ഗുണ്ട്‌ പൊട്ടുന്നത്‌ വെറുതെയല്ല

ടീം ഗുണ്ട്‌


നമുക്ക്‌ ചുറ്റും നടക്കുന്ന സംഭവങ്ങളെ പ്രമേയമാക്കി തുടർച്ചയായി ചെറു സിനിമകളാക്കി ഇറക്കുകയാണ്‌ ഇരിട്ടിയിലെ ടീം ഗുണ്ട്‌. പ്രേക്ഷകരിൽ ചിരിയും ചിന്തയും പടർത്തിയാണ്‌ മൂന്ന്‌ മിനിറ്റുമുതൽ ദൈർഘ്യമുള്ള ഗുണ്ടിന്റെ യുട്യൂബ്‌ സിനിമകൾ. പാടങ്ങളും ചെളിവരമ്പുകളും കുന്നുകളും താണ്ടി പൊട്ടിപ്പൊളിഞ്ഞ്‌ വീഴാറായ പടിപ്പുര മാളികയിൽ പെണ്ണ്‌ കാണാനെത്തുന്ന ഒരു ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ യുട്യൂബ്‌ സിനിമയായ ‘പെണ്ണ്‌കാണൽ’. വധുവിനെ തേടിയെത്തിയ യുവാവിന്റെ ജോലി പെണ്ണിന്റെ അമ്മ ചോദിക്കുന്നേടത്താണ്‌  ട്വിസ്‌റ്റ്‌.  സർക്കാർ ജോലിക്കാർക്കേ മകളെ കെട്ടിച്ചയക്കൂ എന്ന പ്രഖ്യാപനവും പിന്നാലെ. പതിയെ മുറ്റത്തേക്കിറങ്ങിയ ഉദാരമതിയായ നായകൻ കീശയിൽനിന്ന്‌ അഞ്ഞൂറ്‌ രൂപ പെണ്ണിന്റെ അമ്മയ്‌ക്ക്‌ നൽകി പറയുന്നു. ‘അമ്മേ, കോലായിൽ നല്ലൊരു കസേര വാങ്ങിയിട്‌. സർക്കാർ ജോലിക്കാരൻ കാണാൻ വന്നാൽ ഇരിക്കട്ടെ’–-ഗുണ്ടിന്റെ വൈറലായ ആദ്യ സിനിമയാണിത്‌. ഫെയ്‌സ്‌ബുക്കിൽ പത്ത്‌ ലക്ഷത്തിലധികം പേർ  സിനിമ കണ്ടു. പുന്നാട്ടെ രതികലയാണ്‌ അമ്മയായി  പകർന്നാടിയത്‌. പുകയില വിരുദ്ധ പ്രചാരണത്തിനായി ചിത്രീകരിച്ച രണ്ടാം ചിത്രം "പൊകേല’യും ഹിറ്റ്‌. ഈ ബോധവൽക്കരണ വീഡിയോ സംസ്ഥാന എക്സൈസ് വകുപ്പ്‌  വിമുക്തി ഫെയ്‌സ്ബുക് പേജിൽ ഷെയർ ചെയ്തു. ‘ഓപ്പറേഷൻ ത്രീ ജി’ ഈയിടെ റിലീസായി. യുട്യൂബ്‌ പ്രാങ്കർമാരുടെ അനവസരത്തിലെ ഇടപെടലുകളും അന്യരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും ഉണ്ടാക്കുന്ന അലോസരങ്ങളെ കുറിച്ചാണീ സിനിമ. ഇതിനിടയിൽ മതേതര വിവാഹം പ്രമേയമാക്കി ഇറങ്ങിയ സിനിമയും വൈലാണ്‌. പുതിയ സിനിമ ‘പിടികിട്ടാപ്പുള്ളി’യുടെ ചിത്രീകരണത്തിലാണ്‌ ഗുണ്ട്‌ ടീമിപ്പോൾ. അജിത്ത് പുന്നാട്, പ്രജിത്ത് ഐമാക്‌സ്‌, നിജിത്ത് നിട്ടൂരാൻ, രതീഷ് ഇരിട്ടി എന്നിവരാണ്‌ ടീമിൽ. രാജീവ് പുന്നാട്, രതികല പുന്നാട്, അശോകൻ മണത്തണ എന്നിവരും വേഷമിടുന്നു. ഓൺലൈൻ കാസ്റ്റിങ്ങിനും ഗുണ്ടിനൊപ്പം ചേരാം. സൗജന്യ രജിസ്ട്രേഷന്‌ ഗുണ്ട്‌ യുട്യൂബ്‌ ചാനലിൽ ബന്ധപ്പെടാം. Read on deshabhimani.com

Related News