ഞങ്ങളറിയുന്നുണ്ട്‌, 
നിങ്ങളേകിയ തണൽ



മട്ടന്നൂർ ഇരുട്ടു മൂടിയതല്ല, നിറയെ വെളിച്ചമുള്ള നാളെ കൈയെത്തും ദൂരെയാണെന്ന സന്തോഷത്തിലാണ്‌ അവർ എട്ടുപേരുമെത്തിയത്‌. ഭാവിയുടെ പ്രതീക്ഷകളായി വളർന്നുയരാൻ കരുത്തും കരുതലും നൽകിയ പ്രസ്ഥാനത്തിനൊപ്പം ചേർന്നു നിൽക്കാൻ. എൽഡിഎഫ്‌ സർക്കാരിന്റെയും സിപിഐ എമ്മിന്റെയും കരുതൽ തുണയായ പടിയൂർ പഞ്ചായത്തിലെ മണ്ണേരി ട്രൈബൽ കോളനിയിലെ എട്ട് വിദ്യാർഥിനികളാണ് മട്ടന്നൂരിലെ ജാഥാ സ്വീകരണ കേന്ദ്രത്തിൽ ജാഥാലീഡർ എം വി ഗോവിന്ദനെ കാണാനെത്തിയത്‌. ഇവർ സ്‌നേഹത്തിന്റെ വർണപ്പൂക്കൾ ജാഥാ ലീഡർക്ക്‌ കൈമാറി. പിന്നാക്ക മേഖലയിലെ വിദ്യാർഥികളുടെ  ഉന്നമനത്തിനായി എൽഡിഎഫ്‌ സർക്കാരും സിപിഐ എമ്മും നടപ്പാക്കിയ പദ്ധതികൾ തുണയായതിന്റെ സന്തോഷം പങ്കുവയ്‌ക്കാനാണ്‌  നിവില, നന്ദന, സമൃദ, സനുഷ, അജിത, പ്രവീണ, അനശ്വര, സ്നേഹ എന്നിവരെത്തിയത്‌. നിവില ഓപ്പൺ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. ബാക്കി ഏഴുപേരും ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനികളാണ്‌. എട്ടുപേർക്കും പഠനത്തിനാവശ്യമായ സഹായം നൽകുന്നത്‌ സിപിഐ എം മണ്ണേരി ബ്രാഞ്ചാണ്.  ‘നാട്‌ മാറുമ്പോൾ ഞങ്ങളുടെ ഊരും മാറുന്നുണ്ട്‌. ട്രൈബൽ കോളനിയിൽ  വീടില്ലാത്ത രണ്ടു കുടുംബങ്ങൾക്ക്‌ ‘ലൈഫിൽ’ സർക്കാർ വീട് നൽകി. നാലു കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയിൽ ഇടംപിടിച്ചിട്ടുണ്ട്’. –- നന്ദന  പറഞ്ഞു. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ  മൂന്നു കോടി രൂപയുടെ  വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ്‌ പ്രവീണ പറഞ്ഞത്‌.  പടിയൂർ പഞ്ചായത്ത്‌ ഇവർക്കായി ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജോലി നേടണമെന്ന ആഗ്രഹമാണ് ഇവർക്കുള്ളത്‌. Read on deshabhimani.com

Related News