സ്‌നേഹസ്‌പർശമായി സുപ്രിയയുടെ ഓട്ടം



അവനവന്റെ തിരക്കുകൾക്കിടയിൽ മറ്റുള്ളവരെ ശ്രദ്ധിക്കാനാവാതെ പരക്കം പായുന്നവരിൽനിന്ന്‌ വ്യത്യസ്‌തയാണ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന സുപ്രിയ എന്ന യുവതി. തിരുവല്ലയിലെ ഒരു വസ്‌ത്രശാലയിലെ സെയിൽസ്‌ ഗേളായ സുപ്രീയ വൈകിട്ട്‌ നഗരത്തിലെ തിരക്കുകൾക്കിടയിൽ നിരത്ത്‌ മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന അന്ധനായ വൃദ്ധനെ സഹായിക്കുന്നതാണ്‌ ഇന്ന്‌ നാട്‌ മുഴുവൻ അഭിനന്ദിക്കുന്ന പ്രവൃത്തിയായിരിക്കുന്നത്‌. സ്‌നേഹ സ്‌പർശമുള്ള ഈ ഓട്ടത്തിന്‌ ഏറെ വാഴ്‌ത്തുകളാണ്‌ എത്തുന്നത്‌. കെഎസ്‌ആർടിസി ബസിന്‌ പിന്നാലെയുള്ള സുപ്രിയയുടെ ഓട്ടം നാടു മുഴുവൻ ഹൃദയത്തിൽ ഏറ്റെടുത്തിരിക്കുകയാണ്‌. ജോലി കഴിഞ്ഞ് വൈകിട്ട്‌ വഴിവക്കിൽ ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് വാഹനങ്ങളുടെ കുത്തൊഴുക്കിനിടയിലേക്ക്‌ അന്ധനായ ഒരു വൃദ്ധൻ തപ്പിത്തടഞ്ഞെത്തുന്നത്‌. വൃദ്ധനെ സഹായിക്കാൻ ആരും വരുന്നില്ലെന്ന്‌ കണ്ട സുപ്രിയ മറ്റൊന്നും ചിന്തിക്കാതെ ആ മനുഷ്യനെ കൈപിടിച്ച് മറുവശത്ത്‌ എത്തിച്ചു.ഭർത്താവ്‌ എത്തിയാൽ വൃദ്ധനെ കെഎസ്‌ആർടിസി  ബസ്‌സ്‌റ്റാൻഡിൽ എത്തിക്കാമെന്ന്‌ പറഞ്ഞു നിൽക്കുമ്പോഴാണ്‌  ഒരു ബസ്‌ എത്തിയത്‌. അൽപ്പം മുന്നോട്ട്‌ പോയി നിർത്തിയ ബസിന്‌ പിന്നാലെ ഓടിയ സുപ്രിയ കണ്ടക്ടറോട്‌ ബസ്‌ വിടരുത്,‌‌  കാഴ്‌ചയില്ലാത്ത ഒരാൾകൂടിയുണ്ട്‌, അൽപ്പം കാത്തുനിൽക്കണേ  എന്ന്‌ അഭ്യർഥർഥിച്ച ശേഷം തിരിച്ചോടി.  പിന്നീട് അദ്ദേഹത്തെ പിടിച്ച് ബസിന്റെ അടുത്തെത്തിച്ചു. കാത്തുനിന്ന ജീവനക്കാർ കൈപിടിച്ച് അകത്തുകയറ്റിയ ശേഷം  സൂപ്രിയ തിരികെ നടന്നു. ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ടുനിന്ന ചെറുപ്പക്കാരാണ്‌ മാനുഷിക സ്‌പർശമുള്ള സംഭവം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌. തിരുവല്ല സ്വദേശിനിയാണ്‌ സുപ്രിയ. Read on deshabhimani.com

Related News