തങ്ക കണ്ടു, കനിവിന്റെ തങ്കരശ്‌മികൾ



കൊച്ചി എൺപതു പിന്നിട്ട തങ്കയ്‌ക്ക്‌ എല്ലാം ദുഃസ്വപ്നംപോലെയായിരുന്നു. ഇടയ്‌ക്കിടെ നഷ്ടപ്പെടുന്ന ഓർമ. പ്രായാധിക്യംമൂലമുള്ള ശാരീരികപ്രശ്നങ്ങൾ വേറെയും. ദുരിതങ്ങൾ കൂടുകൂട്ടിയ വാടകഷെഡിൽ 13 വർഷമായിരുന്നു തങ്കയുടെ താമസം. ഒടുവിൽ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് നിനച്ചിരിക്കാതെ ഒരു മാറ്റം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയാണ്‌ തുണയായത്‌. പിന്നാലെ, കൃത്യമായി പെൻഷൻകൂടി എത്തിയതോടെ ഈ വൃദ്ധനയനങ്ങളിൽ ആനന്ദാശ്രു. വടക്കേക്കര പഞ്ചായത്തിൽ മാട്ടുത്തറ കുഞ്ഞിത്തൈയിൽ സ്ഥിരതാമസക്കാരിയായിരുന്നു തങ്ക. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു വീട്‌. മഴക്കാലത്ത് പരിസരത്ത്‌ വെള്ളക്കെട്ടുണ്ടാകുമ്പോൾ താമസം മകളുടെ കൊച്ചുവീട്ടിലേക്ക് മാറ്റും. ഭിന്നശേഷിക്കാരനായ മകനുള്ള ആ മകളുടെ ജീവിതവും ദുരിതത്തിലായിരുന്നു. പിന്നീടാണ്‌ തങ്ക, താമസം വാടകഷെഡിലാക്കിയത്. വീടിനായി വടക്കേക്കര പഞ്ചായത്തിൽ അപേക്ഷ നൽകി. പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. ഇപ്പോൾ അടച്ചുറപ്പുള്ള വീട്ടിൽ സ്വസ്ഥതയോടെയാണ് തങ്കയുടെ താമസം. തങ്കയ്‌ക്കും മകൾക്കും കൊച്ചുമകനും സുരക്ഷിതമായി ഇന്ന്‌ തലചായ്‌ക്കാം. ഇവർക്ക് ആശ്വാസത്തിന്റെ മറ്റൊരു കിരണമായി ക്ഷേമപെൻഷനും ലഭിക്കുന്നു. പെൻഷൻ തുക കൂട്ടിയതിനും അത് കൃത്യമായി ലഭിക്കുന്നതിനും സർക്കാരിനോട്‌ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്‌ ഈ കുടുംബത്തിന്‌.   Read on deshabhimani.com

Related News