സൈക്കിളിൽ കൊച്ചിക്കാർ 
കണ്ടറിഞ്ഞ ഖാലിദ്‌



മട്ടാഞ്ചേരി സൈക്കിൾയജ്ഞം ജനം ആവേശത്തോടെ സ്വീകരിച്ച കാലം. വി പി ഖാലിദ്‌ എന്ന പ്രതിഭയെ കൊച്ചിക്കാർ തിരിച്ചറിഞ്ഞത്‌ അക്കാലത്താണ്‌. അബ്ദുൾ ജബ്ബാർ എന്ന കലാകാരൻ നയിക്കുന്ന നാടോടിസംഘത്തിനൊപ്പം സൈക്കിളിൽ കലാപരിപാടികൾ നടത്തിയ ഖാലിദിനെ കൊച്ചിക്കാർ ഇന്നും ഓർക്കുന്നു. ഉറ്റസുഹൃത്തും ഹാസ്യകലാപ്രകടനത്തിൽ പങ്കാളിയുമായിരുന്ന ജോർജ്‌ പെട്രോയാണ്‌ സൈക്കിൾ കലാപരിപാടികൾക്ക്‌ ഖാലിദിനെ ക്ഷണിക്കുന്നത്‌. ആദ്യം മടിച്ചെങ്കിലും പ്രോത്സാഹനം നൽകിയതോടെ സൈക്കിൾസംഘത്തിനൊപ്പം ചേർന്നു. പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ സൈക്കിളിൽ ചെന്ന് കലാപ്രകടനങ്ങൾ നടത്തും. ഇത്‌ കാണാൻ പ്രദേശവാസികൾ ഒത്തുചേരും. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഖാലിദിന്റെ വരുമാനം. സൈക്കിൾയജ്ഞത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ഖാലിദ്, 45 കലാകാരന്മാരുമായി സ്വന്തമായി സൈക്കിൾയജ്ഞ ക്യാമ്പ് തുടങ്ങി. ഈ ക്യാമ്പ് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ നിറഞ്ഞാടി. ഇതിനിടെ കൊച്ചിയിലെ എം എ വിശ്വംഭരൻ, കെ എം ധർമൻ, കൊച്ചിൻ വർഗീസ് എന്നീ സംവിധായകരോടൊപ്പം ചേർന്ന് പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു. ഇതിൽമാത്രം ഒതുങ്ങാതെ മാജിക് പഠിക്കാനും പോയി. കൊച്ചിക്കാർക്ക് ഖാലിദ് എന്നത് ഹാസ്യം, നർത്തകൻ, മജീഷ്യൻ, ഗായകൻ, മേക്കപ്പ് ആർട്ടിസ്റ്റ്, സിനിമ–-നാടക–-സീരിയൽ നടൻ എന്നിങ്ങനെ കലയുടെ വിവിധ മുഖങ്ങളാണ്‌. Read on deshabhimani.com

Related News