വായന



ബൃഹത്തായ ചരിത്രശേഖരം ഇക്‌ബാൽ കറുകപ്പിള്ളി ‘കൊച്ചി വില്ലിങ്‌ടൺ ഐലൻഡിന്റെ ഇന്നലത്തെ കഥ’ എന്ന ഉപ്പത്തിൽ ഖാലിദിന്റെ ചരിത്രഗ്രന്ഥം രസകരമായ വായനാനുഭവമാണ്. ഇന്ത്യ ഭരിച്ചിരുന്ന രാജവംശങ്ങളെക്കുറിച്ചും ആര്യന്മാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, ഹൂണന്മാർ, പാർത്തിയൻസ്, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ. ഇംഗ്ലീഷുകാർ തുടങ്ങിയവരുടെ അധിനിവേശചരിത്രവും സവിസ്‌തരം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്ന സ്ഥാപനം ഇന്ത്യയെ മുഴുവനായി ഗ്രസിച്ചതിന്റെ ചരിത്രം വരികളിൽ സ്‌പന്ദിക്കുന്നു.  ജയിംസ് രാജാവ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന കാലത്ത് അന്നത്തെ മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ രാജസന്നിധിയിലേക്ക് വന്ന തോമസ് റോ എന്ന നയതന്ത്രജ്ഞനിൽനിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ യാത്ര തുടങ്ങുന്നത്. അന്ന് ജഹാംഗീർ ഭരിച്ചിരുന്ന ഇന്ത്യാ മഹാരാജ്യം ലോകത്ത് ഏറ്റവും സമ്പന്നമായ ഒന്നായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെയും മറ്റു നാട്ടുരാജ്യങ്ങളുടെയും പതനത്തിലേക്ക് എത്തിച്ചേർന്നതിന്റെ കാരണങ്ങളും അതിന്റെ നാൾവഴികളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം കേരള ചരിത്രവും ആദിമ ചേരന്മാരുടെ സാമ്രാജ്യരൂപീകരണവും കൊച്ചിയുടെ ചരിത്രവുമുണ്ട്‌. റോബർട്ട് ബ്രിസ്‌റ്റോ എന്ന ഹാർബർ എൻജിനിയർ കൊച്ചി തുറമുഖവും  വില്ലിങ്‌ടൺ ഐലൻഡും നിർമിക്കാൻ ഇടയാക്കിയ കാരണങ്ങളും അതിന്റെ നിർമാണവും  നേരിട്ട തടസ്സങ്ങളും പുസ്‌തകത്തിലുണ്ട്‌. കൊച്ചി തുറമുഖത്ത് മാത്രമുണ്ടായിരുന്ന ചാപ്പ, ഭൂതപ്പണ സമ്പ്രദായങ്ങൾ, കേരളത്തിലും  കൊച്ചിയിലും രൂപപ്പെട്ട തൊഴിലാളി പ്രസ്ഥാനങ്ങൾ, കൊച്ചി തുറമുഖത്ത് ഉണ്ടായ തൊഴിൽ സമരങ്ങൾ ഉൾപ്പെടെ ബൃഹത്തായ ചരിത്രശേഖരമാണ്‌ ഈ പുസ്‌തകം.   