ഞാൻ തന്നെയാണോ ഗോഡ്സെ?



നാഥുറാം വിനായക്‌ ഗോഡ്‌സെയുടെ വെടിയുണ്ടയ്‌ക്ക്‌ ഇരയായി വീണ ഗാന്ധിജി. ചരിത്രവും കേൾവിയും പഠനവിധേയമാക്കി ടോം വട്ടക്കുഴി വരച്ച ഈ ഛായാചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്‌. എത്രയൊക്കെ വരച്ചിട്ടും പുതുകാലത്തിന്റെ നീതിക്കായി വീണ്ടും വീണ്ടും മാറ്റി വരയ്‌ക്കുകയാണ്‌ ടോം വട്ടക്കുഴി ദൃശ്യ കലയിൽ ഗാന്ധിജി ഒരു പ്രതീക്ഷയോ പ്രചോദനമോ ഒക്കെയാണ്‌. ശാന്തിനികേതനിൽ കലാപഠനം നടത്തുന്ന  കാലത്താണ് ഇന്ത്യൻ ആധുനിക കലയുടെ ആദ്യകാല ആചാര്യന്മാരായ നന്ദലാൽ ബോസിന്റെയും രാം കിങ്കർ ബേയ്ജിന്റെയും കലാസൃഷ്ടികൾ പരിചയിക്കുന്നത്. 1930ലെ ഉപ്പുസത്യഗ്രഹത്തെ തുടർന്ന് ഗാന്ധിജിയെ പ്രമേയമാക്കി ഈ മഹാരഥന്മാർ ചെയ്ത കലാസൃഷ്ടികൾ ഏത് പ്രതിസന്ധികളെയും മറികടന്ന് മുന്നേറാനുള്ള കരുത്തും ഊർജവും നിശ്ചയദാർഢ്യവും പ്രസരിപ്പിക്കുന്നവയായിരുന്നു.  ഉറച്ച കാൽവയ്‌പോടെ നീണ്ടുനിവർന്ന് മുന്നോട്ടാഞ്ഞുനിൽക്കുന്ന ഗാന്ധിജിയുടെ ശരീരഭാഷ തന്നെ ആ കാലത്തിന്റെ വലിയ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമാണ്‌. എന്നാൽ, വർഷങ്ങൾക്കിപ്പുറം അന്നുകണ്ട സ്വാതന്ത്ര്യം എന്ന വലിയ സ്വപ്‌നത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട്‌ അടുക്കുമ്പോൾ ചോരവാർന്ന്‌ ജീവനറ്റ ഗാന്ധിജിയിലേക്കാണ്‌ ഞാൻ എത്തിപ്പെടുന്നത്‌. ഗാന്ധിജിയും ഗാന്ധിയൻ ദർശനങ്ങളും അലമാരയിൽ സൂക്ഷിക്കാൻ മാത്രം ഉതകുന്ന ഒരു പഴയകാല ഓർമയായോ, ഗാന്ധി സ്മൃതികൾ സത്യസന്ധതയില്ലാത്ത ആചാരമായോ ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു. സാങ്കേതിക വളർച്ചയിലും ആഗോളവൽക്കരണത്തിലും  ഉദാരവൽക്കരണത്തിലും ഉപഭോഗപരതയിലുമൊക്കെ വളരെവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സത്യാനന്തര ലോകത്ത്‌ ഗാന്ധിജി വലിയ രീതിയിൽ ആക്രമിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നു. ചരിത്രത്തെത്തന്നെ വക്രീകരിക്കാനുള്ള പരിശ്രമങ്ങൾ പലകോണുകളിൽ നിന്നും ഏറി വരുന്നു. ഈ സാഹചര്യത്തിലാണ് ‘ഡെത്ത് ഓഫ് ഗാന്ധി' എന്ന പെയിന്റിങ്‌  ആശയം രൂപപ്പെട്ടത്. ഡെത്ത് ഓഫ് ഗാന്ധി, ഒരു വശത്ത് മാറുന്ന വ്യവസ്ഥയുടെ പ്രതീകം എന്ന നിലയിൽ വർത്തിക്കുമ്പോഴും വെടിയേറ്റുവീണ ആ നിമിഷത്തിന്റെ എല്ലാ വികാര വിക്ഷോഭങ്ങളും നാടകീയതയും അനുഭവവേദ്യമാക്കുന്ന തരത്തിൽ ആ നിമിഷത്തോട് നീതി പുലർത്തുന്ന  പെയിന്റിങ്ങാണ് ഞാൻ ആഗ്രഹിച്ചത്‌.  