ഇനി ശ്രീനന്ദ ചിരിക്കട്ടെ ; വീണാ ജോർജിന് അഭിനന്ദനവുമായി എം ജയചന്ദ്രനും ഹരിനാരായണനും



പാലക്കാട് > പ്രമേഹം ബാധിതയായ കുട്ടിയെ സഹായിച്ചതിന് ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിനന്ദനവുമായി സംഗീത സംവിധായകനായ എം ജയചന്ദ്രനും ഗാനരചയിതാവായ ഹരിനാരായണനും. സുഹൃത്തിന്റെ മകളെ സഹായിച്ചതിനാണ് ഇരുവരും മന്ത്രിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇരുവരുടേയും സുഹൃത്തായ സുരേഷിന്റെ  മകൾ  ശ്രീനന്ദയ്ക്കാണ്  മന്ത്രിയും സർക്കാരും  കൈത്താങ്ങായത്. താരേക്കാട് ഗവ. മോയൻ എൽപി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയുടെ ചികിത്സയ്ക്ക്‌ സഹായം ലഭ്യമാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ  ജോർജ് ഉറപ്പുനൽകി. അച്ഛൻ സുരേഷുമായി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്/ ഡോക്ടര്‍മാര്‍ക്ക്/ ആരോഗ്യവകുപ്പിന്/ സര്‍ക്കാരിന് എന്ന് പറഞ്ഞാണ്  ഇരുവരും കുറിപ്പ് അവസാനിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് സംഗീത സംവിധായകൻ എം ജയചന്ദ്രനോടൊപ്പം പാട്ട്  ചിട്ടപ്പെടുത്തുന്നതിനിടെയാണ് ഹരിനാരായണൻ ശ്രീനന്ദയേയും അച്ഛനെയുംകുറിച്ച്‌ അറിഞ്ഞത്. പിന്നീട് തൃശൂരിൽ നടന്ന പരിപാടിക്കിടെ വിഷയം മന്ത്രിയോട്‌ സംസാരിക്കുകയായിരുന്നു.  നാലു വയസ്സുമുതൽ ടൈപ്പ് വൺ പ്രമേഹരോഗിയാണ് ശ്രീനന്ദ. പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് . ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620ന് മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27ലേക്കും എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പോഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്‌റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും. ഇതാണ് അവസ്ഥ. ഇതുകാരണം സുരേഷിന് ദൂരെ ജോലിക്കൊന്നും പോകാൻ കഴിയില്ല. വാടകവീട്ടിലാണ് ഡ്രൈവറായ സുരേഷും കുടുംബവും താമസിക്കുന്നത്‌. ദിവസവും നാലുനേരം ഇൻസുലിൻ നൽകണം. രാവിലെ ഏഴുമുതൽ രാത്രി രണ്ടുവരെ എട്ടുതവണ ഷുഗർ പരിശോധിക്കണം. സർക്കാരിന്റെ മധുരമിഠായി പദ്ധതിയിൽനിന്ന് രണ്ടുമാസം കൂടുമ്പോൾ ഇൻസുലിൻ ലഭിക്കുന്നുണ്ട്. ഏഴുലക്ഷംരൂപ ചെലവുവരുന്ന ഇൻസുലിൻ പമ്പ് ഘടിപ്പിക്കലാണ് വിദഗ്ധർ നിർദേശിച്ചത്. പ്രതിമാസം പരിചരണവുമായി ബന്ധപ്പെട്ട് 20,000രൂപവരെ ചെലവും വരും. ഇതിന്‌ പരിഹാരമായി സർക്കാരിന്റെ ഇടപെടലുണ്ടായ ആശ്വാസത്തിലാണ് ശ്രീനന്ദയുടെ കുടുംബം. ആരോഗ്യമന്ത്രിയുടെ ഉറപ്പ് ശ്രീനന്ദയ്‌ക്ക് ഇൻസുലിനും അനുബന്ധ മരുന്നും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും. തൃശൂരിൽ ചെന്ന് വാങ്ങേണ്ട. പാലക്കാട് നിന്നുതന്നെ ലഭിക്കും. മരുന്ന് തീർന്നാൽ ആർബിഎസ്‌കെ വളണ്ടിയർമാരെ ബന്ധപ്പെടാം. സഹായത്തിന് പ്രാദേശികമായി നഴ്‌സിന്റെ സഹായവുമുണ്ടാകും. രണ്ടാഴ്ച കുട്ടിയുടെ രോഗാവസ്ഥ മോണിറ്റർ ചെയ്ത് ഡോക്യുമെന്റ്‌ ചെയ്യും. ഇത് അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചർച്ച ചെയ്ത് ചികിത്സ ലഭ്യമാക്കും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം അധ്യാപകർക്ക് ഈ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നൽകും. https://m.facebook.com/story.php?story_fbid=pfbid02oZ8GDCD5ouFYvGGfaWhKth5xwd9Vn7KLpmoAHcUNh6WMoVqe1XtC8oqCTe36kkuVl&id=100044295466135 https://m.facebook.com/story.php?story_fbid=pfbid06DJsxAsLHETtmBYBpswZBHDqSavKUszJ7s1i9FyeMZgPP7ZvZVXo9Vk1qfnWxURel&id=100000903193064   Read on deshabhimani.com

Related News