നക്ഷത്രങ്ങളേ സാക്ഷി



നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ദിശയാകെ മാറുകയാണ്‌. വരുംവർഷങ്ങളിൽ ഈ രംഗത്ത്‌ വമ്പൻ കുതിപ്പുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. നക്ഷത്രങ്ങളുടെ രൂപീകരണം, അന്തരീക്ഷം, സ്വഭാവം,  ഊർജപ്രവാഹം, നിലനിൽപ്പ്‌, എരിഞ്ഞടങ്ങൽ......തുടങ്ങി എണ്ണമറ്റ കാര്യങ്ങളിൽ പഠനങ്ങൾ തുടരുകയാണ്‌. നിഗൂഢമായ ആകാശഗോളങ്ങളിൽനിന്നും ഏറെക്കുറെ നന്നായി മനസ്സിലാക്കിയ വസ്തുക്കളായി ആധുനിക ജ്യോതിശാസ്ത്രം നക്ഷത്രങ്ങളെ മാറ്റിയെങ്കിലും മൗലികമായ പല ചോദ്യവും ഇന്നും പ്രഹേളികകളായി അവശേഷിക്കുന്നു. ഇവയുടെ ചുരുളഴിക്കാനുള്ള ശ്രമങ്ങൾ ശാസ്‌ത്രലോകം തുടരുന്നു. അത്യാധുനീക ബഹിരാകാശ ടെലിസ്‌കോപ്പുകളടക്കമുള്ളവയുടെ സഹായത്തോടെ ഗവേഷങ്ങൾ പുതിയ തലത്തിലേക്ക്‌ നീങ്ങികഴിഞ്ഞു.  നക്ഷത്രങ്ങളുടെ ‘മരണം’ വളരെ വലുതും ഭാരമേറിയതുമായ നക്ഷത്രങ്ങൾ അവയുടെ അവസാനഘട്ടത്തിൽ തമോഗർത്തങ്ങളും (black holes) സൂപ്പർനോവകളും (supernova) മറ്റുമായി പരിണമിക്കുന്നു.  സൂര്യൻ ഉൾപ്പെടെ ശരാശരി പിണ്ഡമുള്ള നക്ഷത്രങ്ങൾ  പരിണാമത്തിനൊടുവിൽ അണുസംയോജന പ്രക്രിയ അവസാനിച്ച്, ബാഹ്യപാളികൾ പ്ലാനറ്ററി നെബുല (ക്യാറ്റ്‌സ്‌ ഐ നെബുല) യായി മാറും. അതിസാന്ദ്രമായ കാമ്പ്  മാത്രം അവശേഷിക്കുന്ന  വെള്ളക്കുള്ളൻ  (വൈറ്റ് ഡ്വാർഫ്) എന്ന ഘട്ടത്തിലെത്തുന്നു. കോടാനുകോടി വർഷങ്ങളാണ്‌ ഈ പ്രക്രിയക്ക്‌ വേണ്ടിവരിക. നമ്മുടെ ആകാശഗംഗയിലെ  ഏതാണ്ട്‌ 97 ശതമാനം നക്ഷത്രങ്ങളുടെയും അന്ത്യം  ഈവിധത്തിലാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇത്തരത്തിലുള്ള  നക്ഷത്ര മരണത്തെപ്പറ്റി  സൈദ്ധാന്തികമായി പഠിച്ചവരിൽ പ്രധാനിയാണ് ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യൻ ചന്ദ്രശേഖർ. വെള്ളക്കുള്ളൻമാരുടെ ദ്രവ്യമാനം (പിണ്ഡം) സൂര്യന്റെ 1.4 മടങ്ങോ അതിൽ കുറവോ മാത്രമേ ആകാൻ കഴിയൂവെന്ന കണ്ടെത്തലിന് 1983 ൽ ചന്ദ്രശേഖറിന്  ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചു. ഇത് ‘ചന്ദ്രശേഖർ പരിധി' എന്നറിയപ്പെടുന്നു. പുനർജനി നക്ഷത്രങ്ങൾ എന്നാൽ, ചുരുക്കം ചില നക്ഷത്രങ്ങൾ ഈ ദശയിൽ എത്തിയതിനുശേഷം വീണ്ടും ജ്വലനം ആരംഭിക്കുന്നതായി കണ്ടെത്തിയത്‌ വലിയ വഴിത്തിരിവായി.  