കൊറോണ അങ്ങനെ ചാവില്ല



ലൊസ്‌ ആഞ്ചലസ്‌ കൊറോണ വൈറസിന്‌ 14 മണിക്കൂറിൽ കൂടുതൽ ആയുസ്സില്ല എന്ന വ്യാജപ്രചാരണം വിശ്വസിക്കല്ലേ എന്ന്‌ ശാസ്‌ത്രലോകം. കാർഡ്‌ബോർഡിൽ 24 മണിക്കൂറും പ്ലാസ്റ്റിക്കിൽ മൂന്നുദിവസത്തോളവും ഈ വൈറസിന്‌ നിലനിൽക്കാൻ പറ്റുമെന്ന്‌ പഠനം വ്യക്തമാക്കുന്നു. ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡിസിനിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌. വൈറസ്‌ ബാധയേറ്റ പ്രതലങ്ങൾ സ്‌പർശിക്കുന്നതിലൂടെ ആളുകൾക്ക്‌ രോഗബാധയുണ്ടായേക്കാം. ഇവർ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയില്ലെങ്കിൽക്കൂടി മറ്റുള്ളവരിലേക്ക്‌ വൈറസ്‌ പടരും. അമേരിക്കയിലെ ഗവേഷകർ, അന്തരീക്ഷത്തിലെ സ്രവങ്ങളിൽ വൈറസ്‌ മൂന്ന്‌ മണിക്കൂർവരെ നിലനിൽക്കുമെന്ന്‌ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, ചെമ്പിൽ നാലുമണിക്കൂറും സ്‌റ്റെയിൽലെസ്‌സ്റ്റീലിൽ മൂന്നുദിവസവുമാണ്‌ കൊറോണയുടെ ആയുസ്സെന്നാണ്‌ കണ്ടെത്തൽ. 2002–- 2003 കാലത്ത്‌ പടർന്നുപിടിച്ച സാർസ്‌ വൈറസിന്റെ ഘടനയുമായി കൊറോണയ്ക്ക്‌ സാമ്യമുണ്ട്‌. കൊറോണ കൂടുതൽ പരക്കുന്നത്‌ സാമൂഹ്യവ്യാപനത്തിലൂടെയാണ്‌. ആരോഗ്യകേന്ദ്രങ്ങളിലൂടെയും വൈറസ്‌ പടരാൻ സാധ്യതയുണ്ടെന്ന്‌ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ജനതാ കർഫ്യൂ ആചരിക്കുന്നത്‌ കൊറോണയെ സമ്പൂർണമായി തുടച്ചുനീക്കാനാണെന്നും, 14 മണിക്കൂറിൽ കൂടുതൽ വൈറസിന്‌ ആയുസ്സില്ലെന്നുമുള്ള വ്യാജപ്രചാരണങ്ങൾ തള്ളുന്നതാണ്‌ പഠനഫലം. സാമൂഹ്യ അകലത്തിലൂടെ രോഗവ്യാപനം തടയുക എന്നതിനപ്പുറത്തേക്ക്‌ ശാസ്‌ത്രീയമായ ഒരടിസ്ഥാനവും ഈ വാദത്തിനില്ല. Read on deshabhimani.com

Related News