ഒഴുക്കിവിട്ടു ആശങ്ക



ഇടുക്കി അതിതീവ്ര മഴയെത്തുടർന്ന്‌ മുൻകരുതലായി ഇടുക്കി അണക്കെട്ട്‌ തുറന്നു. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറാണ്‌ 35 സെന്റിമീറ്റർ തുറന്നത്‌. ചൊവ്വ പകൽ 11ന്‌ മൂന്നാമത്തെ ഷട്ടറാണ്‌ ആദ്യം തുറന്നത്‌. ഈ സമയം ജലനിരപ്പ് 2398.08 ആയിരുന്നു. 2397.86 അടിയാണ്‌ റെഡ്‌ അലർട്ട്‌. ഒരു മണിക്കൂറിനുശേഷം നാലാം ഷട്ടറും 12.30ന്‌ രണ്ടാം ഷട്ടറും തുറന്നു. ആകെ അഞ്ച്‌ ഷട്ടറാണുള്ളത്‌. അഞ്ച്‌ മിനിറ്റുമുമ്പ്‌ മൂന്നുതവണ സൈറൺമുഴക്കി. വെള്ളം 20 മിനിറ്റുകൊണ്ട്‌ ചെറുതോണിയിലെത്തി. ഇവിടെ പാലംനിർമിക്കുന്നതിനാലാണ്‌ തുറക്കുന്നതിന്റെ ഇടവേള ദീർഘിപ്പിച്ചത്‌. മണിക്കൂറിൽ 3.15 ലക്ഷം ഘന മീറ്റർ ജലം പുറത്തേക്ക് ഒഴുകി. മഴ മാറിനിന്നിട്ടും 3.31 ലക്ഷം ഘന മീറ്റർ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്‌. പകൽ ഒന്നിന്‌ 2398.14 അടിയാണ് ജലനിരപ്പ്. വൈകിട്ട്‌ ഏഴിന്‌ 2398.06 അടിയായി കുറഞ്ഞു. എന്നാൽ, രാത്രി പത്തിന്‌ ഇത്‌ 2398.12 അടിയായി ഉയർന്നു. വൈദ്യുതി ഉൽപ്പാദനം കുറച്ചതിനാലാണിത്‌.  മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ഇവർ ചെറുതോണിയിലെത്തിയും സ്ഥിതി വിലയിരുത്തി. ഇടുക്കി താലൂക്കിലെ അഞ്ച്‌ വില്ലേജിൽനിന്ന്‌ 64 കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു. തുറക്കുന്നതു കാണാൻ നിരവധിപേർ അണക്കെട്ടിന്‌ താഴ്‌ഭാഗത്തെത്തി. മൂലമറ്റം പവർഹൗസിലെ ഉൽപ്പാദനവും റൂൾ കർവും ക്രമീകരിച്ചു. പമ്പയും ഇടമലയാറും തുറന്നു ചൊവ്വ രാവിലെ ആറിന് പമ്പ, ഇടമലയാർ അണക്കെട്ടുകളുടെ രണ്ട്‌ ഷട്ടറുകൾ തുറന്നു. പമ്പയുടെ മൂന്ന്‌, നാല്‌ ഷട്ടറുകൾ 30 സെന്റിമീറ്റർ ആദ്യം ഉയർത്തി. ഒരു മണിക്കൂർ കഴിഞ്ഞ്‌ ഇത്‌ 45 സെന്റിമീറ്ററാക്കി. 25 ക്യുമെക്സ് വെള്ളം ഒഴുക്കിവിട്ടു. ഇടമലയാറിലെ ജലം പെരിയാറിൽ എത്തിയെങ്കിലും ജലനിരപ്പ്‌ കാര്യമായി ഉയർന്നില്ല. മൂഴിയാർ, മണിയാർ, കാരികയം, അള്ളുങ്കൽ, കക്കി, ആനത്തോട് തുടങ്ങിയ അണക്കെട്ടുകളും തുറന്നു. Read on deshabhimani.com

Related News