തണലാണ്‌ വാക്ക്‌



‘‘നീ കാക്ക ഞാൻ കുയിൽ ഇല്ലി നീ പെറുക്കണം കൂടും നീ കൂട്ടണം, ഞാൻ മുട്ടയിടാറാവുമ്പോൾ വരാം’’  ...സമകാലിക സാമൂഹ്യജീവിതത്തിലെ ബുദ്ധിജീവിതങ്ങളെയാണ്‌ കവി വിനോദ്‌ കെ നമ്പ്രത്തിന്റെ  ഈ വരികൾ ഓർമിപ്പിക്കുന്നത്‌. പറഞ്ഞുകേട്ട പഴയൊരു കഥയ്‌ക്കിപ്പുറം ഇന്നും നമ്മുടെ വർത്തമാനജീവിതത്തിൽ പ്രസക്തമായ ഈ നിരീക്ഷണം കവിയുടെ നിലപാട്‌ പ്രഖ്യാപനമാണ്‌. കവിതയെന്നത്‌ കേവലമായ  ആത്മാവിഷ്‌കാരത്തിലുപരി സാമൂഹ്യജീവിതഭാവങ്ങളെ അടയാളപ്പെടുത്തൽ കൂടിയാണെന്ന വലിയ ഓർമപ്പെടുത്തലാണ്‌ വിനോദ്‌ നിർവഹിക്കുന്നത്‌. ‘സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുന്നവിധ’മെന്ന പുതിയ കവിതാസമാഹാരം അതിനാൽ സാമാന്യ വായന മാത്രം ആവശ്യപ്പെടുന്ന ഒന്നല്ല, സാംസ്‌കാരികമായും രാഷ്‌ട്രീയവുമായും ഒരുപാട്‌ അടരുകളുള്ളതും പലവിധത്തിൽ വായിക്കാവുന്ന ബഹുസ്വരങ്ങളുമുണ്ട്‌ ഇതിൽ. മുദ്രാവാക്യ കവിതയെന്ന പരിഹാസത്തിൽ മുക്കാനാകാത്ത ജീവിതാനുതാപങ്ങളുടെ പ്രകാശനവുമുണ്ട്. ജാതിയെന്ന ശീർഷകത്തിലുള്ള കവിതയുടെ വായന അത്‌ വ്യക്തമാക്കും. ‘ഒരുമിച്ചാണുണ്ടത്‌, ഉറങ്ങിയതും ഒരുമിച്ച്‌, സ്വപ്‌നം കണ്ടതും പങ്കുവച്ചതും ഒരുമിച്ച്‌, പിന്നെയെപ്പോഴാണ്‌, നമുക്കിടയിൽ ഓരോ വാലുമുളച്ചത്‌’. ജീവിതത്തിന്റെ വെയിൽപ്പുളപ്പിൽ വിയർക്കുമ്പോൾ തണലാണ്‌ തനിക്ക്‌ വാക്കെന്ന്‌ ‘ഒരു കവിജീവിതം അടയാളപ്പെടുത്തുന്നത്‌’ എന്ന കവിതയിൽ പറഞ്ഞുവച്ചിട്ടുണ്ട്‌. ക്ലീഷെ, സെൽഫി, തപാൽ –-നിറവുകളുടെ  പുസ്‌തകം തുടങ്ങിയ കവിതകൾ പുതിയകാല ജീവിതത്തോടുള്ള വിമർശമാണ്‌. ‘പല വേഷങ്ങളിൽ, പല നിറങ്ങളിൽ, പല കാലങ്ങളിൽ, വേരുകളില്ലാത്ത ഞാൻ’ എന്നതിലൂടെ മുഖപുസ്‌തകങ്ങളിലും ഇതര സമൂഹമാധ്യമങ്ങളിലും വേഷമാടുന്ന ജീവിതങ്ങളെ മാത്രമല്ല സൂചിപ്പിക്കുന്നത്‌, അപരനെയും അയൽക്കാരനെയും അറിയാതെ സമൂഹത്തിൽ സവിശേഷമായ മനോരോഗം പടരുന്നതിനെക്കുറിച്ച്‌ കൂടിയാണ്‌. 54 കവിതയാണ്‌ ഈ സമാഹാരത്തിലുള്ളത്‌. Read on deshabhimani.com

Related News