സാന്താൾ വിഭാഗത്തിൽനിന്ന്‌ സർവ സൈന്യാധിപ



ന്യൂഡൽഹി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഗോത്രവിഭാഗമായ സാന്താൾ വിഭാഗത്തിൽനിന്നാണ്‌ ദ്രൗപദി മുർമു രാജ്യത്തിന്റെ സർവസൈന്യാധിപയുമാകുന്നത്. ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്‌ട്രപതി, രാഷ്‌ട്രപതിയാകുന്ന ആദ്യ ഒഡിഷ സ്വദേശി, സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ആദ്യ രാഷ്‌ട്രപതി, പദവിയിലെത്തുന്ന രണ്ടാമത്തെ വനിത തുടങ്ങിയ റെക്കോഡുകളും അവര്‍ക്ക് സ്വന്തം. 2015ൽ ജാർഖണ്ഡ്‌ ഗവർണറായ ആദ്യ വനിതയാണ്‌. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ പ്രബല വിഭാഗമായ സാന്താളുകളുടെ വേര്‌ ബംഗ്ലാദേശ്‌, നേപ്പാൾ രാജ്യങ്ങളിലേക്കും പടർന്നുകിടക്കുന്നു. എഴുതപ്പെട്ട ചരിത്രരേഖകളുടെ അഭാവംമൂലം സാന്താളുകളുടെ ഉൽപ്പത്തിയെപ്പറ്റി കാര്യമായ വിവരങ്ങളില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബിഹാറിന്റെയും ഒഡിഷയുടെയും ഭാഗങ്ങളിലേക്ക് കുടിയേറുന്നതിനുമുമ്പ് ജാർഖണ്ഡിലെ ഛോട്ടാനാഗ്പുർ പീഠഭൂമിയിൽ സ്ഥിരതാമസമാക്കാൻ എത്തിയ നാടോടി വിഭാഗമായിരുന്നു സാന്താളുകൾ എന്നാണ്‌ പ്രബലവാദം. ബ്രട്ടീഷ് പട്ടാളത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ സന്താള്‍പടയുടെ പോരാട്ടം സ്വാതന്ത്ര്യചരിത്രത്തിലെ ഉജ്വലമായ ഏടാണ്. 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദിയേയും പരിഗണിച്ചെങ്കിലും  നറുക്ക്‌ വീണത്‌ ബിഹാർ ഗവർണറായിരുന്ന രാംനാഥ്‌ കോവിന്ദിന്‌. അഞ്ചുവർഷത്തിനുശേഷം ആ സ്ഥാനം അവരെ തേടിയെത്തി. Read on deshabhimani.com

Related News