ഓർമയിൽ ആറ് പൊൻകിരീടങ്ങൾ

ക്യാപ്റ്റൻ മണി 1973ൽ കിരീടവുമായി


കൊച്ചി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ചരിത്രത്തിൽ കേരളം ജേതാക്കളായത്‌ ആറുതവണമാത്രം. അവസാനകിരീടം 2018ൽ കൊൽക്കത്തയിലാണ്‌. സതീവൻ ബാലന്റെ പരിശീലനത്തിൽ ചെറുപ്പക്കാരുടെ സംഘം. രാഹുൽ വി രാജായിരുന്നു ക്യാപ്‌റ്റൻ. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ഫൈനലിൽ  ബംഗാളിനെ കീഴടക്കി.  നിശ്‌ചിതസമയത്ത്‌ (2–-2). പെനൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിന്റെ ആദ്യരണ്ട്‌ ഷോട്ടുകൾ തടഞ്ഞ്‌ ഗോളി വി മിഥുൻ വീരനായകനായി. മിഥുൻ ഇക്കുറിയും ബാറിനുകീഴിലുണ്ട്‌. പഞ്ചാബിനെ ഗോൾഡൻ ഗോളിൽ തോൽപ്പിച്ചാണ്‌ 2004ൽ ന്യൂഡൽഹിയിൽ കിരീടം നേടിയത്‌. എം പീതാംബരൻ കോച്ചും സിൽവസ്‌റ്റർ ഇഗ്‌നേഷ്യസ്‌ ക്യാപ്‌റ്റനുമായിരുന്നു. മുംബൈയിൽ 2001ൽ കിരീടം നേടുമ്പോൾ വി ശിവകുമാറായിരുന്നു ക്യാപ്‌റ്റൻ. കോച്ച്‌ എം പീതാംബരൻ. ഫൈനലിൽ അബ്ദുൾ ഹക്കിമിന്റെ ഹാട്രിക്കിൽ ഗോവയെ (3–-2) തോൽപ്പിച്ചാണ്‌ കിരീടം സ്വന്തമാക്കിയത്‌. 1993ൽ എറണാകുളത്ത്‌ കിരീടം നേടിയ സന്തോഷ്‌ ട്രോഫി ടീം കേരളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നിരയായിരുന്നു. കുരികേശ്‌ മാത്യു ക്യാപ്‌റ്റനും ടി എ ജാഫർ കോച്ചും. യു ഷറഫലിയും  ഐ എം വിജയനും സി വി പാപ്പച്ചനും അടങ്ങിയ ടീം. ഫൈനലിൽ മഹാരാഷ്‌ട്രയെ കീഴടക്കിയാണ്‌ കിരീടനേട്ടം. കോയമ്പത്തൂരിൽ 1992ൽ കിരീടം നേടുമ്പോൾ വി പി സത്യനായിരുന്നു ക്യാപ്‌റ്റൻ. കോച്ച്‌ ടി എ ജാഫർ. ഫൈനലിൽ താരനിബിഡമായ ഗോവയെ കീഴടക്കി. ആദ്യകിരീടം 1973ൽ എറണാകുളം മഹാരാജാസ്‌ ഗ്രൗണ്ടിൽ റെയിൽവേസിനെ തോൽപ്പിച്ചായിരുന്നു.  ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് മുഖ്യകോച്ച്. ക്യാപ്‌റ്റൻ മണിയുടെ ഹാട്രിക്കിൽ റെയിൽവേസിനെ (3–-2) തോൽപ്പിച്ചു. Read on deshabhimani.com

Related News