അന്നും മനോരമ ഫയൽ ‘മുക്കി’; ലാവ്‌‌ലിന്റെ പേരിലുള്ള നുണവാർത്തകൾ തുറന്നുകാട്ടി തോമസ് ഐസക്‌



തിരുവനന്തപുരം > ഫയൽമുക്കൽ കള്ളപ്രചാരണം ഇന്ന്‌ തുടങ്ങിയതല്ല; ലാവ്‌‌ലിൻ ആരോപണങ്ങൾക്ക്‌ തുടക്കമിട്ട കാലത്തുതന്നെ ‘സുപ്രധാന ഫയലുകൾ കാണാനില്ല’ എന്ന  പ്രചാരണം യുഡിഎഫ്‌ നടത്തി. നുണപ്രചാരണത്തിന്‌ ചുക്കാൻപിടിച്ചത്‌ മനോരമതന്നെ. 2005 ജൂൺ ഒന്നിനായിരുന്നു ആദ്യ ഉണ്ടായില്ലാവെടി. ‘ലാവ്‌ലിൻ കരാർ ഫയൽ ഇടതുഭരണകാലത്ത് മുക്കി’ എന്ന്‌ വാർത്ത. അപ്രത്യക്ഷമായതിൽ ഫയൽനീക്കത്തിന്റെ രജിസ്റ്ററുമുണ്ടെന്നായിരുന്നു ‘കണ്ടെത്തൽ’. എന്നാൽ, സിബിഐയുടെ അന്വേഷണ റിപ്പോർട്ടിലോ കുറ്റപത്രത്തിലോ ഇങ്ങനെയൊരു  പരാമർശമില്ല. മന്ത്രി ടി എം തോമസ്‌ ഐസക്കാണ്‌ ഫെയ്‌സ്‌ ബുക്കിൽ അന്നത്തെ നുണപ്രചാരണങ്ങൾ ഓർമിപ്പിച്ചത്‌.   മാസങ്ങളോളം നീണ്ട നുണപ്രചാരണമാണ്‌ നടന്നത്‌. കരാർ സംബന്ധിച്ച ഫയൽ അപ്രത്യക്ഷമായി, വിജിലൻസ് അന്വേഷണത്തിന് യുഡിഎഫ് ഉത്തരവിട്ടതോടെ ഫയൽനീക്കത്തിന്റെ രജിസ്റ്ററും അപ്രത്യക്ഷമായി, മലബാർ ക്യാൻസർ സെന്ററിന് 100 കോടി നൽകുന്നത് സംബന്ധിച്ച സുപ്രധാനവിവരവും ഫയലിലുണ്ടായിരുന്നു, വൈദ്യുതിബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ഫയലും രജിസ്റ്ററും നശിപ്പിച്ചെന്നാണ് കരുതുന്നത്, ഫയൽ നമ്പർപോലും കണ്ടെത്താൻ നിവൃത്തിയില്ല തുടങ്ങി നിറംപിടിപ്പിച്ച നിരവധി കഥകൾ.   2005 ജൂൺ നാലിന്‌  ‘കാണാതായ ഫയലിൽ ധനവകുപ്പിന്റെ എതിർപ്പും പിണറായിയുടെ മറുപടിയും’ എന്നായി തലക്കെട്ട്‌. ഫയൽ നമ്പരുപോലും കണ്ടെത്താൻ നിവൃത്തിയില്ലെന്ന് എഴുതിയ പത്രത്തിൽ ‘കാണാതായ’ ഫയലിലെ ‘നിർണായക’ വിവരങ്ങൾ വള്ളിപുള്ളി തെറ്റാതെ പ്രത്യക്ഷപ്പെട്ടു. ഒരു ഫയലും കാണാതായിട്ടില്ലെന്നും ആവശ്യപ്പെട്ട 20 ഫയലിന്റെ 4000 പേജും വിജിലൻസിന് വൈദ്യുതി ബോർഡ് കൈമാറിയെന്നും സർക്കാർ വ്യക്തമാക്കിയതോടെയാണ് നുണക്കഥകൾ നിലച്ചത്‌. മാധ്യമങ്ങളിലെ ഭാവനാശാലികൾ ഓടിക്കുന്ന സങ്കൽപ്പരഥത്തിൽ സവാരിയിലാണ് പ്രതിപക്ഷമെന്ന്‌ തോമസ്‌ എസക്‌ പറഞ്ഞു. സെക്രട്ടറിയറ്റിൽ ഇ- ഫയലാണ്. സെക്രട്ടറിയറ്റ് മൊത്തത്തിൽ കത്തിപ്പോയാലും ഫയൽ വീണ്ടെടുക്കാനാകും. ഏതെങ്കിലും കടലാസ് കത്തിച്ച് സ്വർണക്കടത്ത്‌ കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നൊക്കെ തട്ടിവിടുന്നവർ മനുഷ്യന്റെ സാമാന്യബുദ്ധിക്ക്‌ പുല്ലുവിലപോലും കൽപ്പിക്കാത്തവരാണെന്നും കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News