1919 മുതൽ തന്നെ ഇത്തരം കണ്ടെത്തലുകൾ ചർച്ചാ വിഷയമാായി തുടങ്ങിയിരുന്നു.  അപൂർവം ചില ‘മരിച്ച നക്ഷത്ര’ങ്ങളിൽ കണ്ട  വിചിത്രമായ  വ്യതിയാനങ്ങൾ അത്‌ഭുതമായിരുന്നു. എന്നാൽ, സൂക്ഷ്മമായ നിരീക്ഷണം സാധ്യമാക്കുന്ന ടെലിസ്കോപ്പുകളുടെയും ആധുനിക സംവിധാനങ്ങളുടെയും മറ്റും അഭാവം ആഴത്തിലുള്ള പഠനങ്ങളെ ബാധിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ഇതിനു മാറ്റമുണ്ടായത്‌.  ജാപ്പനീസ് അമച്ച്വർ വാനനിരീക്ഷകൻ യൂകിയോ സകുറായ് വലിയ തുടക്കമിട്ടു എന്നുപറയാം. 95-ൽ ക്ഷീരപഥത്തിന്റെ  കേന്ദ്രദിശയിലുള്ള  ധനു (Sagittarius) രാശിയിൽ അദ്ദേഹം  കണ്ടെത്തിയ ‘ആകാശവസ്‌തു’സകുറായ്സ് ഒബ്ജക്ട്‌ (Sakurai's Object, V4334 Sagittarii) എന്നറിയപ്പെടുന്നു. ‘പുനർജനി നക്ഷത്രം’  എന്ന പേരിൽ അറിയപ്പെടുന്ന ആദ്യ  വസ്‌തുവാണിത്‌. ഹീലിയം ഫ്ലാഷ് എന്ന സങ്കീർണത ‘മരിച്ച നക്ഷത്രങ്ങളി’ൽ പുനർജ്വലനം ആരംഭിക്കുന്നത് ഹീലിയം ഫ്ലാഷ്   എന്ന സങ്കീർണ പ്രതിഭാസത്തിലൂടെയാണ്. തന്മാത്ര/ധൂളി- സമ്പന്നമായ ബാഹ്യപാളികൾ (outer layers) പുറംതള്ളിയതിനുശേഷം ബാക്കിയാകുന്ന ‘മരിച്ച കേന്ദ്രപിണ്ഡ’ത്തിന്റെ (core mass) പുറംതട്ടിൽ അപൂർവമായി നിശ്ചിത അളവിൽ കൂടുതൽ ഹീലിയവും ഹൈഡ്രജനും  അവശേഷിച്ചേക്കാം. ഈ ഹൈഡ്രജൻ,  അണുസംയോജനം (nuclear fusion) വഴി ക്രമേണ ഹീലിയമായി മാറുകയും അതുവഴി മൊത്തം ഹീലിയത്തിന്റെ അളവ് അതിന്റെ തുടർസംയോജനത്തിനാവശ്യമായ നിലയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇത്തരം വെള്ള കുള്ളന്മാരുടെ  പുറംതട്ടിൽ മൂന്നു ഹീലിയം ആറ്റങ്ങൾ കൂടിച്ചേർന്ന് കാർബൺ രൂപപ്പെടുന്ന ആണവപ്രക്രിയ  വളരെ തീക്ഷ്‌ണവും സ്‌ഫോടനാത്മകവുമായിരിക്കും.  ഇതുവഴി  നക്ഷത്രം നാടകീയമായി പുനർജനിക്കുന്നു...! ഭൂരിപക്ഷം വൈറ്റ് ഡ്വാർഫ് നക്ഷത്രങ്ങളിലും ഇത്തരത്തിൽ ഹീലിയവും ഹൈഡ്രജനും അവശേഷിക്കാത്തതിനാൽ പുനർജനന പ്രക്രിയ അസാധ്യമാകുന്നു. ആകെയുള്ളവയിൽ നാലിലൊന്നു മാത്രമേ ഇത്തരത്തിൽ പുനർജനിക്കൂ.  