അടൂർ ഗോപാലകൃഷ്‌ണൻ , മലയാളത്തിന്റെ 
മേൽവിലാസം



തിരുവനന്തപുരം ലോക സിനിമാ ഭൂപടത്തിൽ മലയാളത്തിന്റെ മേൽവിലാസമാണ്‌ അടൂർ ഗോപാലകൃഷ്‌ണൻ. മലയാള സിനിമയുടെ ‘കഥാപുരുഷൻ’. ദേശാഭിമാനി പുരസ്‌കാരം അടൂരിന്‌ ലഭിക്കുമ്പോൾ ആദരിക്കപ്പെടുന്നത്‌ ഇന്ത്യൻ സിനിമയാകെയാണ്‌. അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രം സ്വയംവരം പുറത്തിറങ്ങിയതിന്റെ അരനൂറ്റാണ്ട്‌ ആഘോഷിക്കുമ്പോഴാണ്‌ പുരസ്‌കാരമെന്നതും മാറ്റുകൂട്ടുന്നു. ആദ്യ കഥാചിത്രം 1972ൽ ആണെങ്കിലും 1962ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതുമുതൽതന്നെ ചലച്ചിത്രജീവിതം ആരംഭിച്ചു. ആറുപതിറ്റാണ്ട്‌ നീണ്ട ആ സിനിമാ തീർഥാടനത്തിൽ മലയാളത്തിന്‌ ലഭിച്ചത്‌ 12 സിനിമയും മുപ്പതോളം ഡോക്യുമെന്ററിയും. 2016ൽ പുറത്തിറങ്ങിയ ‘പിന്നേയും’ വരെ നീളുന്നു സിനിമ പട്ടിക.  മലയാളത്തിൽ നവതരംഗ സിനിമയുടെ ആരംഭംകൂടിയായിരുന്നു സ്വയംവരം. ആദ്യം മടിച്ചുനിന്ന മലയാളികൾ  സിനിമയെ നെഞ്ചേറ്റാൻ അധികനാളുകൾ വേണ്ടിവന്നില്ല. മികച്ച ചിത്രം,  സംവിധാനം, ഛായാഗ്രഹണം, നടി എന്നീ നാലു ദേശീയ പുരസ്‌കാരമാണ്‌  ചിത്രം മലയാളത്തിലേക്ക്‌ കൊണ്ടുവന്നത്‌.  1979ൽ പുറത്തിറങ്ങിയ കൊടിയേറ്റവും തിയറ്ററുകൾ കീഴടക്കി. മൂല്യവത്തായ അനുഭവം പ്രേക്ഷകരുമായി പങ്കിടാനാണ്‌ സിനിമ ചെയ്യുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. ചിത്രലേഖ ഫിലിംസൊസൈറ്റിയിലൂടെ കേരളത്തിൽ ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചതും അടൂരാണ്‌. 1965ൽ  21 സിനിമയുമായി ആദ്യ അന്താരാഷ്‌ട്ര ഫെസ്‌റ്റിവൽ അനുഭവം മലയാളിക്ക്‌ സമ്മാനിച്ചു.  വിവിധ മേഖലകളിലായി 17 ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ്‌ അടൂരിന്‌ ലഭിച്ചത്‌.   അതിൽ അഞ്ചുതവണയും മികച്ച സംവിധായകനുള്ളത്‌. കൊടിയേറ്റം, മുഖാമുഖം, അനന്തരം, വിധേയൻ, ഒരുപെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെയായിരുന്നു നേട്ടം. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാൽക്കേ അവാർഡും അടൂരിന്റെ കൈപിടിച്ച്‌ മലയാള മണ്ണിലെത്തി. ക്രാഫ്‌റ്റിലും നിർമാണത്തിലും മറ്റാർക്കും അനുകരിക്കാനാകാത്ത പുതിയ വഴിയിലൂടെ ചരിത്രമെഴുതി. Read on deshabhimani.com

Related News