ദൈവങ്ങളും പടിപ്പുരയ്ക്ക്‌ പുറത്ത്‌

അതിർത്തി പ്രദേശത്ത് പട്ടിക വിഭാഗത്തിൽപ്പെടുന്ന മാവിലർ കെട്ടുന്ന കരിഞ്ചാമുണ്ടി തെയ്യം. ആടിനെ കൊന്ന് രക്തം കുടിക്കുന്നതാണ് ദൃശ്യത്തിൽ. 
അപൂർവ സ്ഥലത്ത് മാത്രമേ ഇത്തരം ആചാരമുള്ളൂ ( ഫയൽ ചിത്രം) / സുരേന്ദ്രൻ മടിക്കൈ


ചാരമാകണം
 അനാചാരം || ഭാഗം 1 || ഭാഗം 2 പൊതുവിൽ മലബാറിൽ കാണുന്ന തെയ്യങ്ങളിൽനിന്ന്‌ വിഭിന്നമാണ്‌ അതിർത്തിയിലെ തുളുത്തെയ്യങ്ങൾ. വന്യമായ ആചാരവും തീക്ഷ്‌ണമായ വേഷവിധാനം കൊണ്ടും വ്യത്യസ്‌തമായവ. കോഴിയെ ജീവനോടെ കടിച്ചുപറിക്കുന്ന പഞ്ചുരുളി തെയ്യം കാസർകോട് താലൂക്കിലും പുത്തൂർ താലൂക്കിലുമുണ്ട്‌. ചില തറവാടുകളിൽ അപൂർവം കെട്ടിയാടുന്ന ചൈമർ തെയ്യം, വയലിലും തോടിലും ഓടിച്ചെന്ന്‌ തവളയെയും ഞണ്ടിനെയും പിടികൂടി പച്ചയ്‌ക്ക്‌ കഴിക്കുന്നവയാണ്‌.   ആദിദ്രാവിഡ വൃത്തങ്ങളുടെ ആചാരവും അനുഷ്‌ഠാനവും അതേപോലെ ആവാഹിക്കുന്നവർ. നൽക്കാദായർ(കോപ്പാളർ), മാവിലർ തുടങ്ങിയവരാണ്‌ ഇതുകെട്ടുക. ‘അതിപിന്നാക്ക ജാതി’ക്കാരായതിനാൽ, ഇവർ കളിയാട്ട സ്ഥലത്തുൾപ്പെടെ നേരിടുന്ന വിവേചനവും ‘ആചാര’മായി മാറി. തെയ്യം കെട്ടുന്നവരിൽത്തന്നെ ജാതീയമായ വിവേചനം ഇവർക്ക്‌ കൂടുതലാണെന്ന്‌ കാസർകോട്‌ ബിആർസി അധ്യാപകൻ സുധീഷ്‌ ചട്ടഞ്ചാൽ പറഞ്ഞു. നാൽക്കദായ വിഭാഗത്തിൽപെടുന്ന സുധീഷ്‌ ചില അനുഭവങ്ങൾ പങ്കിട്ടു. ‘തെയ്യമെന്ന ദൈവികതയെ സ്വീകരിക്കുകയും ആ ഉടലിനെ നിരാകരിക്കുകയും ചെയ്യുന്ന വൈരുധ്യം ധാരാളമാണ്‌. രണ്ടുവർഷംമുമ്പ്‌ അതിർത്തി ദേശത്ത്‌ ഉണ്ടായൊരു അനുഭവമുണ്ട്‌–- രാത്രി ചാമുണ്ഡി തെയ്യത്തിന്റെ പുറത്തട്ട്‌ ഒരുക്കാനുള്ള പണിയിലായിരുന്നു ഞങ്ങൾ മൂന്നുപേർ.  അണിയറ (തെയ്യക്കോലംകെട്ടുന്ന സ്ഥലം) തറവാട്ടിന്‌ മുന്നിലെ കവുങ്ങിൻ തോട്ടത്തിൽ അലക്കുകല്ലിന്‌ ചേർന്ന്‌ വൃത്തിഹീനമായിടത്തായിരുന്നു. മഴ പെയ്‌തതോടെ, ഞങ്ങൾ തെയ്യച്ചമയങ്ങളുമെടുത്ത്‌ തറവാട്ടു മുറ്റത്തേക്ക്‌ കയറിയതും തറവാട്ട്‌ സ്ഥാനികൻ ഞങ്ങളെ ശകാരിച്ചു. പുറത്തുപോകാൻ പറഞ്ഞു. അന്ന്‌ പ്രതികരിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇതേ തറവാട്ടിൽ, കോവിഡിൽ കളിയാട്ടം മുടങ്ങിയപ്പോൾ, സഹായധനം തരാൻ ക്ഷണിച്ചു. മൂന്നുപേർ അവിടെ ചെന്നു. പടിപ്പുരയിൽ കയറിയതിന്‌  അവർക്കും ശകാരം കിട്ടി. തെയ്യത്തിനിരിക്കാൻ തരുന്ന പീഠത്തിന്റെ കാര്യത്തിലുമുണ്ട്‌ വിവേചനം. ‘അത്രേം മതി’ എന്ന മട്ട്‌. തെയ്യമാടാൻ കിട്ടുന്ന സ്ഥലംപോലും കാര്യമായ മിനുക്കുപണി നടത്താത്തയിടമുണ്ട്‌. ചിലയിടത്ത്‌, തെയ്യത്തിന്റെ അഗ്നി പ്രവേശനത്തിന്‌ ഒരുക്കി തരുന്ന നിലം ചരൽ നിറഞ്ഞയിടമായിരിക്കും. കനൽ വാരിക്കൂട്ടുമ്പോൾ ചുട്ടുപഴുത്ത ചരൽക്കല്ലുകളും മേലേരി (കനൽക്കൂന) ക്കൊപ്പം കുന്നുകൂടും. കനലിനേക്കാൾ അപകടകാരിയാണ്‌ തീക്കല്ലുകൾ നിറഞ്ഞ ആ മേലേരി’– സുധീഷ്‌ പറയുന്നു. (വഴിനടക്കാനും നിർഭയമായി ജീവിക്കാനും അതിർത്തിയിൽ പുരോഗമന പ്രസ്ഥാനങ്ങൾ പോരാടിയ കഥയും നിരവധിയുണ്ട്‌. സമീപകാലത്ത്‌ നടന്ന അത്തരമൊരു പോരാട്ടത്തിന്റെ കഥ പറയാനുണ്ട്‌ അതിർത്തി ദേശത്തിന്‌.) അതേപ്പറ്റി നാളെ Read on deshabhimani.com

Related News