കോടിക്കണക്കിന്‌ നക്ഷത്രങ്ങളിൽ വിരലിലെണ്ണാവുന്നവയിൽ  മാത്രമേ ഈ പ്രതിഭാസം  നിരീക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും വസ്‌തുതയാണ്‌. ജ്യോതിശാസ്ത്രപരമായി  നൂറോളം വർഷം മാത്രമേ ഇത്തരം പുനർജനന ഘട്ടങ്ങളുടെ ആയുസ്സുള്ളൂ. അതുകൊണ്ടുതന്നെ  ഇവയെ നിരീക്ഷിച്ചുകണ്ടെത്തുകയും പ്രയാസകരം. പുതിയ കണ്ടെത്തലുകൾ ഭൂമിയിൽനിന്ന്‌ 13,000 പ്രകാശവർഷങ്ങൾ അകലെയുള്ള വി 605 അക്വിലെ (V605 Aquilae) എന്ന വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ പുനർജനി  നിരീക്ഷിച്ച ഗവേഷകർ അടുത്തിടെ പുറത്തുവിട്ട വിവരങ്ങൾ അത്‌ഭുതാവഹമാണ്‌.   ലോകോത്തര ജ്യോതിശാസ്ത്ര ഗവേഷണ പ്രസാധകരായ അസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ  പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ  പുനർജനി നക്ഷത്രങ്ങളെപ്പറ്റിയുള്ള പുത്തൻ അറിവുകൾ  പങ്കുവയ്‌ക്കുന്നു ഇവർ. സ്വീഡനിലെ ചാൽമേർസ് സാങ്കേതിക സർവകലാശാലയുടെ ഓൺസാല സ്പേസ് ഒബ്സെർവേറ്ററി സീനിയർ റിസർച്ചറായ ഡോ. ഡാനിയേൽ തഫോയ, മെക്സിക്കോ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ഡോ. ഹെസൂസ് തൊവാല, ചാൽമേർസ് സർവകലാശാലയിലെ മലയാളി ഗവേഷകൻ രാംലാൽ ഉണ്ണികൃഷ്ണൻ  തുടങ്ങി പത്തോളം ജ്യോതിശാസ്ത്രജ്ഞരടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് ഈ ഗവേഷണത്തിനു പിന്നിൽ.  ചിലിയിലെ അറ്റക്കാമ അൽമ (ALMA) ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച് ഇവർ നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ ഒരു പുനർജനിച്ച നക്ഷത്രത്തിൽനിന്നും തന്മാത്രാപ്രസരണം  കണ്ടെത്തി.  ചരിത്രത്തിലാദ്യമാണിത്‌. പുനർജനി നക്ഷത്രങ്ങൾ ഓരോന്നും ഓരോ ഒറ്റനക്ഷത്രങ്ങളാകുന്നതിനു പകരം ഇരട്ടനക്ഷത്രങ്ങളാകാം എന്നതാണ് ഇവർ മുന്നോട്ടുവയ്‌ക്കുന്ന ആശയം. പുനർജനി നക്ഷത്രങ്ങളുടെ ചുറ്റുമുള്ള പദാർഥങ്ങളുടെ ഭൗതികഘടനയും രാസപ്രവർത്തനങ്ങളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ രൂപരേഖ തയ്യാറാക്കിവരികയാണ് സംഘം. --- (കൊല്ലം സ്വദേശിയായ രാംലാൽ ഉണ്ണികൃഷ്ണൻ സ്വീഡനിലെ ചാൽമേർസ് സാങ്കേതിക സർവകലാശാല  ഓൺസാല സ്പേസ് ഒബ്‌സർവേറ്ററിയിൽ  ജ്യോതിശാസ്ത്രഗവേഷകനാണ്‌)   Read on deshabhimani.com

Related News