ഈ വീട്ടറസ്റ്റ് ശിക്ഷയല്ല, നാടിന്റെ രക്ഷയ്‌ക്ക്‌ : യു എ ഖാദർ



കോഴിക്കോട്‌ ‘‘ഇവിടെ ഞാനും ഫാത്തിമയുമേയുള്ളു. പല ആവശ്യങ്ങളുണ്ട്. മരുന്ന് വേണം. അടുക്കളേക്കുള്ള സാധനങ്ങൾ വാങ്ങണം. അതിനൊക്കെ തടസ്സാകുമ്പം ഇത് വീട്ടറസ്റ്റായി തോന്നാം. പക്ഷേ നമ്മക്ക് തന്നെ വേണ്ടിയും മറ്റുള്ളവർക്കുമായുള്ളതാ  ഈ വീട്ടുതടങ്കൽ എന്നത് മറക്കരുത്. ഇത് ശിക്ഷയല്ല, രക്ഷക്കായാണെന്ന് എല്ലാരും തിരിച്ചറിയണം''  കോവിഡ് കാലത്തെ വീട്ടുവാസത്തെപ്പറ്റി നോവലിസ്റ്റ് യു എ ഖാദർ പറയുകയാണ്. സാധാരണ വീട്ടിൽ വെറുതെയിരിക്കാറില്ല. പകൽവേളകളിൽ വായനയും ഇടയ്ക്ക് എഴുതണമെന്ന് വല്ലാതെ  തോന്നുമ്പോൾ  എഴുതുന്ന സ്വഭാവക്കാരനുമാണ്. ഒത്തും ഒപ്പിച്ചും പോകുന്നതിനിടയിലാണ് വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത ദുരവസ്ഥ വന്നുപെട്ടത്‌.  എന്നാലും  അപൂർവമായി അടുത്ത സുഹൃത്തുക്കളുമായി ഒത്തു കൂടാമെന്ന കമ്പംവച്ചാണ് അളകാപുരിയിലൊന്ന് കയറുന്നത്‌. പിന്നെ സായാഹ്നം ചുകപ്പിക്കുന്നത് മനോഹരമായ കോഴിക്കോട്‌ കടപ്പുറത്തെ ശിൽപ്പസൗധങ്ങളുടെ തണലിലിരുന്നാണ്.  അതിനെയെല്ലാം ഇല്ലാതാക്കും വിധത്തിലാണല്ലോ കോവിഡ്  ബാധയുടെ വിഷം നമ്മുടെ ജീവിതാന്തരീക്ഷത്തെ തീണ്ടിയത്. ആ വിഷം കൊച്ചുകേരളത്തിൽനിന്ന് ഇല്ലാതാക്കാൻ നമ്മുടെ ജനകീയ സർക്കാർ വേണ്ടുന്ന എല്ലാ പരിപാടികളും ഫലപ്രദമായി നടപ്പാക്കുകയാണ്‌. അതിന്റെ പ്രധാനയിനമായാണ് പൊതുസമ്പർക്കത്തിൽനിന്ന് വിട്ടുനിൽക്കുക എന്ന ആഹ്വാനം. അതിനാലാണ് സായാഹ്നങ്ങൾ വിട്ടിൽ തന്നെയാക്കിയത്.   നാടിനെ ഗ്രസിച്ച രോഗഭീഷണിക്കെതിരായി സർക്കാരിനൊപ്പം അണിചേർന്ന് പ്രവർത്തിക്കേണ്ടത് ‘സ്വന്തം ഉത്തരവാദിത്തമാണെന്ന്' കരുതിയിറങ്ങിയവർക്ക്‌ ആവുന്നത് ചെയ്തു കൊടുക്കുകയാണല്ലോ എന്റെയും ചുമതല. Read on deshabhimani.com

Related News