അതിരുകൾ മായ്ച്ച്‌ വിജയച്ചിരി



കൊച്ചി തമിഴ്‌നാട്ടിൽനിന്നും അങ്ങകലെ നേപ്പാളിൽനിന്നും എത്തിയ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക്‌ അഭിമാനമായി. തൃക്കണാർവട്ടം എസ്‌എൻഎച്ച്‌എസിലെ എൻ ചിത്രലേഖയും ഇരുമ്പനം വിഎച്ച്‌എസ്‌എസിലെ ശിവകുമാർ ശിവലിംഗവും നേടിയത്‌ എല്ലാ വിഷയത്തിനും എ പ്ലസ്. തമിഴ്‌നാട്‌ സ്വദേശികളാണ്‌ ഇരുവരും. നേപ്പാളിൽനിന്നുള്ള സീതാകുമാരി നേടിയതാകട്ടെ എട്ട്‌ എ പ്ലസ്‌. ചിത്രലേഖയുടെ അച്ഛൻ നാരായണകുമാർ ‌മേനകയിൽ തുണിവ്യാപാരിയാണ്‌‌. അമ്മ ദേവനായകിയും അനുജത്തിയും അടങ്ങുന്ന കുടുംബം അയ്യപ്പൻകാവിലാണ്‌ താമസിക്കുന്നത്‌. ബയോ മാത്‌സ്‌ എടുത്ത്‌ പ്ലസ്‌ടുവിന്‌ ചേരാനാണ്‌ ‌ചിത്രലേഖയുടെ ആഗ്രഹം. ശിവകുമാറിന്റെ അച്ഛൻ ശിവലിംഗം ഡ്രൈവറാണ്‌. അമ്മ വിജിയും അനുജനും അടങ്ങിയ കുടുംബം ഇരുമ്പനത്ത്‌ താമസിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്‌കൂളാണ്‌ തൃക്കണാർവട്ടം എസ്‌എൻഎച്ച്‌എസ്‌. നേപ്പാൾ സ്വദേശിയായ ദീപേന്ദ്രയുടെയും മീനയുടെയും മകളായ സീതാകുമാരി, കാക്കനാട്‌ എംഎഎച്ച്‌എസിൽനിന്നാണ്‌ ഉന്നതവിജയം കരസ്ഥമാക്കിയത്‌. മലയാളം അടക്കം എട്ട്‌ വിഷയങ്ങളിൽ എ പ്ലസുണ്ട്‌. സെക്യൂരിറ്റി ജീവനക്കാരനായ ദീപേന്ദ്രയ്‌ക്ക്‌ മലയാളം വഴങ്ങുന്നില്ല. വീട്ടിൽ നേപ്പാളിയാണ്‌ സംസാരഭാഷ. എന്നാൽ, മകൾ മലയാളത്തിൽ മിടുക്കിയാണ്‌. അമ്മ മീന കാക്കനാട്ടെ ഫ്ലാറ്റിലെ ക്ലീനിങ്‌ ജീവനക്കാരിയാണ്‌. അനുജൻ സുരേഷും കാക്കനാട്ടാണ്‌ ‌പഠിക്കുന്നത്‌. ഉത്തർപ്രദേശിലെ താരാങ്‌പുരിൽനിന്നെത്തി മൂന്നു ഭാഷാപേപ്പറിനും എ പ്ലസ്‌ വാങ്ങിയ അലീഷ നൗഷാദാണ്‌ മറ്റൊരു അഭിമാനതാരം. നെല്ലിക്കുഴി ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്‌ ഈ മിടുക്കി. മാതൃഭാഷയായ ഹിന്ദിക്കും മലയാളം ഒന്നാംപേപ്പറിനും രണ്ടാംപേപ്പറിനുമാണ്‌ അലീഷയുടെ എ പ്ലസ്‌. കെമിസ്‌ട്രി, ഐടി വിഷയങ്ങൾക്കും എ പ്ലസുണ്ട്‌. അച്ഛൻ നൗഷാദ്‌ പെയിന്റിങ്‌ തൊഴിലാളിയാണ്‌. അമ്മ ശബ്‌നവും മൂന്ന്‌ സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബം നെല്ലിക്കുഴി ചെറിയപടിയിൽ താമസിക്കുന്നു. Read on deshabhimani.com

Related News