മൈതാനമെന്തിന്‌ മകനേ വളരാൻ ; ഫുട്‌ബോളിനെ നെഞ്ചേറ്റിയ നാട്ടിൽ വേറിട്ട പരിശീലനം



വേങ്ങര മനസ്സിന്റെ ഗ്യാലറിയിൽ ഈ ഉമ്മയ്‌ക്ക്‌ കൈയടിക്കാം. കളിക്കാൻ കൂട്ടില്ലാതെ വിഷമിച്ച മകൻ മുഹമ്മദ്‌സഹദിന്‌‌ പന്തുതട്ടി നൽകുകയാണ്‌  മാതാവ്‌. വീടിന്റെ ടെറസും ചെറിയമുറ്റവുമാണ്‌ ഇവരുടെ കളിക്കളം. മകനൊപ്പം  ഉയർന്നുചാടി പന്ത്‌ ഹെഡ്‌ ചെയ്യുന്ന ഉമ്മ ഫുട്‌ബോളിനെ ഹൃദയമാക്കിയ മലപ്പുറത്തിന്റെ വേറിട്ട പ്രതീകം. കൂലിവേലക്കാരനായ അച്ചനമ്പലം പെരണ്ടക്കൽ ചുക്കൻ അബൂബക്കർ സിദ്ദീഖിന്റെ  ഭാര്യയാണ്‌ ഹാജറ. ജീവിതമൈതാനത്ത്‌ നൊമ്പരപ്പന്തുരുളുമ്പോഴും പ്രതീക്ഷയുടെ കിക്കുകൾക്ക് കാതോർത്തിരിക്കുകയാണ് ഈ കുടുംബം. ഉള്ളതെല്ലാം വിറ്റുപെറുക്കി മൂന്ന്‌ പെൺമക്കളെ വിവാഹംകഴിച്ചയച്ചു. ഇനി പ്രതീക്ഷ മകനിലാണ്. കോവിഡ്‌ കാലമായതിനാൽ പുറത്തുപോയി കളിക്കാൻ കഴിയില്ല. അങ്ങനെയാണ് വാടകവീടിന്റെ ടെറസിൽ ഹാജറ സഹദിന് പന്ത് തട്ടിക്കൊടുക്കാനിറങ്ങിയത്. ആരോ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരത്തിനുള്ളിൽ വൈറലായി. കൊണ്ടോട്ടി തുറക്കൽ ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ ടു വിദ്യാർഥിയാണ്‌ സഹദ്‌. അച്ചനമ്പലത്തെ ചെള്ളിവളപ്പിൽ തെങ്ങിൻ തോപ്പിൽ പന്തുതട്ടിക്കളിച്ചാണ്‌ തുടക്കം. അച്ചനമ്പലം ജിയുപി സ്കൂൾ ടീമിനും ചെള്ളിവളപ്പ് യങ്‌ സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിനും കളിച്ചു. സുബ്രതോ കപ്പിൽ ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂളിനായും കളത്തിലിറങ്ങി. രണ്ട്‌ വർഷംമുമ്പ് കൊച്ചിൻ ബ്ലാസ്റ്റേഴ്സ്  ചേറൂരിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ പങ്കെടുത്തതോടെയാണ് കാലുകൾക്ക് ചടുലതയേറിയത്. എറണാകുളം സ്‌കോർലൈൻ എ‌ഫ്‌സിയുടെ അണ്ടർ 15 ടീമിനും ബൂട്ടുകെട്ടി. 2018ൽ സ്കൂൾതല മത്സരത്തിൽ മലപ്പുറം ജില്ലാ ടീം റണ്ണർ അപ്പ് ആയപ്പോൾ മിഡ് ഫീൽഡറായി തിളങ്ങി. സ്‌കോർ ലൈൻ എഫ്സി കോച്ചുമാരായ മിലിറ്റന്റ്‌, അരുൺകുമാർ എന്നിവർ ഓൺലൈനിൽ പരിശീലന നിർദേശം നൽകുന്നു. പ്രൊഫഷണൽ ഫുട്ബോളർ ആകണമെന്നാണ് ആഗ്രഹിക്കുന്ന സഹദിനെ സഹായിക്കാൻ സ്പോൺസർ വരുമെന്ന പ്രതീക്ഷയിലാണ്‌ മാതാപിതാക്കൾ. Read on deshabhimani.com

Related News