ഇതാ, കേരളപ്പിറവിയുടെ ദീപശിഖയേന്തിയ ദേവി



  കോഴിക്കോട്‌ കേരളപ്പിറവിയുടെ ദീപശിഖ 66 വർഷംമുമ്പ്‌ ഏറ്റുവാങ്ങിയ ഒന്നാം വർഷ പ്രീഡിഗ്രിക്കാരിക്ക്‌ ഇപ്പോൾ 82 വയസ്സ്‌. 1956 നവംബർ ഒന്നിന്‌ തിരുവനന്തപുരത്തുനിന്ന്‌ കൊളുത്തിയ കേരളപ്പിറവിയുടെ ദീപശിഖ കോഴിക്കോട്‌ മാനാഞ്ചിറയിൽ ഏറ്റുവാങ്ങി കേന്ദ്ര പ്രതിരോധമന്ത്രി വി കെ കൃഷ്‌ണമേനോന്‌ കൈമാറിയത്‌ പ്രൊവിഡൻസ്‌ കോളേജ്‌ വിദ്യാർഥിനി പി കെ ദേവിയായിരുന്നു. കോളേജിലെ പഴകിയ അഡ്‌മിഷൻ രജിസ്റ്ററിൽ റോൾനമ്പർ 343 ആയി ഇങ്ങനെയൊരു വിലാസമുണ്ട്‌: പി കെ ദേവി, ഡോട്ടർ ഓഫ്‌ ഇ കെ നായർ, പാറേക്കാട്ടുകുളം, കയിലാട്‌, ഷൊർണൂർ.   തലേന്ന്‌ നടന്ന ഓട്ടമത്സരത്തിലെ ജേത്രിയായി ദേവി ഓടിക്കയറിയത്‌ നവകേരളത്തിന്റെ ചരിത്രത്തിലേക്കായിരുന്നു.  ‘മാനാഞ്ചിറയിയിൽ കേരളം മുഴുവൻ ഉണ്ടായിരുന്നു. എങ്ങും അലങ്കാരവും ആരവവും മേളവും. അതിന്റെ പ്രാധാന്യം അന്ന്‌ മനസ്സിലായിരുന്നില്ല. തൂവെള്ള ദാവണി ചുറ്റി ഉത്സാഹത്തോടെയാണ്‌ എത്തിയത്‌. ദീപശിഖയുമായി ഓടാൻ സിസ്റ്ററാണ്‌ ആവശ്യപ്പെട്ടത്‌’’–- ദേവിയമ്മ പറയുന്നു.  കേരളം 1.11. 56 എന്ന റിബൺ അണിഞ്ഞു കരഘോഷത്തിനിടയിലൂടെ ദേവി ദീപശിഖ കൈമാറി. ജീവിതയാത്രക്കിടെ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈമോശം വന്നുപോയപ്പോഴും  റിബണും ചിതലരിക്കാത്ത ഓർമകളും ഇവർക്കൊപ്പമുണ്ട്‌. ‘‘ദീപശിഖ കൈമാറിയപ്പോൾ വേദിവിടാനൊരുങ്ങിയ എന്നെ കൃഷ്‌ണമേനോനും മറ്റും ചേർന്ന്‌ അവർക്ക്‌ നടുവിൽ ഇരുത്തി. ദീപശിഖ കൈമാറുന്ന ചിത്രവുമായാണ്‌ പത്രങ്ങളൊക്കെ പുറത്തിറങ്ങിയത്‌. പല മാഗസിനുകളുടെ കവർചിത്രമായും ഞാനുണ്ടായിരുന്നു’’–- ദേവി ഓർമിക്കുന്നു.   ‘‘കേരളം ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അതിന്റെ ദീപശിഖയേന്തിയ ആളെന്ന നിലയിൽ എനിക്ക്‌ അഭിമാനമുണ്ട്‌. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സ്‌ത്രീമുന്നേറ്റത്തിലും അവസരസമത്വത്തിലും ചിന്തയിലും എന്റെ കേരളം എന്റെ അഭിമാനമാണ്‌’’–- ദേവി പറയുന്നു. പ്രൊവിഡൻസിൽ സാമ്പത്തികശാസ്‌ത്രത്തിൽ ഒന്നാം റാങ്കോടെയായിരുന്നു വിജയം. ഇതിനിടെ സ്റ്റീൽ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ ജീവനക്കാരനായ പട്ടാമ്പിക്കാരൻ രാമചന്ദ്രമേനോനുമായുള്ള വിവാഹം. പിന്നീട്‌ ദീർഘകാലം  കൊൽക്കത്തയിൽ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന പ്രവാസജീവിതം.വള്ളിക്കാവിലാണിപ്പോൾ.  മകൾ പ്രീതി പാലക്കാട്ട്‌ സ്‌റ്റെപ്പ്‌ ഇന്റർനാഷണൽ എന്ന പേരിൽ കിന്റർ ഗാർട്ടൻ നടത്തുന്നു.   Read on deshabhimani.com

Related News