കണ്ണൂരൊരു കടലാണിപ്പോൾ



കണ്ണൂർ നഗരത്തിന്‌ തൊട്ടുതന്നെയാണ്‌ പയ്യാമ്പലം. ഇടയ്‌ക്ക്‌ ശാന്തമായും പിന്നെ അലകളായും ഉയർന്നുപൊങ്ങുന്ന കടൽത്തീരം. അതേ കടൽ, അതേ ആവേശക്കടലാണ്‌ നഗരത്തിലെങ്ങും. ചുവന്ന സ്വപ്‌നങ്ങൾ കാണുന്ന മനുഷ്യരുടെ നിരന്തരം ഒഴുകുന്ന ജനപഥങ്ങളുടെ കടൽ. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെല്ലാം കണ്ണൂരിനെ കൂടുതൽ അറിയാനും കാണാനും പകർത്താനുമുള്ള ആവേശത്തിൽ കണ്ണൂരിലെത്തുകയാണ്‌.  പാർടി കോൺഗ്രസ്‌ പ്രതിനിധി സമ്മേളനം നടക്കുന്ന ബർണശേരി ഇ കെ നായനാർ അക്കാദമിയിലെ വേദിയിൽമാത്രമാണ്‌ തിരക്ക്‌ കുറവ്‌. മറ്റെല്ലായിടത്തും ജനനിബിഡം. ഇ കെ നായനാർ അക്കാദമി പുറത്തുനിന്ന്‌ കാണാനും മൊബൈലിൽ ചിത്രമെടുക്കാനും ഒപ്പമുള്ളവർക്കൊപ്പം സെൽഫിയെടുക്കാനും തിരക്കേറെ. പാർടി കോൺഗ്രസിന്റെ ഭാഗമായി ‘ചരിത്രം ഒരു സമരായുധം’ എന്ന വിഷയത്തിൽ പ്രദർശനം നടക്കുന്ന കണ്ണൂർ കലക്ടറേറ്റ്‌ മൈതാനിയിലെ കെ വരദരാജൻ നഗറിലാണ്‌ ഏറ്റവും വലിയ ജനക്കൂട്ടം. ചരിത്രവിദ്യാർഥികളടക്കം അനേകംപേരാണ്‌ ഇവിടെ എത്തുന്നത്‌. ഇവിടെയും കാഴ്‌ചകൾ പകർത്താൻ തിരക്കോട്‌ തിരക്ക്. കുറഞ്ഞത്‌ രണ്ടുമണിക്കൂറെങ്കിലും വേണം ചരിത്ര–- ശിൽപ്പ–- ചിത്ര കാഴ്‌ചകൾ കണ്ടുതീർക്കാൻ. ഇതിനടുത്തുതന്നെയാണ്‌ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നടക്കുന്ന നിരുപം സെൻ നഗർ. നൂറുകണക്കിനാളുകളാണ്‌ ഇവിടെ പുസ്‌തകം കാണാനും വാങ്ങാനും എത്തുന്നത്‌.  കനപ്പെട്ട വിഷയങ്ങളിൽ സെമിനാർ നടക്കുന്ന സി എച്ച്‌ കണാരൻ നഗറിൽ (കണ്ണൂർ ടൗൺ സ്‌ക്വയർ) എല്ലാ വിഭാഗം ജനങ്ങളും കേൾവിക്കാരായി എത്തുന്നു. സെമിനാറിനുശേഷം നടക്കുന്ന കലാപരിപാടികൾ ആയിരങ്ങളാണ്‌ ആസ്വദിക്കുന്നത്‌. സംസ്ഥാന സർക്കാർ വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ്‌ മൈതാനിയിൽ ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശനവും എത്തിയവരെല്ലാം കാണുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമുള്ളവർ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ സമരകേന്ദ്രങ്ങളും രക്തസാക്ഷി സ്‌മൃതികുടീരങ്ങളും സന്ദർശിക്കാനും സമയം കണ്ടെത്തുന്നു.  പത്തിന്‌ പാർടി കോൺഗ്രസ്‌ റാലിയും വളന്റിയർ മാർച്ചും നടക്കുമ്പോൾ കണ്ണൂർ ജനലക്ഷങ്ങളാൽ തിളച്ചുമറിയും. ഹോട്ടലുകളും മറ്റും താമസത്തിന്‌ മാസങ്ങൾക്കുമുമ്പുതന്നെ ബുക്ക്‌ ചെയ്‌തിരുന്നു. ഇപ്പോൾ വരുന്നവർ, പാർടി പ്രവർത്തകരുടെ വീടുകളിലേക്ക്‌ ചേക്കേറുകയാണ്‌. Read on deshabhimani.com

Related News