവുകളെക്കുറിച്ചുള്ള ഈ ചിത്രം  ഉടൻ ഒടിടിയിൽ റിലീസ്‌ ചെയ്യും. ബാല്യത്തെ അലങ്കരിക്കുന്നത് വർണശബളങ്ങളായ സ്വപ്‌നങ്ങളാവാം. പക്ഷേ, കുരുന്നുകളെ കുത്തിനോവിച്ച അനുഭവങ്ങളും തീർച്ചയായും കൂടെക്കാണും. അത്തരമൊന്നിന്റെ ധ്വന്യാത്മക ചിത്രണമാണ് ഡോ. സംഗീത കെ കെ പി എന്ന സംവിധായികയുടെ ഈ കന്നിച്ചിത്രം. കാഴ്‌ചക്കാരുടെ വൈയക്തികവും വൈകാരികവുമായ അനുഭവങ്ങളുടെ തടങ്ങളെ തൊട്ടുനനച്ചുകൊണ്ട് മൂന്ന് കാലത്തിന്റെ മഴച്ചാലുകളൊന്നിച്ചൊന്നായൊഴുകിപ്പോവുന്നു ഈ ചിത്രം. തീർച്ചയായും ആ ഒഴുക്കിൽ പ്രേക്ഷകന്റെ ഒരിറ്റു കണ്ണീരുമലിഞ്ഞു കിടപ്പുണ്ടാവും. അനാഥത്വത്തിന്റെ തേങ്ങൽ ഈ ചിത്രത്തിന്റെ ആന്തരശ്രുതിയാണ്‌. പെൻസിലില്ലാത്തതിനാൽ ശിക്ഷിക്കപ്പെടുന്ന പെൺകുട്ടിയിലും കുറ്റിപ്പെൻസിലുകൾ സൂക്ഷിച്ചുവയ്‌ക്കുന്ന അധ്യാപികയിലും പരിഹരിക്കാനാവാത്ത ഒറ്റപ്പെടലിന്റെ നിഴലുണ്ട്.  പെൻസിൽച്ചുരുളുകൾക്കിടയിലൂറുന്ന ചോരപ്പാട് ഗാന്ധിയുടെ നെറ്റിത്തടത്തിലും ഉറപൊട്ടുന്നത് തീർച്ചയായും ചില രാഷ്ട്രീയ വിവക്ഷകളിലേക്കുള്ള സൂചന തന്നെയാവണം.  കവി പി രാമനടക്കമുള്ള അഭിനേതാക്കൾ സ്വാഭാവികമായ ഇടപെടലിലൂടെ ശ്രദ്ധേയരാവുന്നു. കാന്തി, ഉടുപ്പ്, റെഡ് റിവർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ സുനിൽ പ്രേം ആണ് ‘കാണാപ്പാഠ'ത്തിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം: ജെയ്സൻ ജെ നായർ. ശബ്ദമിശ്രണം: ഗണേഷ് മാരാർ.   Read on deshabhimani.com

Related News