അവർ പറയുന്നു, ഇത്‌ കണ്ണികൾ പൊട്ടിക്കാനുള്ള കരുതൽ



തിരുവനന്തപുരം "ആ കണ്ണികൾ നമുക്ക്‌ പൊട്ടിക്കണം, അതിനായാണ്‌ മാറിനിൽക്കുന്നത്‌’–-കലബുർഗിയിൽനിന്ന്‌ തിരികെയെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ള ആറ്റിങ്ങൽ സ്വദേശി പറഞ്ഞു.  "അവിടെനിന്ന്‌ പുറപ്പെടുമ്പോഴേ ദിശ നമ്പരിലേക്ക്‌ വിളിച്ചു. 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന്‌ നിർദേശം. റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ ആരോഗ്യവകുപ്പിന്റെ പരിശോധനയ്‌ക്ക്‌ ശേഷം വീട്ടിലേക്ക്‌ ആംബുലൻസിൽ കൊണ്ടുചെന്നാക്കി. വീട്ടിൽ എനിക്കായി ഒരു മുറി ഒരുക്കാൻ അമ്മയോട്‌ പറഞ്ഞിരുന്നു. അമ്മയും അനിയനുമാണ്‌ വീട്ടിലുള്ളത്‌. വന്നിട്ട്‌ അനിയനെ കണ്ടുപോലുമില്ല'. ഒരിക്കലും ഒറ്റപ്പെടലല്ല, കരുതലാണ്‌. കോവിഡ്‌ കണ്ണികൾ പൊട്ടിക്കാനുള്ള കരുതൽ–-ഡോക്ടറായ യുവാവ്‌ പറഞ്ഞു.  ബന്ധുക്കളോട്‌ വീഡിയോ കോൾ വഴി സംസാരിക്കും. ഒപ്പം കലബുർഗിയിൽ നിന്നെത്തിയ വിദ്യാർഥികളോടും. അവരും വീടുകളിൽ നിരീക്ഷണത്തിലാണ്‌. ഭയമല്ല, എല്ലാവർക്കുംവേണ്ടി ജാഗ്രതയോടെയുള്ള പ്രവർത്തനം.- നിരീക്ഷണകാലത്തെ അങ്ങനെകാണാനാണ്‌ ഇഷ്‌ടം–- ഡോക്ടർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരോടും പറയാനുള്ളതും അതാണ്‌. ഒറ്റപ്പെടലായി കാണരുത്‌. പ്രിയപ്പെട്ടവരോടൊപ്പം എന്നും സന്തോഷത്തോടെയിരിക്കാൻമാത്രമാണിത്‌. സാമൂഹ്യമാധ്യമങ്ങൾവഴി ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പെയ്‌ൻ കൂടുതൽപേരിലേക്ക്‌ എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്‌ യുവാവ്‌. ‘കൂടുതൽ ചേർന്നുനിൽക്കാൻ കുറച്ചുനാൾ മാറിനിൽക്കണം’ "വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന്‌ പറയുമ്പോൾ പേടി തോന്നിയില്ല. എല്ലാവർക്കും വേണ്ടിയാണല്ലോ എന്നാണ്‌ തോന്നിയത്‌'. കലബുർഗിയിൽ നിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു. "കൂടുതൽ ചേർന്നു നിൽക്കാൻ കുറച്ചുനാൾ മാറിനൽക്കണം. അത്രമാത്രം'. തിരുവനന്തപുരം സ്വദേശിനി ഞായറാഴ്‌ചയാണ്‌ കലബുർഗിയിൽനിന്ന്‌ എത്തിയത്‌. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ആരോഗ്യവകുപ്പിന്റെ സംഘം കാത്തുനിന്നു. പരിശോധനയ്‌ക്ക്‌ ശേഷം അവർ ഫോൺനമ്പർ വാങ്ങി. വീട്ടിൽ ചെന്നശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു–-വിദ്യാർഥിനി പറഞ്ഞു. സിംഗപ്പൂരിൽനിന്ന്‌ മടങ്ങിവന്നിട്ട്‌ അഞ്ച്‌ ദിവസം. എന്റെ മകളെയൊന്ന്‌ കാണാൻ പോലും കഴിഞ്ഞിട്ടില്ല . എന്നാലും 14 ദിവസം മുറിക്കുള്ളിൽ കഴിയാൻ തന്നെയാണ്‌ തീരുമാനം –- തിരുവനന്തപുരം സ്വദേശി പറഞ്ഞു. മുറിയിൽ ഇരുന്നാണ്‌ ജോലിചെയ്യുന്നത്‌. അഞ്ചുവയസ്സുള്ള  മകളും മാതാപിതാക്കളുമെല്ലാം വീട്ടിലുള്ളതിനാൽ തികഞ്ഞ ശ്രദ്ധയോടെയാണ്‌ കഴിയുന്നതെന്നും യുവാവ്‌ പറഞ്ഞു. Read on deshabhimani.com

Related News