ഇടപെടലുകളിലെ കരുത്ത്

വനിതാ കമീഷൻ അധ്യക്ഷയായിരിക്കെ അദാലത്തിൽ


കൊച്ചി സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി ജോസഫൈൻ നടത്തിയത്‌ സുപ്രധാന ഇടപെടലുകൾ. ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിൽ ഇടപെട്ടാണ്‌ ജോസഫൈൻ അധ്യക്ഷസ്ഥാനമേറ്റെടുത്തത്‌. വനിതാ കമീഷൻ ഹാദിയക്കൊപ്പം മാത്രമാണെന്നായിരുന്നു ജോസഫൈന്റെ ആദ്യ പ്രതികരണം. പ്രായപൂർത്തിയായ യുവതിയെന്ന നിലയിൽ അവളുടെ വിശ്വാസവും ജീവിതവും അവൾതന്നെ നിശ്ചയിക്കുമെന്ന നിലപാടെടുത്തു. സുപ്രീംകോടതിയിൽ പെൺകുട്ടിക്കുവേണ്ടി ഹർജി നൽകി. ദേശീയ വനിതാ കമീഷൻ ഇടപെട്ട്‌ കേസിനെ വർഗീയമാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ജോസഫൈന്റെ ധീര നീക്കം. അതിന്റെ പേരിൽ ഒട്ടേറെ ആക്രമണം അവർ നേരിട്ടു. എങ്കിലും ജോസഫൈൻ തളർന്നില്ലെന്ന്‌ കമീഷൻ അംഗമായിരുന്ന അഡ്വ. ഷിജി ശിവജി ഓർക്കുന്നു. കമീഷൻ സിറ്റിങ്‌ മാസത്തിലൊരിക്കലായി ഒതുക്കാൻ ജോസഫൈൻ തയ്യാറായില്ല. സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെട്ടു. കമീഷൻ ഇടപെട്ട കേസല്ലെങ്കിൽപ്പോലും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്‌ പുരോഗതി അന്വേഷിക്കുകയോ നിർദേശം നൽകുകയോ ചെയ്‌തു.  സർക്കാരുമായും മന്ത്രിമാരുമായുള്ള അടുപ്പവും പ്രയോജനപ്പെടുത്തി. ലൈംഗികാതിക്രമത്തിനിരയായ പാങ്കോട്‌ സ്വദേശി വൃദ്ധയുടെ ചികിത്സ സർക്കാർ വഹിച്ചതുൾപ്പെടെ എത്രയോ ഇടപെടലുകൾ. അതിക്രമങ്ങൾക്കിരയാകുന്ന സ്‌ത്രീകളെ നേരിൽ കാണുന്നതും പതിവായിരുന്നു. കമീഷൻ എപ്പോഴും സ്ഥലത്തെത്തി വിവരങ്ങൾ നേരിട്ട്‌ കണ്ടറിയണമെന്ന്‌ സഹപ്രവർത്തകർക്ക്‌ നിർദേശം നൽകി. നടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ താരസംഘടനയുടെ നിലപാടിനെ വിമർശിച്ച്‌ ആദ്യം രംഗത്തുവന്നതും ജോസഫൈനാണ്‌. താരസംഘടനയെ അമ്മ എന്നു വിളിക്കാനാകില്ലെന്നും എഎംഎംഎ എന്ന്‌ മതിയെന്നും അവർ പറഞ്ഞു. വിവാദ പരാമർശത്തിന്റെ പേരിൽ എട്ടുമാസം കാലാവധി ശേഷിക്കെ ജോസഫൈൻ സ്ഥാനം ഒഴിഞ്ഞപ്പോഴും ആ കേസിലെ ഇരയ്‌ക്കുവേണ്ടി പിന്നീടും ഇടപെട്ട കാര്യവും ഷിജി ശിവജി ഓർക്കുന്നു. അതായിരുന്നു ജോസഫൈന്റെ ശൈലിയും സമീപനവും. Read on deshabhimani.com

Related News