കൊറോണയ്‌ക്ക്‌ 3 വകഭേദങ്ങൾ



ലണ്ടൻ കോവിഡ്‌ –-19ന്റെ പരിണാമത്തിലേക്ക്‌ കൂടുതൽ വെളിച്ചം വീശുന്ന കണ്ടുപിടിത്തവുമായി ശാസ്‌ത്രജ്ഞർ. ചൈനയിലെ വുഹാനിൽ നിന്നുണ്ടായ കൊറോണ വൈറസിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയപ്പോഴേക്കും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ. വ്യത്യസ്ത ജനിതകസ്വഭാവങ്ങൾ കാണിക്കുന്ന മൂന്ന്‌ കൊറോണ വൈറസാണ്‌ ലോകത്തെ നിശ്ചലമാക്കിയത്‌. ജനിതകമാറ്റം കൊറോണയിൽ കോവിഡ്–--19ന്‌ മൂന്ന് വ്യത്യസ്ത “വകഭേദങ്ങൾ” ഉണ്ടെന്നും അവയ്ക്ക്‌ എ, ബി, സി എന്ന് നാമകരണം ചെയ്തതായും ഗവേഷകർ പറഞ്ഞു. ബ്രിട്ടനിലെ കേംബ്രിജ്‌ സർവകലാശാലയിൽ നിന്നുൾപ്പെടെയുള്ള ഗവേഷകരാണ്‌ പഠനത്തിനുപിന്നിൽ. വിവിധ രാജ്യങ്ങളിലെ രോഗികളിൽനിന്ന്‌ ശേഖരിച്ച വൈറസിന്റെ ജനിതക ഘടനയിൽ നടത്തിയ പഠനമാണ്‌ മൂന്ന്‌ വ്യത്യസ്ത വൈറസുകളെ കണ്ടെത്താൻ സഹായിച്ചത്‌. ഇവയുടെ ജനിതക സ്വഭാവങ്ങളിൽ വ്യത്യസ്തതയുണ്ടെങ്കിലും സാമ്യതകളും ഏറെയാണ്‌. പ്രവേശിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക്‌ അനുസൃതമായി വൈറസ്‌ സ്വയം ജനിതകമാറ്റങ്ങൾ വരുത്തുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ അതേ ശരീരത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമം തുടരും. ഡിഎൻഎ മാപ്പിങ്‌ സാങ്കേതികവിദ്യയിലൂടെയാണ്‌ കണ്ടെത്തൽ. വവ്വാലുകളിൽനിന്ന്‌ ഉത്ഭവിച്ച്‌ വുഹാനിൽ ആദ്യം തിരിച്ചറിഞ്ഞ ടൈപ്പ്‌ എ ആണ്‌ “ഒറിജിനൽ  കൊറോണ’. എന്നാൽ, അത്ഭുതകരമായ കാര്യം എന്തെന്നാൽ വുഹാൻ നഗരത്തെ നാലുമാസത്തോളം മുൾമുനയിൽ നിർത്തിയത്‌ ടൈപ്പ്‌ എ വൈറസ്‌ ആയിരുന്നില്ല, മറിച്ച്‌ ടൈപ്പ്‌ ബി വൈറസായിരുന്നു. കിഴക്കൻ ഏഷ്യയിലും പരിസരപ്രദേശങ്ങളിലും പടർന്ന ബി വൈറസ്‌ മറ്റിടങ്ങളിലേക്ക്‌ വ്യാപിച്ചിട്ടില്ല.   അതേസമയം, അമേരിക്കയിലും ഓസ്‌ട്രേലിയയിലും രോഗികളിൽ ടൈപ്പ്‌ എ ആണ്‌ കാണപ്പെടുന്നത്‌. യൂറോപ്പിനെ ബാധിച്ചതാകട്ടെ ടൈപ്പ്‌ സി വൈറസും. ഇറ്റലി, ഫ്രാൻസ്‌, സ്വീഡൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ ഇത്‌ ബാധിച്ചു.  ഫൈലോജെനെറ്റിക് നെറ്റ്‌വർക്ക് വിശകലനത്തിലൂടെ വൈറസിന്റെ സ്രോതസ്സ്‌ കണ്ടെത്തി രോഗവ്യാപനം തടയാമെന്നും ഗവേഷകർ പറയുന്നു. ടൈപ്പ്‌ എ വവ്വാലിലും ഈനാംപേച്ചിയിലും കണ്ടെത്തിയ വൈറസിനോട്‌ ഏറ്റവും കൂടുതൽ സാമ്യത പുലർത്തുന്നത്‌. രോഗപ്പടർച്ചയുടെ വേര്‌ എന്ന്‌ വിശേഷിപ്പിക്കാം. ടൈപ്പ്‌ ബി, സി എയിൽനിന്ന്‌ ജനിതകമാറ്റത്തിലൂടെ  ഉരുത്തിരിഞ്ഞ വ്യത്യസ്ത വൈറസുകൾ. എയിലുണ്ടായ രണ്ട്‌ ജനിതകമാറ്റമാണ്‌ ഇവയെ സൃഷ്‌ടിച്ചത്‌. സിയെ ബിയുടെ “മകൾ’ എന്നുവിശേഷിപ്പിക്കാം. Read on deshabhimani.com

Related News