വെന്റിലേറ്ററുകൾക്ക്‌ പകരം ശ്വസനയന്ത്രവുമായി ഫാബ്‌ ലാബ്‌



കൊച്ചി അടിയന്തര ഘട്ടങ്ങളിൽ വെന്റിലേറ്ററിനു പകരം ഉപയോഗിക്കാവുന്ന ശ്വസനയന്ത്രം ഒരുക്കി കളമശേരി ഫാബ്‌ ലാബ്‌. 10,000 രൂപയിൽ താഴെ മാത്രം നിർമാണച്ചെലവുള്ള ശ്വസനയന്ത്രങ്ങൾ (റെസ്‌പിറേറ്ററി അപ്പാരറ്റസ്‌) ആണ്‌ സംസ്ഥാന സർക്കാർ നിർദേശപ്രകാരം ‌കിൻഫ്ര പാർക്കിലെ ഫാബ്‌ ലാബ്‌ മേൽനോട്ടത്തിൽ നിർമിക്കുന്നത്‌. സാധാരണ വെന്റിലേറ്ററുകൾക്ക്‌ ലക്ഷങ്ങളാണ്‌ വില.  വെന്റിലേറ്ററുകൾ കിട്ടാനില്ലാത്തപ്പോൾ ഉപയോഗിക്കാവുന്നതാണ്‌ പുതിയ ശ്വസനയന്ത്രം. എത്ര അളവ്‌ ഓക്‌സിജൻ നൽകണം, ഒരു മിനിറ്റിൽ എത്രതവണ നൽകണം തുടങ്ങിയവ  ഇതിൽ സെറ്റ്‌ ചെയ്യാം. കോവിഡ്‌ ബാധിതർക്ക്‌ ശ്വാസതടസ്സം  കണ്ടുവരുന്നതിനാലാണ്‌ ശ്വസനയന്ത്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്‌. വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ രൂപകൽപ്പന ചെയ്‌ത യന്ത്രത്തിന്റെ പ്രാഥമിക പരിശോധന നടക്കുകയാണെന്ന്‌ കേരള സ്‌റ്റാർട്ടപ്പ്‌ മിഷൻ ഓപ്പറേഷണൽ ഡയറക്ടർ ടോം തോമസ്‌ പറഞ്ഞു. പത്തെണ്ണം പാലക്കാട്‌ കഞ്ചിക്കോട്‌ ഇൻഡസ്‌ട്രിയൽ ഫോറത്തിൽ നിർമാണത്തിലാണ്‌. ഇതിന്റെ പരീക്ഷണം വിജയമായാൽ പാലക്കാട്ട്‌ കൂടുതൽ  നിർമിക്കും. കോവിഡ്‌ രോഗികളെ പരിചരിക്കുന്നവർ ഉപയോഗിക്കുന്ന  എൻ–-95 മാസ്‌ക്‌ നിർമിക്കാനുള്ള സാമഗ്രികൾ ഇന്ത്യയിൽ കിട്ടാൻ ബുദ്ധിമുട്ടാണ്‌. ഏതൊക്ക സാമഗ്രികൾ പകരം ഉപയോഗിക്കാൻ സാധിക്കുമെന്ന പരീക്ഷണവും ഇവിടെ നടക്കുന്നു. സ്‌റ്റാർട്ടപ്‌ മിഷനു കീഴിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്‌ ഫാബ്‌ ലാബുകളുള്ളത്‌.  കളമശേരിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാബ്‌ ലാബും സാധാരണ ഫാബ്‌ ലാബും പ്രവർത്തിക്കുന്നു.  കേരളത്തിലെ 20 എൻജിനിയറിങ് കോളേജിൽ 20 മിനി ഫാബ്‌ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News