പക്ഷിപ്പനിക്കെതിരെ ജാ​ഗ്രത



പക്ഷികളിൽ കാണുന്ന വൈറൽരോഗമായ പക്ഷിപ്പനി സംസ്ഥാനത്ത്‌ ചിലയിടങ്ങളിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തിരിക്കുകയാണ്‌. കോഴിക്കോട്‌ ജില്ലയിലെ ചില പ്രദേശങ്ങളിലാണ്‌ ഏവിയൻ ഇൻഫ്‌ളുവൻസ(എച്ച്‌ 5എൻ 1) ഇനത്തിൽ പെട്ട വൈറസ്‌ രോഗബാധ കണ്ടെത്തിയിരിക്കുന്നത്‌. സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. രോഗബാധ നിയന്ത്രണവിധേയമായെങ്കിലും  കർഷകരും ഈ രംഗത്ത്‌ തൊഴിൽ ചെയ്യുന്നവരുമടക്കം സമൂഹമാകെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. 127 വർഷംമുമ്പ് ആദ്യമായി ഇറ്റലിയിൽ പ്രത്യക്ഷപ്പെട്ട പക്ഷിപ്പനി 97 ൽ ഹോങ്കോ​ങ്ങിൽ മനുഷ്യനെയും ബാധിച്ചതോടെയാണ് ഒരു ജന്തുജന്യരോ​ഗമായി ശ്രദ്ധനേടിയത്. പക്ഷിപ്പനി വൈറസുകൾ ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിക്കുന്നതിനാൽ രോ​ഗലക്ഷണങ്ങൾക്കും വ്യത്യസ്തതയുണ്ടാകും.  അവ മനുഷ്യനിൽ രോ​ഗാവസ്ഥ സൃഷ്‌ടിച്ചാൽ  അതുകൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.   ദേശാടനപ്പക്ഷികൾ വഴിയാണ്‌ മറ്റിടങ്ങളിലേക്ക്‌ രോഗബാധ ഉണ്ടാകുന്നത്‌. അതുകൊണ്ടുതന്നെ ഇവ ധാരാളമായി എത്തുന്ന പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ഇവയുടെ വിസർജ്യംവഴിയും വായുവിലൂടെയുമാണ്‌ രോഗം പകരുന്നത്‌.ദേശാടനപ്പക്ഷികളെ കൂടാതെ വളർത്തുപക്ഷികളിൽ താറാവുകളെയും ടർക്കികളെയുമാണ് പക്ഷിപ്പനി കൂടുതൽ ബാധിക്കുക, ഏവിയൻ ഇൻഫ്‌ളുവൻസ പന്നിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ ജനിതകമാറ്റംവഴി മാരക പ്രഹരശേഷിയുള്ള വൈറസ്‌ രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത്‌ ഏറെ അപകടകരമാണ്‌.  അപൂർവമായി കാക്കകൾക്കും രോ​ഗം പകരാം. 2012 ൽ നേപ്പാളിൽ ഇതുണ്ടായി.  പൂച്ചകൾക്കും ഒരിനം പക്ഷിപ്പനി പിടിപെട്ടതായി 2004 ൽ തായ്‌ലൻഡിൽനിന്ന്‌ റിപ്പോർട്ട്‌ ഉണ്ടായിരുന്നു. രോ​ഗംബാധിച്ച പക്ഷികളുടെ കാഷ്ടം, സ്രവങ്ങൾ തുടങ്ങിയ വിസർജ്യങ്ങളിലൂടെ രോ​ഗാണുക്കൾ പുറത്തുവരുന്നു. അവയുമായുള്ള സമ്പർക്കം (ശ്വസനമുൾപ്പെടെ) രോ​ഗത്തിന്‌ കാരണമാകുന്നു. ദേശാടനപ്പക്ഷികളും ജലപ്പക്ഷികളുമൊക്കെ രോ​ഗവാഹകരാണ്.   60 ഡി​ഗ്രി സെന്റി​ഗ്രേഡിൽ 30 മിനിറ്റുകൊണ്ടും 70 ഡി​ഗ്രി സെന്റി​​​ഗ്രേഡിൽ 15 മിനിറ്റുകൾക്കകവും വൈറസ് നശിക്കുമെന്നതിനാൽ നല്ലവണ്ണം പാചകംചെയ്ത കോഴിയിറച്ചിയിലൂടെയും മുട്ടയിലൂടെയും രോ​ഗം പകരില്ല. പകുതി വേവിച്ച മുട്ട, ബുൾസൈ ഇവ ഒഴിവാക്കണം.പക്ഷിപ്പനി പിടിപെട്ട പ്രദേശത്തിനു ഒരു കിലോമീറ്റർ ചുറ്റുമുള്ള വളർത്തുപക്ഷികളെ മുഴുവൻ കൊന്നൊടുക്കാനാണ് ലോകാരോ​ഗ്യസംഘടനയുടെ നിർദേശം . കൊന്ന്‌ കത്തിച്ച് രണ്ടു മീറ്ററെങ്കിലും ആഴമുള്ള കുഴിയിലിട്ടു മൂടുക. മുകളിൽ കുമ്മായവും ബ്ലീച്ചിങ്‌ പൗഡറും വിതറണം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പകരാനുള്ള സാധ്യത വിരളമാണ്. ആശങ്കപ്പെടാതിരിക്കുകയും ഏറെ ജാ​ഗ്രത പുലർത്തുകയുമാണ് കടമ. കോഴികളും മറ്റു പക്ഷികളും വലിയതോതിൽ ചത്തൊടുങ്ങുന്നതും രോ​ഗലക്ഷണങ്ങൾ കാണിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃ​ഗാശുപത്രിയിൽ വിവരമറിയിക്കണം. കോഴികളെയും മറ്റു വളർത്തു പക്ഷികളെയും കൈകാര്യം ചെയ്യുന്നവർ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം ‌.പക്ഷികളുമായി അടുത്തിടപഴകുന്നവർക്ക് കടുത്ത പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ വിദ​ഗ്ധ വൈ​ദ്യസഹായം തേടണം. കോഴിഫാമുകളിലോ അറവുശാലകളിലോ പണിയെടുക്കുന്നവർ കൂടുതൽ ജാ​ഗ്രത പുലർത്തണം. (മൃഗസംരക്ഷണവകുപ്പ്‌ റിട്ട. ജോയിന്റ് ഡയറക്ടറാണ് ലേഖകൻ) Read on deshabhimani.com

Related News