ഇല്ല കുറുക്കു പാത നമുക്കു മുന്നിൽ



സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായ ‘ലോകം’ എന്ന മ്യൂസിക്കൽ ആൽബത്തെക്കുറിച്ച്‌ ശബരീഷ്‌ വർമ ഒന്നായി തടുത്തുനിർത്താം, തുടച്ചുനീക്കാം ഉയിർത്തെണീക്കുവാനായി   ഇല്ല കുറുക്കുപാത, നമുക്കു മുന്നിൽ  ഉറച്ച നെഞ്ചു മാത്രം. ഗാനരചയിതാവും നടനുമായ ശബരീഷ് വർമയുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബം ‘ലോക’ത്തിലെ വരികൾ‌. മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലി, നിവിൻ പോളി, വിനീത് ശ്രീനിവാസൻ എന്നിവരുൾപ്പെടെ 18 അഭിനേതാക്കളെയും പാട്ടിന്റെ തന്നെ അണിയറ പ്രവർത്തകരെയുംവച്ച് തയ്യാറാക്കിയ ആൽബം ഇതിനകം രണ്ടു ലക്ഷത്തിൽപ്പരം ആളുകളാണ് കണ്ടത്. പാട്ടിന്റെ വിശേഷങ്ങളിലേക്ക്. മ്യൂസിക് വീഡിയോ എന്ന ആശയം ലോക്‌ഡൗൺ കാലമായതിനാൽ മറ്റു വർക്കുകൾ ഉണ്ടായിരുന്നില്ല. അങ്ങനെ കുറെ എഴുതാനും വായിക്കാനും തുടങ്ങി. പാട്ടിന്റെ വരികളൊക്കെ അങ്ങനെ കുറിച്ചുവച്ചതാണ്. അമിതാബ്‌ ബച്ചനും മമ്മൂട്ടിയും ഉൾപ്പെടെ നിരവധിപേർ അഭിനയിച്ച ഒരു ഷോർട്ട്‌ ഫിലിം കണ്ടിരുന്നു. അങ്ങനെയാണ് പരിമിതമായ സൗകര്യങ്ങളിലും വീഡിയോ ചെയ്യാമെന്ന ആശയമുണ്ടായത്. പാട്ടിന്റെ റഫ് മിക്‌സ്‌ വന്നപ്പോൾ അടുത്ത സുഹൃത്തുക്കൾക്കൊക്കെ അയച്ചുകൊടുത്തു. പിന്നീട് അവരോട് വീഡിയോ അയച്ചുതരാൻ പറഞ്ഞു. ആദ്യം വീഡിയോ തന്നത് വിനീത് ശ്രീനിവാസൻ. അത് പിന്നീട് മറ്റുള്ളവർക്ക് റഫറൻസായി നൽകി. ഏതു വരികൾ ആരൊക്കെ പാടണമെന്ന് കൃത്യമായി പറഞ്ഞു മനസ്സിലാക്കി. ഓരോരുത്തരെക്കൊണ്ടും രണ്ടും മൂന്നും ടേക്ക് എടുപ്പിച്ചു. ഏറ്റവും ഇഷ്ടപ്പെട്ടത് ആരുടെ വിഡിയോയാണ് അൽഫോൺസ്, വിനീത്, കിച്ചു (കൃഷ്‌ണ ശങ്കർ), സിജു എന്നിവരുടേതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ബാക്കി ആരുടെയും മോശമാണെന്നല്ല. ഒരുപടി കൂടെ കടന്നു പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്‌തമായി വീഡിയോ ചെയ്‌തത് ഇവരായിരുന്നു. ആസിഫ് അലിയുടെയും ദർശനയുടെയും നന്നായിരുന്നു. വീഡിയോ സിനിമാ മേഖലയിലുള്ള നിരവധിപേർക്ക് അയച്ചുകൊടുത്തിരുന്നു. എന്നാൽ, അവരെക്കാൾ മികച്ച അഭിപ്രായം ലഭിച്ചത് പ്രേക്ഷകരിൽനിന്നാണ്. അജ്മൽ സാബു എന്ന എഡിറ്ററിലേക്ക്‌ അജ്മൽ സാബു വീഡിയോയുടെ അഭിഭാജ്യഘടകമാണ്. മ്യൂസിക് പ്രൊഡക്‌ഷൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന കിഷൻ മോഹനാണ് അജ്മലിനെ നിർദേശിക്കുന്നത്. പാട്ടിന്റെ സെക്കൻഡ്‌ പാർട്ടായ തുടരുമിനിയും