മതത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനെതിരെ



ഗുജറാത്ത്‌ വംശഹത്യക്കെതിരെ ശബ്ദമുയർത്തുകയും ഇരകൾക്ക് നീതികിട്ടാനുള്ള പ്രവർത്തനങ്ങൾക്ക്‌ ഇറങ്ങിത്തിരിക്കുകയുംചെയ്ത ടീസ്ത സെതൽവാദും  2002ലെ ഗുജറാത്ത്‌ വംശഹത്യക്കാലത്ത് നാലു മാസത്തോളം അവിടത്തെ എഡിജിപി (ഇന്റലിജൻസ്)ആയിരുന്ന ആർ ബി ശ്രീകുമാറും റിമാൻഡ് തടങ്കലിലാണ്‌.  ഈ സാഹചര്യത്തിലാണ്‌ ആർ  ബി  ശ്രീകുമാർ രചിച്ച Gujarat Behind the Curtain എന്ന പുസ്തകം വീണ്ടും വായനയ്‌ക്കെടുത്തത്‌. എൻ എസ് സജിത്‌ തയ്യാറാക്കിയ മലയാള പരിഭാഷ (ഗുജറാത്ത്- തിരശ്ശീലയ്ക്ക്  പിന്നിൽ)  മൂന്നു വർഷംമുമ്പ് കോഴിക്കോട്ട് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ  പ്രകാശിപ്പിച്ചത് ടീസ്ത സെതൽവാദ് ആയിരുന്നു. 13 അധ്യായവും എൽ കെ അദ്വാനിക്കും പ്രധാനമന്ത്രിക്കും ആർ ബി ശ്രീകുമാർ എഴുതിയ രണ്ടു കത്തുമടങ്ങിയ പുസ്തകം ഭരണഘടനാ മൂല്യങ്ങൾക്കോ മനുഷ്യാനുകമ്പയ്‌ക്കോ വിലകൽപ്പിക്കാത്ത രാഷ്ട്രീയനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. അവർക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥരെയും നിയമവ്യവസ്ഥയെയും തുറന്നുകാട്ടുന്നു. ഇന്ത്യയിലെ ഭൂരിപക്ഷ, -ന്യൂനപക്ഷ വർഗീയ ഗ്രൂപ്പുകളെ ഫലപ്രദമായി തടയുന്നതിൽ മതനിരപേക്ഷ പാർടികളുടെ ഉദാസീനതയും ചൂണ്ടിക്കാട്ടുന്നു.  ഗുജറാത്തിൽ വർഗീയശക്തികൾ പിടിമുറുക്കാനുണ്ടായ ചരിത്രപശ്ചാത്തലം  ആദ്യ അധ്യായത്തിൽ അവതരിപ്പിക്കുന്നു. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുകയെന്ന പ്രാഥമികമായ ഭരണകൂട ഉത്തരവാദിത്വത്തിൽനിന്ന്‌  പൊലീസ് സംവിധാനം എങ്ങനെ അന്യവൽക്കരിക്കപ്പെട്ടു എന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ആർ ബി ശ്രീകുമാർ അവതരിപ്പിക്കുന്നത്. ഇന്റലിജൻസ് മേധാവിയെന്നനിലയ്‌ക്ക് താൻ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ അനുഭവങ്ങളും പങ്കുവയ്‌ക്കുന്നു.  രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണത്തിനും മതത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനുമെതിരായ ശക്തമായ താക്കീതാണ് ഈ പുസ്തകം. Read on deshabhimani.com

Related News