തുടികൊട്ടി താളമിട്ട് ഒപ്പംചേരുന്ന കവിത നൈജ നീരജ്‌  അധികം ദൂരെയല്ലാത്ത ഒരു കുളിരരുവിയുടെ കിലുക്കം കാതുകളിൽ വീഴുംപോലെയാണ് ഈ കവിതകൾ. തിരുമല ശിവൻകുട്ടിയുടെ ‘കാട്ടുഗദ്ദിക’ മനുഷ്യകുലത്തിന്‌ അടിസ്ഥാനമായിട്ടുള്ള ഗോത്രവർഗ സംസ്കൃതിയോട്‌ നീതിപുലർത്തുന്ന രചനയാണ്‌. നാട്ടുഗദ്ദികയും പൂജഗദ്ദികയുമാണ് ഗദ്ദികയുടെ വകഭേദങ്ങളെന്ന് കേട്ടിട്ടുണ്ട് "കാട്ടുഗദ്ദിക' രൂപത്തിൽ സംസ്കാരത്ത അറിയിക്കുകയാണ് കവി ഇവിടെ.  കാളൻ എന്ന ഗോത്ര മൂപ്പനെയും ഓർക്കുന്നു. വിശപ്പും അക്ഷരവും തീയായി പടരുമ്പോൾ കലാകാരൻ ഗദ്ദിക പാടുകയാണ്. തുടികൊട്ടി താളമിട്ട് സ്വയം മറന്നുപാടുന്നു. സാധാരണക്കാരന് പ്രാപ്യമായവയാണ്‌ തിരുമല ശിവൻകുട്ടിയുടെ കവിതകൾ.  ജീവിതപന്ഥാവിന് എത്ര നീളമുണ്ടെന്ന്‌ ആർക്കാണ് അറിയുക. കാലത്തിനൊപ്പം സഞ്ചരിച്ചപ്പോഴാണ് എങ്ങോട്ടാണ് ഈ യാത്ര? ആരാണുണ്ടാകുക? യാത്രയുടെ അവസാന നാളുകളിലൊക്കെ? ആരായിരിക്കും നമ്മെ സഹായിക്കുക? എന്നൊക്കെ ഏതൊരു സാധാരണക്കാരനെയുംപോലെ കവിക്കും ഭയാശങ്കകൾ ഉണ്ടാകുന്നു. ‘ദിശയറിയാതെ’ എന്ന കവിത  അത്തരത്തിലൊരു സങ്കൽപ്പമാണ്. ‘ശാന്തി മന്ത്രങ്ങൾക്കിടയിൽ' എന്ന കവിത മരണം ആസന്നമായ മാനവ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനെ വരച്ചുകാട്ടുന്നു. യാത്രകളിലൂടെ ജീവിതപ്പൊരുൾ തേടുന്നതെങ്ങനെയെന്ന്‌ ‘ഹരിദ്വാറിലെ മണിമുഴക്കത്തിൽ കേൾക്കുന്നു. അമ്മയെ പല ബിംബങ്ങളിലൂടെ വരച്ചിട്ടിട്ടുണ്ട്. അകമിഴികൾ എണ്ണയില്ലാതെ കത്തിച്ച് മകനെ കാത്തിരിക്കാൻ വിധിക്കപ്പെട്ട അമ്മ. കുന്തിയെന്ന ഭാരത കഥാപാത്രത്തിന്റെ ഓർമത്തെറ്റ് രേഖപ്പെടുത്തുന്ന ‘നിഷാദപർവം’ മികച്ച രചനയാകുന്നു.   കാവ്യവഴിയിലെ തെളിനീര്‌ രാജേഷ് കടന്നപ്പള്ളി "ജീവന്റെ ചോര കിനിയുന്ന അക്ഷരങ്ങൾ’ - കൃഷ്ണൻ നടുവലത്തിന്റെ കവിതകളെ ഇങ്ങനെ വിശേഷിപ്പിക്കാം. "പൂമ്പാറ്റ സൂര്യകാന്തിയോടിങ്ങനെ’ -കാവ്യസമാഹാരം ഇതിനെ അന്വർഥമാക്കുന്നു. പ്രകൃതി, പ്രണയം, പ്രതിരോധം ഇവയുടെ അലയൊലികളാണ് കവിതകളുടെ അകക്കാമ്പ്. കണ്ണീരടർന്ന അനുഭവങ്ങളും അതിജീവനത്തിന്റെ ആശ്വാസവും പ്രകൃതിയുടെ വൃദ്ധിക്ഷയങ്ങളുമെല്ലാം ഇവിടെ സമന്വയിക്കുന്നു. നാം പരിചയിച്ച കാവ്യാനുശീലനങ്ങളുടെ തച്ചുടയ്‌ക്കലുണ്ടതിലെ വരികളിൽ. സൂര്യനെ നോക്കി അപമാനിതയായ സൂര്യകാന്തിയെയല്ല ചിത്രീകരിക്കുന്നത്. അവഗണിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ അടയാളമായി സൂര്യകാന്തി പരിലസിക്കുന്നു.  