കോഴിക്കോടിന്റെ കോയ ; ഭാഷയിലും വേഷത്തിലും ഭാവത്തിലും



ഒരു ദേശത്തിന്റെ സ്വത്വം എല്ലാ ചേരുവകളോടും പ്രത്യക്ഷമായ നടനായിരുന്നു മാമുക്കോയ. ഭാഷയിലും വേഷത്തിലും ഭാവത്തിലും എവിടെയും കോഴിക്കോട്ടുകാരൻ. സിനിമയുടെ നടപ്പുസങ്കൽപ്പങ്ങൾക്ക് ചേരാത്ത സ്വരൂപവും ഭാഷയും ചേർത്ത്‌ അദ്ദേഹം അനന്യത സൃഷ്ടിച്ചു. സ്വകീയമായ ഭാഷയും ശൈലിയും പ്രകൃതവും  കയറിവരികയല്ല, ബോധപൂർവം ഉപയോഗിക്കുകയായിരുന്നു. തന്റെ സ്വത്വവും സ്വരൂപവും സിനിമയിൽ അങ്ങനെതന്നെ പ്രതിഫലിപ്പിക്കുകയെന്ന വെല്ലുവിളിയായിരുന്നു അത്. അവിടെ നാടിന്റെയും സമൂഹത്തിന്റെയും ആൾരൂപങ്ങളും മൊഴിഭേദവും സൃഷ്ടിച്ചു. സ്കൂൾ കാലത്തേ പാട്ടിലും കളിയിലും ഉണ്ടായ താൽപ്പര്യം മരക്കമ്പനി തൊഴിലാളിയായ മാമുക്കോയയെ നാടകവേദികളിലും മൈതാനങ്ങളിലും എത്തിച്ചു. "കളിയും പാട്ടും സമാസമം ചേർന്ന നാടാണ് കോഴിക്കോട്. ഏടത്തിരിഞ്ഞാലും പാട്ടുകാരും കളിക്കാരും. പേരുകേട്ട ഗസൽ ഗായകരുമുണ്ടായി. പെരുമയുള്ള ഫുട്ബോൾ കളിക്കാരും. നാട്ടുകാർ ഒന്നുംരണ്ടും വർത്താനം പറഞ്ഞാൽ അടുത്തനിമിഷം പാട്ടിലേക്ക് വഴുതും. പാട്ടറിയാത്ത ആരുമുണ്ടായില്ല. കുട്ടികളും അങ്ങനെ. സ്കൂളില് ഒഴിവുസമയത്ത് പൊട്ടിയ സ്ലേറ്റില് വെരല് മുട്ടി പാട്ട് പാടും. അധികവും ഹിന്ദി' (ആത്മകഥ). കലയുടെ ലോകത്ത് വലുപ്പച്ചെറുപ്പവും ജാതി‐ മത ഭേദങ്ങളുമില്ലെന്ന തിരിച്ചറിവ് ആ അനുഭവങ്ങൾ നൽകി. "ഫോട്ടോ ഫ്രെയിം ചെയ്താൽ അതിന്റെ പുറത്തായിരിക്കും മ്മള പല്ല്' എന്നുപറഞ്ഞ മാമുക്കോയക്ക് തന്റെ രൂപത്തെപ്പറ്റി നല്ല ബോധ്യം. ഭാവത്തിനും ഭാഷയ്‌ക്കും അതിനെ മറികടക്കാൻ കഴിയുമെന്ന് സിനിമയിൽ അദ്ദേഹം കാണിച്ചു. ബഹദൂറിനെ ഇഷ്ടനടനായി കണ്ട മാമുക്കോയക്ക് കോമഡി വേഷത്തിനപ്പുറത്ത് ഗൗരവമായ ബോധ്യങ്ങളുണ്ടായി. പ്രേക്ഷകന് നേരമ്പോക്കെങ്കിലും താൻ സീരിയസായാണ് എന്ന് തോന്നിപ്പിക്കുന്ന അഭിനയത്തിൽ നിഷ്കളങ്കതയുടെ സ്പർശം (സങ്കടങ്ങൾക്കുള്ള മരുന്നാണല്ലോ ചിരി. പൊരയിൽ പോയാൽ ചിരിക്കാൻ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു‐ ആത്മകഥ) നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യിലൂടെ സിനിമയിൽ എത്തിയ മാമുക്കോയക്ക് വീണ്ടുമൊരു പ്രവേശനം വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ശുപാർശയിൽ. ആദ്യകാല കലാസംവിധായകൻ എസ് കൊന്നനാട്ടിന് ബഷീർ ഗുരുതുല്യൻ. കൊന്നനാട്ടിന്റെ വീട് നടക്കാവിൽ. നാട്ടുകാരനായ പി എ മുഹമ്മദുകോയയുടെ "സുറുമയിട്ട കണ്ണുകൾ' നോവൽ അദ്ദേഹം സിനിമയാക്കുന്നു. ചിത്രീകരണം കോഴിക്കോട്ട്. തുടങ്ങുംമുമ്പ് അനുഗ്രഹം വാങ്ങാൻ ബഷീറിന്റെ വീട്ടിലെത്തി. മാങ്കോസ്റ്റിൻ ചുവട്ടിലെ സദസ്സിൽ മാമുക്കോയയും. ബഷീർ പറഞ്ഞു: ഇതൊരു കോഴിക്കോടൻ കഥയാണ്. ഇവനൊരു വേഷം കൊടുക്കണം. ഷൂട്ടിങ് തുടങ്ങുമ്പോൾ ചെല്ലണമെന്ന് മറുപടി. 1982ൽ ആണത്. സത്യൻ അന്തിക്കടിന്റെ "സന്മനസ്സുള്ളവർക്ക് സമാധാനം' അടുത്ത ചിത്രം. അതേവർഷം സിബി മലയിലിന്റെ "ദൂരെ ദൂരെ ഒരു കൂടുകൂട്ടാ'മിലെ കോയ. തുടർന്നിങ്ങോട്ട്‌ നാലരപ്പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ 450 ചിത്രങ്ങൾ. Read on deshabhimani.com

Related News