അതിലേക്കുള്ള ആദ്യപടിയായി പല പുസ്തകങ്ങളും ആ കാലത്തെ ന്യൂസ് ക്ലിപ്പിങ്ങുകളും ഒക്കെ നോക്കേണ്ടിവന്നിട്ടുണ്ട്. സാധാരണ വായന പോലെയോ മനസ്സിലാക്കൽ പോലെയോ അല്ല ഒരു പെയിന്റിങ്ങിന് വേണ്ട റിസോഴ്സ് മെറ്റീരിയൽ കണ്ടെത്താനായുള്ള പഠനം. ഒരു ചിത്രകാരന് പ്രധാനമായും വേണ്ട പല അറിവുകളും  സാധാരണ ചരിത്ര വായനയിൽ നിന്നും ലഭിക്കാനിടയില്ല. അങ്ങനെയാണ് അക്കാലത്തെ പല ന്യൂസ് പേപ്പർ കട്ടിങ്ങുകളും തേടിപ്പോയത്. ഇറ്റാലിയൻ നവോത്ഥാന കലാകാരനായ ജിയോത്തോയുടെ ‘ലാമെന്റേഷൻ', ഫ്രാൻസിസ്കോ ഗോയയുടെ ‘തേഡ് ഓഫ് മെയ്’, ജാക്വിസ് ലൂയിസ് ഡേവിഡിന്റെ ‘ ഡെത്ത് മാരാ' തുടങ്ങിയ ചിത്രങ്ങൾ എന്നിലുളവാക്കിയ വൈകാരികാനുഭവം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ ആദ്യരൂപരേഖ തയ്യാറാക്കിയത്. പെയിന്റിങ്ങിൽ ഉപയോഗിച്ചിട്ടുള്ള സ്ഥല വിന്യാസം ചോര വാർന്നു കിടക്കുന്ന ഗാന്ധിജിയുടെ ചുറ്റുമുള്ള ആൾക്കൂട്ടത്തിലൊരാളായി കാഴ്ചക്കാരനും മാറുന്ന രീതിയിലാണ്. വെടിയുതിർക്കുന്ന സമയത്ത് ഗോഡ്സെ നിലയുറപ്പിച്ചിരുന്നതും അതേ കോണിൽ തന്നെയാകണം. സൂക്ഷ്മമായ നിരീക്ഷണത്തിൽ ഞാൻ തന്നെയാണോ ഗോഡ്സെ എന്ന ഒരു ആശങ്കയോ വിഭ്രാന്തിയോ കാഴ്ചക്കാരിൽ ഉണർത്തണം എന്ന ചിന്തയിലാണ് അത്തരം ഒരു സ്ഥല ക്രമീകരണം സ്വീകരിച്ചത്. ഒരു നടൻ അയാൾ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവം ഉൾക്കൊള്ളുന്ന പോലെ, ഒരെഴുത്തുകാരൻ  കഥാപാത്രത്തിന്റെ മാനസിക വ്യാപാരലോകത്ത്‌ മനസ്സുകൊണ്ട് അനുധാവനം ചെയ്യുന്നപോലെ ഒരു ചിത്രകാരനും അയാൾ വരയ്ക്കുന്ന രംഗവുമായും കഥാപാത്രങ്ങളുമായും തന്മയീഭവിക്കേണ്ടതുണ്ട്. ‘ഡെത്ത് ഓഫ് ഗാന്ധി’ എന്ന ചിത്രത്തിന്റെ രചനാ ഘട്ടത്തിൽ ഞാൻ നേരിട്ട ഒരു വെല്ലുവിളി ഇത്ര വികാര തീക്ഷ്ണമായ ദൃശ്യാനുഭവം പെയിന്റ്‌ ചെയ്തു തീരുന്നതുവരെ മനസ്സിൽ പേറി നടക്കണം എന്നതാണ്.  ഞാൻ കണ്ടുപിടിച്ച എളുപ്പവഴി കേന്ദ്രകഥാപാത്രമായ ഗാന്ധിജിയെയും ചുറ്റുമുള്ള ആൾക്കൂട്ടത്തെയും എല്ലാം പെയിന്റ്‌ ചെയ്തശേഷം ഏറ്റവും അവസാനം വെടിയേറ്റ മുറിപ്പാടുകളും തളം കെട്ടിക്കിടക്കുന്ന രക്തവും വരച്ചു ചേർക്കാം എന്നതാണ്. അങ്ങനെ വരുമ്പോൾ രക്തച്ചൊരിച്ചിലിന്റെ, ഭീകരാനുഭവത്തിന്റെ ദൈർഘ്യം കുറച്ചെടുക്കാൻ പറ്റുമല്ലോ എന്നു കരുതി. എന്നാൽ പെയിന്റിങ്‌ തീർന്നപ്പോൾ ആ നിമിഷത്തിന്റെ വികാര തീവ്രതയ്ക്കനുരൂപമായ വികാരവിക്ഷോഭവും ശരീരഭാഷയും ചുറ്റുള്ള ആൾക്കൂട്ടത്തിന് കൈവന്നിട്ടില്ലെന്നു തോന്നി. അങ്ങനെ ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ ഭാവവിക്ഷോഭങ്ങൾ കൂടുതൽ തീക്ഷ്‌ണമാക്കിയും മറ്റുചിലരെ കൂട്ടിച്ചേർത്തും മാറ്റിവരക്കേണ്ടിവന്നു. ഇനിയും തോന്നുന്ന ചില ഭേദഗതികളോടെ ഒമ്പതടിയോളം ഉയരമുള്ള ഒരു വലിയ ക്യാൻവാസിലേക്ക് പെയിന്റ് ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണിപ്പോൾ ഞാൻ. Read on deshabhimani.com

Related News