പ്രാണന്റെ ഉടുപ്പണിയിച്ച്‌ സന്ദീപിന് യാത്രാമൊഴി

സന്ദീപിന് പിറന്നാൾ സമ്മാനമായി കരുതിവച്ച ഉടുപ്പ് മൃതദേഹത്തിൽ വച്ചശേഷം അന്ത്യചുംബനം നൽകുന്ന ഭാര്യ സുനിത 



ചങ്ങനാശേരി അത്രമേൽ സ്‌നേഹിച്ചൊരാത്മാവിന്റെ പിറന്നാൾ സമ്മാനമായിരുന്നു ആ മെറൂൺ ഷർട്ട്‌. മകൾക്കൊപ്പമുള്ള ആദ്യ ജന്മദിനാഘോഷത്തിലേക്ക്‌ അവർ നാലുപേരും നടന്നടുക്കുന്നതിന്‌ മണിക്കൂറുകൾമുമ്പാണ്‌ സുനിതയുടെ സ്വപ്‌നത്തിന്റെ പൂക്കൾ കൊലപാതകികൾ ഇറുത്തെടുത്തത്‌. ഒരു നാടിന്റെ സ്‌നേഹമാകെ പൂക്കളായി പൊതിഞ്ഞ സന്ദീപ്‌ കുമാറിന്റെ പ്രാണനറ്റ ദേഹത്തിൽ അവളത്‌ ചേർത്തുവച്ചു. കരളലിയിപ്പിക്കുന്ന വേദനയിൽ ചുറ്റിലും കൂടിയവർക്ക്‌ കണ്ണീരിൽ കാഴ്‌ച മങ്ങി.  പ്രസവാനന്തര ശുശ്രൂഷയ്‌ക്ക്‌  തൃക്കൊടിത്താനം കുന്നുംപുറത്ത് പ്ലാംപറമ്പിൽ  വീട്ടിലായിരുന്നു സുനിത. ജന്മദിനമായ ശനിയാഴ്‌ച പിറന്നാളിന്‌ എത്താമെന്ന്‌ സന്ദീപ്‌ പറഞ്ഞിരുന്നു. അന്ന്‌ നൽകാൻ കാത്തുവച്ചതായിരുന്നു ആ ഷർട്ട്‌. അത്‌ കാണാനാകാതെ  സന്ദീപ്‌ വിടപറഞ്ഞപ്പോൾ കൊഴിഞ്ഞുപോയത്‌ സുനിതയുടെ സ്വപ്‌നങ്ങളുമായിരുന്നു. വ്യാഴാഴ്‌ച രാത്രി സന്ദീപിന്‌ എന്തോ അപകടം പറ്റിയതായി സുനിത അറിഞ്ഞിരുന്നു. രാത്രിതന്നെ വീട്ടുകാർ മരണവിവരം അറിഞ്ഞെങ്കിലും മകളോട്‌ അത്‌ പറയാൻ അവർക്കായില്ല.  അച്ഛൻ പി കെ കുമാരസ്വാമിയും അമ്മ ജ്യോതിയും മരണവിവരം മകളിൽനിന്ന്‌ മറച്ചുവയ്‌ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സന്ദീപില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാനാകാതെ രണ്ട്‌ പിഞ്ചോമനകളെയും നെഞ്ചോട്‌ ചേർത്ത്‌ പുലരുവോളും ഒരേ കിടപ്പായിരുന്നു.  ‘ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ്‌  ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ’ ആശ്വസിപ്പിക്കാൻ എത്തിയവരെ സുനിത ഇടയ്‌ക്കിടെ ഓർമിപ്പിച്ചു. ചങ്ങനാശേരി എൻഎസ്‌എസ്‌ കോളേജിലാണ്‌ ഇരുവരും ഡിഗ്രി പഠിച്ചത്‌. എസ്‌എഫ്‌ഐ നേതാവായ സന്ദീപുമായുള്ള പരിചയമാണ്‌ വിവാഹത്തിൽ എത്തിയത്‌. ‘‘എല്ലാർക്കും ഇഷ്ടമായിരുന്നു. ചേട്ടന് ശത്രുക്കൾ ഇല്ലായിരുന്നു, പിന്നെ എന്തിനാണവർ അത് ചെയ്തത്’’ സുനിതയുടെ ചോദ്യങ്ങൾക്ക്‌ ആർക്കും ഉത്തരമില്ല. രാവിലെ തിരുവല്ല  താലൂക്ക്‌ ആശുപത്രിയിലെത്തി സന്ദീപിന്റെ മൃതദേഹം കണ്ടശേഷമാണ്‌ ചാത്തങ്കേരിയിലെ വീട്ടിലേക്ക് സുനിതയെ കൂട്ടിക്കൊണ്ടുവന്നത്‌.  പൊതുദർശനങ്ങൾക്കുശേഷം വൈകിട്ട്‌ ആറോടെയാണ്‌ സന്ദീപിന്റെ  മൃതദേഹം വീട്ടിലെത്തിച്ചത്‌. ബന്ധുക്കളുടെ അന്ത്യാഞ്ജലിക്കുശേഷം ആയിരങ്ങളെ സാക്ഷിനിർത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. Read on deshabhimani.com

Related News