എന്നതിലെ ഓരോ വാക്കും  ഓരോരുത്തരാണ് പറയുന്നത്. കൃത്യമായ ചുണ്ടനക്കം അതിനാവശ്യമാണ്. അടുത്തുകണ്ടതിൽ വച്ച് ഏറ്റവും നന്നായി ആ ജോലി ചെയ്യുന്നത് അജ്മലാണ്. ചോദിച്ചപ്പോൾ തന്നെ വീഡിയോയുടെ ഭാഗമാകാമെന്ന്‌ അജ്മൽ സമ്മതിച്ചു. തിരക്കുണ്ടായിരുന്നെങ്കിലും അജ്മൽ വീഡിയോ നിർമാണത്തിന്റെ ആദ്യംമുതൽ അവസാനം വരെയുണ്ടായിരുന്നു. മൂന്നും നാലും വട്ടം തിരുത്തലുകൾ പറഞ്ഞപ്പോഴൊക്കെയും ക്ഷമയോടെ സഹകരിച്ചു. അജ്മലിന്റെ സംഭാവന വീഡിയോക്കും ഗുണം ചെയ്‌തു. എന്തുകൊണ്ട്‌  മുഖ്യമന്ത്രിയുടെ ശബ്ദം? ലോകത്തിന്‌  തന്നെ മാതൃകയാണ്‌ കേരളം. ആ കേരളാ മോഡലിനു കാരണം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും അടങ്ങുന്ന മന്ത്രിസഭയുടെയും ആരോഗ്യ വകുപ്പിന്റെയും പരിശ്രമമാണ്. അവരെയും കൂടി വീഡിയോയുടെ ഭാഗമാക്കണമെന്ന ആശയത്തിലൂടെയാണ്  മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്തത്. ലാഭം ലക്ഷ്യമിട്ടല്ല വീഡിയോ നിർമിച്ചത്. ഈ വീഡിയോ വഴി ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് തീരുമാനം. കോവിഡ് കാലത്തെ തൊഴിൽ, ജീവിതം  വാക്‌സിൻ വരുംവരെ കാത്തിരിക്കണം. വിവിധ രാജ്യങ്ങളിൽ പരീക്ഷണം നടക്കുന്നുണ്ട്. എക്കാലവും അടച്ചുപൂട്ടിയിരിക്കാനാവില്ലല്ലോ. നിയന്ത്രങ്ങളോടെ മുന്നോട്ടുപോകുക എന്നതാണ് പോംവഴി.  എന്നാൽ, ആ പരിമിതിയിൽ ജോലി തുടരാൻ സാധിക്കുമെന്ന്‌ നമ്മളിപ്പോൾ കണ്ടു. സി യു സൂൺ പോലുള്ള സിനിമകൾ അതിന്‌ ഉദാഹരണം.  ഭാവി പ്രോജക്ടുകൾ സൈജു കുറുപ്പ് നായകനാകുന്ന ഉപചാരപൂർവം ഗുണ്ട ജയൻ എന്ന സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  വിഷുവിന്‌ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ആഗ്രഹം.  അർജുൻ അശോകൻ നായകനാകുന്ന മെമ്പർ രമേശൻ ഒമ്പതാം വാർഡിലും അഭിനയിച്ചു. ഈ സിനിമയിലെ മുഴുവൻ പാട്ടും എഴുതുകയും ചെയ്‌തു.   ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്.  തിയറ്ററിൽ വേണോ ഒടിടി പ്ലാറ്റ്‌ഫോമിൽ   വേണോ എന്നതും നിശ്ചയിച്ചിട്ടില്ല. സംവിധായകൻ ആകുമോ? സിനിമയാണ് തൊഴിലിടം. അതിനാൽ അതിൽ തന്നെയുള്ള എല്ലാം മേഖലയിലും പ്രവർത്തിക്കണമെന്നുണ്ട്. സംവിധാനവും തിരക്കഥയുമൊക്കെ മനസ്സിലുണ്ട്. സിനിമ ഇക്കൊല്ലം ചെയ്യണമെന്ന് കരുതിയതാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്ദേശിച്ചപോലെ ഷൂട്ട്‌ ചെയ്യാൻ കഴിയില്ല. പക്ഷേ, ഇതെല്ലാം അടുത്തുതന്നെ ഉണ്ടാകും. Read on deshabhimani.com

Related News