ഉത്തരം പറയൂ; പാട്ട്‌ കേൾക്കൂ...



കൊച്ചി ബാങ്ക് ഓഫ്‌ ബറോഡയിൽ ലയിച്ച രണ്ടു ബാങ്കുകൾ ഏതെല്ലാം,  ഇന്ത്യയിൽ ആദ്യമായി പത്മശ്രീ പുരസ്‌കാരം ലഭിച്ച സിനിമാതാരം ആരാണ്, ജിഎസ്ടി ഇന്ത്യയിൽ നിലവിൽവന്നത് എന്നുമുതൽ...  ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞാൽ സമ്മാനം ഒരു നല്ല പാട്ട്‌‌. റേഡിയോ ശ്രോതാക്കളുടെ സംഘടന ഓൾ ഇന്ത്യ റേഡിയോ ലിസനേഴ്‌സ്‌ വെൽഫെയർ അസോസിയേഷനാണ്‌ വാട്‌സാപ്പിൽ പാട്ട്‌ സമ്മാനമായി നൽകുന്നത്‌‌. കോവിഡ്‌ കാലത്തെ മാനസികസമ്മർദം കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. ശ്രോതാക്കളുടെ ആഗ്രഹപ്രകാരം ജൂലൈ 27 മുതലാണ്‌ ശ്രവ്യമാധുര്യം വാട്‌സാപ്‌ ഗ്രൂപ്പിൽ പ്രശ്‌നോത്തരി ആരംഭിച്ചത്‌.‌ 15 വരെയാണ്‌ പരിപാടി. ഇരുനൂറിലധികം അംഗങ്ങളുള്ള ഗ്രൂപ്പിൽ എല്ലാ ദിവസവും രാത്രി 8.30ന്‌ അസോസിയേഷൻ പ്രസിഡന്റ്‌ മൂന്ന്‌ ചോദ്യം ചോദിക്കും. പൊതുവിജ്ഞാനം, കണക്കിലെ കളികൾ, സംഗീതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക്‌ രാത്രി 9.45നകം ഉത്തരം അയക്കണം. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ എല്ലാവർക്കുംകൂടി ഒരുമിച്ചാണ്‌ സമ്മാനം. 50 ശതമാനം ഉത്തരം ശരിയായാലും സമ്മാനം ഉറപ്പ്‌. ഏതെങ്കിലും ഹിറ്റ്‌ ഗാനത്തിന്റെ വീഡിയോയാണ്‌ സമ്മാനം. ലളിതഗാനം, കവിത തുടങ്ങിയവയും സമ്മാനമായി എത്തും. സമ്മാനാർഹരിൽനിന്ന്‌ നറുക്കിട്ട്‌ തെരഞ്ഞെടുക്കുന്നവരെ സംഘടനയുടെ അടുത്ത വാർഷികത്തിൽ പൊന്നാടയണിയിച്ചും ആദരിക്കും. ശ്രോതാക്കൾക്ക്‌ സ്വന്തം പാട്ടുകൾ അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്‌. മാനസികോല്ലാസം ലക്ഷ്യമിട്ടാണ്‌ പരിപാടി ആരംഭിച്ചതെന്ന്‌ ഓൾ  ഇന്ത്യ റേഡിയോ ലിസണേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ  കെ വേണുഗോപാലനും സെക്രട്ടറി എ എൻ ഷാജിയും പറയുന്നു. സംഘടനയിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണുള്ളത്‌. Read on deshabhimani.com

Related News