ധീരസ്മരണ ; വേദനയോടെ വെല്ലിങ്‌ടൺ

ഫോട്ടോ: പി വി സുജിത്‌


കൂനൂർ രാജ്യത്തിന് നിരവധി സൈനികരെ നൽകിയ കൂനൂരിലെ വെല്ലിങ്ടൺ വ്യാഴാഴ്‌ച വേദനയുടെ ദിനമായി. വിനോദസഞ്ചാര കേന്ദ്രംകൂടിയായ നാട്ടിൽ എങ്ങും കണ്ണീർക്കാഴ്ച. സൈന്യത്തോടൊപ്പം ജീവിക്കുന്ന ജനതയ്ക്ക് 13 സെെനികരുടെ വിയോഗം താങ്ങാവുന്നതിനും അപ്പുറം. കർശനവിലക്കിനിടയിലും ആ ധീരരുടെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ മലനാട്ടുകാർ തടിച്ചുകൂടി. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ മദ്രാസ് രജിമെന്റൽ സെന്ററും ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജുമെല്ലാം വെല്ലിങ്‌ടണിലാണ്. കേരളത്തിൽനിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണിൽനിന്നുള്ളവർ ഇവിടെയുണ്ട്. ജനറൽ ബിപിൻ റാവത്ത് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ പൂർവ വിദ്യാർഥികൂടിയാണ്. ആദരസൂചകമായി പ്രദേശത്തെ കടകളും മറ്റ് സ്ഥാപനങ്ങളും വ്യാഴാഴ്‌ച അടച്ചിട്ടു. വിലാപയാത്ര പോകുന്ന വഴിയിൽ റോഡിന് ഇരുവശത്തുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാത്തുനിന്നു. സൈന്യത്തിന്റെ അച്ചടക്കം ഇവരിലും ദൃശ്യമായി.   വിലാപയാത്രയ്‌ക്കിടെ 2 അപകടം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്‌ക്കിടെ രണ്ട് അപകടം. 10 പൊലീസുകാർക്ക് പരിക്കേറ്റു. വെല്ലിങ്‌ടണിൽനിന്ന് സുളൂർ വ്യോമതാവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ മേട്ടുപ്പാളയത്തായിരുന്നു രണ്ട്‌ അപകടവും. ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ലോകം ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അനുശോചിച്ചു. ഐക്യരാഷ്‌ട്ര സംഘടനയുടെ സമാധാന സേനയുടെ ചുമതലയേറ്റെടുത്ത് 2008-ലും 2009-ലും കോംഗോയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായും  ഗുട്ടെറസിന്റെ  വക്താവ് സ്റ്റെഫാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നോര്‍ത്ത് കിവു ബ്രിഗേഡിന്റെ ചുമതലയായിരുന്നു ബിപിന്‍ റാവത്തിന്. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോ​ഗത്തില്‍ അമേരിക്ക, ചൈന, ബ്രിട്ടന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചു. Read on deshabhimani.com

Related News