മനുഷ്യരാശിക്കായി കണ്ണീമ ചിമ്മാതെ കാക്കുന്ന കവി കുലത്തിന്റെ മഹിമയുടെ വാഴ്ത്തുപ്പാട്ടാണ് കിളിപ്പാട്ട്. പ്രളയ മഹാമാരിക്കാലങ്ങളിൽ  മനുഷ്യരെ ചേർത്തുപിടിച്ച നന്മയുടെ കരങ്ങളെക്കുറിച്ചും കവി പാടുന്നു. "പൊണ്ണോർച്ച’ ത്യാഗോജ്വലമായ സ്ത്രീജീവിതത്തിന്റെ ആഖ്യാനമാണ്. മഹാമാരിയുടെ താണ്ഡവം ആവിഷ്കരിക്കുന്ന കവിതകളാണ് അതിഥിത്തൊഴിലാളികൾ, കൊറോണ ... തുടങ്ങിയവ. ആരാധനാലയങ്ങളുടെ വാതിൽ കൊട്ടിയടയ്‌ക്കപ്പെടുകയും ദൈവങ്ങൾ പടിയിറങ്ങുകയും ചെയ്ത കാല ചിത്രങ്ങൾ കവി കാട്ടിത്തരുന്നു. മണ്ണ് - മറ്റൊരു ശ്രദ്ധേയ രചനയാണ്. അനുഭൂതിദായകമായ അറുപതോളം കവിതയാണ് സമാഹാരത്തിൽ.  കാൽപ്പനിക സൗരഭ്യം തുളുമ്പുന്ന ഭാഷ. കടുത്ത ജീവിതത്തിന്റെ ആവിഷ്കാരം. "പൂമ്പാറ്റ സൂര്യകാന്തിയോടിങ്ങനെ’ കാവ്യവഴിയിലെ തെളിനീരായി ഒഴുകുന്നു.   ചിറകടിച്ചുയരുന്ന സിസ്സർകട്ടുകൾ സുരേഷ് നാരായണൻ കരിമ്പനത്തലകളിലെ കാറ്റുപോലെയല്ല, മുൾപ്പാദുകങ്ങൾ അണിഞ്ഞ കാലുകളിൽ പിടിക്കുന്ന കാറ്റ്‌. രണ്ടുലക്ഷം ഹൃദയങ്ങളെവരെ ഒറ്റയടിക്ക്‌ നിശ്ശബ്ദമാക്കാൻ ശേഷിയുണ്ടതിന്. ക്രിക്കറ്റ് ആസ്പദമാക്കി കെ എൽ മോഹനവർമയുടെ നോവൽ ഉണ്ടെങ്കിലും ഫുട്ബോളിനെ ഉപാസിച്ചുള്ളൊരു കൃതി ഇതുവരെ ഒരു കാത്തിരിപ്പ് മാത്രമായിരുന്നു. ആ ഒരു സ്പേസിലേക്കാണ് ‘ഷൂട്ടൗട്ട്' എന്ന ത്രില്ലർ നോവലുമായി രമേശൻ മുല്ലശ്ശേരി വരുന്നത്. ‘ഗോവൻ ടീം പ്രതിരോധഭിത്തി കെട്ടുകയാണ്; എല്ലാ കണ്ണുകളും മൈതാനത്തിലാണ്. ഒരാളുടേതൊഴികെ' എന്ന വരിയിൽനിന്ന് നോവലിസ്റ്റ്  ഒരു കുരുക്കെറിയുന്നു.  അത്‌ കഴുത്തിൽ വീണ നമ്മൾ 152–-ാം പേജിലെ ഫൈനൽ വിസിൽവരെ കൂടെ ഓടിക്കൊണ്ടേയിരിക്കും.  പിരിമുറുക്കം നിറഞ്ഞ ആഖ്യാനപ്രതലത്തിലൂടെ തലങ്ങുംവിലങ്ങും  പല പല ഫോർമാറ്റുകളിൽ യാത്ര ചെയ്തുകൊണ്ടേയിരിക്കും. ഒരു ഫുട്ബോളറുടെ സുവർണകാലം അതീവ ഹ്രസ്വമത്രേ. തുകൽപ്പന്ത് ഒരുവനെ ദൈവവും അവന്റെ എതിർവശത്തുള്ളവനെ ശപിക്കപ്പെട്ടവനും ആക്കിത്തീർക്കുന്നു.‘ഷൂട്ടൗട്ട്' എത്രതന്നെ ഒരു കായിക നോവൽ ആണോ അത്രയുംതന്നെ ഒരു ‘ലൈഫ് കോച്ച്' ആയും മാറുന്നുണ്ട്. എം പി സുരേന്ദ്രന്റെയാണ് അവതാരിക. Read on deshabhimani.com

Related News