സി കെ ജി - സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകം



സ്വാതന്ത്ര്യസമര സേനാനി, അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന ദേശീയ നേതാവ്, ഗാന്ധിയൻ മൂല്യങ്ങൾ തന്റെ  പദവിന്യാസത്തിലും പ്രതിധ്വനിപ്പിച്ച നേതാവ്. സി കെ ഗോവിന്ദൻനായർ എന്ന സികെജിയുടെ അനുസ്‌മരണ ദിനമാണിന്ന്‌. അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിവൈശിഷ്ട്യം ബഹുമുഖതലത്തിൽ ശ്രദ്ധേയമായിരുന്നു. ജവാഹർലാൽ നെഹ്റുവിന്റെ കാലത്ത്‌ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായിരിക്കാൻ അവസരമുണ്ടായിരുന്ന സി കെ ജി  നെഹ്റുവുമായി ഉണ്ടായ  വിയോജിപ്പുകൾ മൂലം സ്ഥാനം രാജിവച്ച ആളാണ്‌. ഇ എം എസ് സർക്കാരിനെ അട്ടിമറിക്കാൻ നടന്ന വിമോചനസമരം ശരിയല്ലെന്ന് പരസ്യമായി നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. വർഗീയസംഘടനകളുമായി കൂട്ടുചേരുന്നത് അംഗീകരിക്കാൻ സി കെ ജിക്ക് കഴിഞ്ഞിരുന്നില്ല. അധികാര രാഷ്ട്രീയം അദ്ദേഹത്തിന് അന്യമായിരുന്നു. ഗാന്ധിയൻ ചിന്താഗതികൾ ജീവിതവ്രതമായി സ്വീകരിച്ച സി കെ ജി അധികാരപദവികൾ തേടി സഞ്ചരിച്ചില്ല. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ മതേതരപരമാധികാര രാഷ്‌ട്രമായ ഇന്ത്യയുടെ നിലനിൽപ്പുതന്നെ വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാലത്ത് ഭരണപരമായും ഭരണഘടനാപരമായും രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ചുമതലകൾ വിസ്മരിക്കുന്ന കേന്ദ ഭരണകൂടത്തിന്റെ പല നീക്കവും വർഗീയ വിഘടനശക്തികൾക്ക് ശക്തിപകരാനാണ് വഴിയൊരുക്കുന്നത്. രാജ്യത്തെ രക്ഷിക്കാൻ, ഭരണഘടന പരിരക്ഷിക്കാൻ, ഒരു രാഷ്ട്രമെന്നനിലയ്‌ക്ക് നിലനിൽക്കാൻ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ മുന്നേറ്റം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആ രാഷ്ട്രീയദൗത്യം നിർവഹിക്കാൻ സികെ ജിയുടെ സ്മരണ കരുത്തുപകരട്ടെ. Read on deshabhimani.com

Related News