ഇന്ധന വിലക്കയറ്റം കോർപറേറ്റ്‌ പ്രീണനത്തിന്‌



ഇ കെ നായനാർ നഗർ    റിലയൻസ്‌ അടക്കമുള്ള വൻകിട കുത്തകകൾക്കായി പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ്‌ അനിയന്ത്രിത ഇന്ധന വിലവർധനയ്‌ക്ക്‌ കാരണമെന്ന്‌ സിപിഐ എം പാർടി കോൺഗ്രസ്‌. പെട്രോളിയം വിൽപ്പനമേഖലയിലെ സ്വകാര്യകമ്പനികൾക്കായി ഓയിൽപൂൾ അക്കൗണ്ട്‌ സംവിധാനം ഇല്ലാതാക്കി. ഓയിൽപൂൾ അക്കൗണ്ടിലൂടെയുള്ള സബ്‌സിഡി സ്വകാര്യകമ്പനികൾക്ക്‌ കിട്ടുമായിരുന്നില്ല. ഇന്ധനവില വിപണി അധിഷ്‌ഠിതമാക്കി. ഇന്ധനവിതരണം കൂടുതൽ കാര്യക്ഷമമാകുമെന്നായിരുന്നു വാദം. എന്നാൽ, മോദിസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്രനികുതിയിൽക്കൂടി തിരിമറി തുടങ്ങിയതോടെ ജനങ്ങൾക്ക്‌ ഗുണം ലഭിക്കാതെയായി. അന്താരാഷ്ട്രവിപണിയിൽ വില കുത്തനെ കുറഞ്ഞ ഘട്ടത്തിലും അതിന്റെ പ്രയോജനമുണ്ടായില്ല. മോദി അധികാരമേറിയശേഷം പെട്രോൾ തീരുവ ലിറ്ററിന്‌ 9.48 രൂപയിൽനിന്ന്‌ 32.9 രൂപയായും ഡീസൽ തീരുവ 3.56 രൂപയിൽനിന്ന്‌ 31.81 രൂപയായും ഉയർത്തി. എണ്ണമേഖലയിൽനിന്നുള്ള കേന്ദ്രവരുമാനം 2014–-15ൽ 0.74 ലക്ഷം കോടിയായിരുന്നത്‌ 2021–-22ൽ 3.5 ലക്ഷം കോടിയായി ഉയർന്നു. കേന്ദ്രത്തിന്റെ ആകെ വരുമാനത്തിൽ പെട്രോളിയം നികുതിയുടെ വിഹിതം 5.4 ശതമാനമായിരുന്നത്‌ 12.2 ശതമാനത്തിലെത്തി. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പെട്രോൾവില 10.83 രൂപയും ഡീസൽവില 10.47 രൂപയും കൂട്ടി. തീരുവ കൂട്ടിയത്‌ ക്രൂഡ്‌ ഓയിൽവില കുറഞ്ഞ ഘട്ടത്തിലായതിനാൽ ആഭ്യന്തരവിലയെ ബാധിക്കില്ലെന്നായിരുന്നു വാദം. അങ്ങനെയെങ്കിൽ അന്താരാഷ്ട്രവിപണിയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വർധിപ്പിച്ച തീരുവ കുറയ്‌ക്കാൻ കേന്ദ്രം തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത്‌ വില ബോധപൂർവം കൂട്ടാതിരുന്നു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടൻ വില വർധിപ്പിക്കുകയാണ്‌. കോവിഡ്‌ സാഹചര്യത്തിലെ മാറ്റവും ഉക്രയ്‌ൻ പ്രതിസന്ധിയും കാരണം അന്താരാഷ്ട്രവിലയിലുണ്ടായ വലിയ വർധനയുടെ ഭാരം ജനങ്ങൾക്കുമേൽ കെട്ടിവയ്‌ക്കുന്നു.നികുതിയിൽ കുറവ്‌ വരുത്തി സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ഭാരം കുറയ്‌ക്കണമെന്നാണ്‌ കേന്ദ്രനിലപാട്‌.  എക്‌സൈസ്‌ തീരുവ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കണം. എക്‌സൈസ്‌ തീരുവ കൂട്ടാതെ  സെസും സർചാർജും വർധിപ്പിക്കുന്നു. നടുവൊടിക്കുന്ന വിലവർധനയ്‌ക്കെതിരെ ജനങ്ങൾ പ്രക്ഷോഭപാതയിലേക്ക്‌ നീങ്ങണം–- പ്രമേയം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News